രചന : ഗഫൂർ കൊടിഞ്ഞി✍

പിഴുതെറിഞ്ഞ മരങ്ങൾ
മണ്ണിൻ്റെ പശിമയിൽ
ഉയർത്തെഴുന്നേൽക്കുമെന്നത്
ചരിത്രത്തിൻ്റെ നിയതി.

ഉർവ്വരമായ ഭൂമിയുടെ നിംനോന്നതങ്ങളിൽ
പുനർജനി തേടുന്ന വേരുകൾ
പൊട്ടിക്കിളിർത്ത് തളിരണിയുമെന്നത്
കാലത്തിൻ്റെ നിയോഗം.

പടുമുളയെന്ന് പുലഭ്യം പറഞ്ഞ്
പുൽക്കൊടിത്തുമ്പുകൾ
ചവിട്ടിയരക്കുമ്പോൾ ഓർക്കുക.
അവ പുതിയ പൂങ്കാവനം തീർത്ത്
പച്ചപ്പുകളുടെ പരവതാനികൾ വിരിച്ച്
ഒരു നാൾ നിങ്ങളുടെ മനം കുളുർപ്പിക്കും
നിങ്ങൾക്കായി തണൽ വിരിക്കും.

ആ മന്ദമാരുതൻ നുകർന്ന്
നിങ്ങൾ കോൾമയിർ കൊള്ളും
എന്നാലന്ന്‌ ,
നിങ്ങൾ വെച്ചുപിടിപ്പിച്ച മുൾമരങ്ങൾ
നിങ്ങൾക്കെതിരെ സാക്ഷി പറയും
ചോരമണക്കുന്ന കൊമ്പുകൾ
നിഷ്കരുണം വെട്ടിമാറ്റപ്പെടും
നിങ്ങൾ തീർത്ത ചുടലപ്പറമ്പുകൾ
നിങ്ങൾക്ക് തന്നെ വിനയാകും.

പിഴുതെറിഞ്ഞ മരങ്ങൾ
മണ്ണിൻ്റെ ഉർവ്വരതയിൽ നിന്ന്
ഉയർത്തെഴുന്നേൽക്കുമെന്നതിന്
കാലം സാക്ഷിയാണ്…

ഗഫൂർ കൊടിഞ്ഞി

By ivayana