രചന : കൃഷ്ണമോഹൻ കെ പി ✍

ചക്കിതാ കറങ്ങുന്നു സാമാന്യ ബോധങ്ങൾ തൻ
ചാഞ്ചല്യമില്ലാതുള്ള താളത്തിലനുസ്യൂതം
ചക്കളത്തിപ്പോരില്ലതൊട്ടുമേ കേൾക്കുന്നില്ല
ചാരുതയോലും ഭാവതാളത്തിൽക്കറങ്ങുന്നൂ….
ചന്ദനസദൃശമാം, ശീതള പദങ്ങളെ
ചിന്തിതനെഴുത്തച്ഛൻ കേട്ടൂ,രാമാനുജൻ, മുഖ്യൻ
ചാരുവാം, ലയതാളസംഗീതത്തെയുൾക്കൊണ്ടിട്ടാ
ചാലകശക്തി തന്നെ പ്രണമിച്ചൂ മഹോന്നതൻ
ചന്ദ്രബിംബത്തെത്തൻ്റെയുൾക്കാമ്പിൽക്കണ്ടിട്ടതാ
ചിന്താനിർഭരങ്ങളാം, വാക്കുകൾ കുറിച്ചിട്ടൂ
ചൊരിയും ശാപത്തിൻ്റെ വചനങ്ങൾ വീണ്ടും വീണ്ടും
ചതുരംഗമാടുന്നൊരീ ഭുവനത്തിൽ മുനീന്ദ്രന്മാർ
ചെറുതല്ല പ്രണയമതെങ്കിലും ദിനംതോറും
ചതിയിൽപ്പെടുത്തുന്ന മൂഢവർഗ്ഗങ്ങൾ നേർക്ക്…
ചിന്തിതസൗഭാഗ്യമേ, നിൻ വിരൽമുന കൊണ്ടീ
ചന്തങ്ങളിയലാത്ത, കാട്ടാള ജന്മങ്ങൾക്കായ്
ചൊല്ലുക “മാനിഷാദ” യെന്നുള്ള നാലക്ഷരം
ചെല്ലട്ടെയവർകൾതൻ
കർണ്ണത്തിൽമന്ത്രാക്ഷരികളായി
ചേലുള്ള ഭൂവിൽ വെറും, കാമകിങ്കരന്മാരായി
ചാലേയങ്ങിരിക്കുന്ന ദുഷ്ടാത്മാക്കളെ വെല്ലാൻ
ചാരുതേ, പ്രകൃതിയാം മാതാവേ വന്ദിയ്ക്കുന്നൂ
ചാലകേ,, ദുഷ്കർമ്മികൾ ഗഹ്വരം പൂകീടട്ടേ….🎪

കൃഷ്ണമോഹൻ കെ പി

By ivayana