രചന : ദീപക് രാമൻ ✍

നരബലിയേകാൻ നാരിയെത്തേടുന്നു
ആത്മീയ ആചാര്യ വേഷം ധരിച്ചവർ…
രാകി മിനുക്കിയ കത്തിയുമേന്തി
രാവിന്റെ മറവിൽ പതിയിരിക്കുന്നു…
ഇരതേടി,ആൾദൈവം രാവിൻ്റെ-
മറവിൽ പതിയിരിക്കുന്നൂ…
അവരുടെ കെണിയിൽ വഴിതെറ്റിവീണാൽ
ശത്രുക്കൾ ക്ഷുദ്രം നടത്തിയെന്നോതും
ഉറ്റവർക്കാപത്ത് വരുമെന്ന് പറയും
ഇരയുടെ ഹൃദയത്തിൽ ഭയവിത്തുപാകും
പരിഹാര കർമ്മങ്ങൾ ഉണ്ടെന്ന് ചൊല്ലും…
മന്ത്രം ജപിച്ച് മയക്കിക്കിടത്തും
തന്ത്രത്തിൽ കണ്ണുകൾ കെട്ടി അടയ്ക്കും
രാകിമിനുക്കിയ കത്തിയുമായവർ
ചുറ്റിനും ആഹ്ളാദ നൃത്തം ചവിട്ടും
മാറ് പിളർന്നവർ ചോര കുടിക്കും
ഹൃദയവും കരളും പകുത്ത് കഴിക്കും…
ഒരുവേള, ഒരുനാൾ പിടിക്കപ്പെടുമ്പോൾ
അധികാര വർഗ്ഗത്തെ കൂട്ട് പിടിക്കും…
നീതി ന്യായങ്ങളെ വിലയിട്ട് വാങ്ങും…
ഇരകളെ വീണ്ടും ചതിയിൽപ്പെടുത്തുവാൻ
അഴികൾക്ക് പിന്നിൽ തന്ത്രം മെനയും…
കയ്യിൽ ഒളിപ്പിച്ച കത്തിയുമായവർ ,
ആത്മീയ വേഷം വീണ്ടും ധരിക്കും..


ദീപക് രാമൻ.

By ivayana