രചന : രമണി ചന്ദ്രശേഖരൻ ✍

ഞാനൊന്നു ചോദിപ്പൂ, മാധവാ നിന്നുടെ
രാധയിന്നെവിടെ പോയ്മറഞ്ഞു
വൃന്ദാവനത്തിലും അമ്പാടി തന്നിലും
പതിവുപോൽ തൊഴിയെ കണ്ടതില്ലാ.

കാളിന്ദി തീരത്തുമേറെത്തിരഞ്ഞു ഞാൻ,
പൂവള്ളിക്കുടിലിലും കണ്ടതില്ലാ
വിഷാദവീചികളെങ്ങും മുഴങ്ങുന്നു
മത്സഖീ നീയെങ്ങൊളിച്ചു നിൽപ്പൂ

വീഥികളേറെയും നിശ്ചലമാകുന്നു,
വിമൂകം വിതുമ്പുന്നീ ഗോപികമാർ
ചുണ്ടിലൊരീണം പാടാതെ പക്ഷികൾ
ചേക്കേറുവുനായ് ചില്ലകൾ തേടുന്നു.

പൂമണം തൂകുമാ തെന്നലുമിന്നില്ല
ഓടക്കുഴൽവിളി നാദവുമില്ല
കുടമണി ചാർത്തിക്കിലുക്കുമാ പൈക്കൾ
മമസഖി നിന്നെ വിളിക്കുന്നുവോ.

ഈ വഴിത്താരയിലോടിക്കളിക്കും
ബാലകൻമാരെയും കാൺമതില്ല
അമ്മതൻ ചേലയിൽ മുഖമൊളിപ്പിച്ച്
വാതിൽപ്പടിയിൽ കാത്തിരിക്കുന്നുവോ

അന്തിവിളക്കു കൊടുത്തിയില്ലാരും
രാധയെന്നാർത്തു വിളിക്കുന്നു ചുറ്റിലും
ആലിലച്ചാർത്തുമനങ്ങുന്നതിലല്ലല്ലോ
നിന്നെ തിരയുവാൻ കാറ്റെങ്ങു പോയോ

കാർവർണ്ണൻ തന്നുടെ ഓടക്കുഴൽ വിളി
നാദം നീ ഒരു മാത്ര കേൾപ്പതില്ലേ
കനവിലും നിനവിലും കൂട്ടായി കണ്ണൻ്റെ
ആത്മാവിൽ നീ ചേർന്നലിഞ്ഞതല്ലേ.

രമണി ചന്ദ്രശേഖരൻ

By ivayana