രചന : സെഹ്റാൻ✍

ഒരു കൊലപാതകത്തെപ്പറ്റി പറയാം;
അവളൊരു മനോരോഗ
ചികിത്സകയാണ്.
അതിസൂക്ഷ്മമായവൾ
രോഗികളിൽ നിന്നും
വിവരങ്ങൾ ചോർത്തിയെടുക്കുന്നു.
ശേഷം, സ്വന്തം നിഗമനങ്ങളുടെ
കാടുകയറുന്നു.
അവളുടെ പേര് എന്റെ
ഓർമ്മയിൽ നിൽക്കുന്നില്ല.
അവളുടെ മുറിയുടെ
മച്ചുനിറയെ ഗൗളികളാണ്.
രോഗവിവരണങ്ങളുടെ മീതെ
പലപ്പോഴുമവയുടെ
ചിലപ്പുകളുയരും
വിവരണങ്ങളുടെ
പിരിമുറുക്കങ്ങൾക്കിടയിലവ
മച്ചിൽനിന്നും നിലതെറ്റി
മേശപ്പുറത്ത് ‘പഠോ’ എന്ന് വീഴും!
കണ്ണുകളിറുക്കിയടച്ച്
മനോരോഗചികിത്സകയുടെ
ശിരസ്സിൽ ശബ്ദത്തോടെയൊരു
ഗൗളി പതിക്കുന്നതും, അവർക്ക്
ബുദ്ധപ്രാപ്തി കൈവരുന്നതും
വെറുതെയന്നേരം
സങ്കൽപ്പിച്ചു നോക്കും.
ഇതേസമയം മനോരോഗചികിത്സക
തന്റെ കൺസൽട്ടേഷൻ
മിക്കവാറും അവസാനിപ്പിക്കും.
ഒരു കറുത്ത കുതിരപ്പുറത്തേറി
ദൂരേക്കോടിച്ചുപോകും.
കൊലപാതകത്തെപ്പറ്റി പറയാം;
അവളുടെ കഴുത്തറുക്കുകയായിരുന്നു.
അവളതൊരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
ചെറിയ കഴുത്താണവൾക്ക്.
ചെറിയ കുട്ടികളാണവൾക്ക്.
ഉച്ചത്തിലവർ നിലവിളിച്ചു.
(മനോരോഗചികിത്സാ വിദഗ്ധ
എന്നെഴുതി വെച്ച അവളുടെ
നെയിംബോർഡിൽ ചിതറിയ
രക്തത്തുള്ളികൾ!)
ആരെങ്കിലും പോലീസിലറിയിച്ചാൽ
അവർ വരുമായിരിക്കും.
രാത്രിയിൽ, ഉറക്കച്ചടവോടെ,
പരസ്പരം ഈർഷ്യയോടെ
പിറുപിറുത്ത്…
അവരുടെ തോക്കിൻകുഴലുകളിൽ
രാത്രിവിടരുന്ന വെൺമയാർന്ന
ലില്ലിപ്പൂക്കളുണ്ടായിരിക്കും.
വാടകവീടിന്റെ മട്ടുപ്പാവിൽ
പതിവായി വന്നിരിക്കുന്ന
വെള്ളപ്രാവുകളെ അതോർമ്മിപ്പിക്കും.
പ്രാവുകൾ ഗൗളികളെ
ഭക്ഷിക്കാറുണ്ടോ?
ധാന്യമണികൾ പോലെ…
കൊലപാതകത്തെപ്പറ്റി പറയാം;
പന്ത്രണ്ടാം നമ്പർ തെരുവിലെ
അറവുകാരനാണ്
കൊലപാതകത്തിന്റെ രീതി
നിർദ്ദേശിച്ചത്.
മുന്നിലിട്ട ആടിന്റെ മാംസത്തിലയാൾ
തുരുതുരാ വെട്ടിക്കൊണ്ടിരുന്നു.
കടയുടെ മച്ചിൽ തങ്ങിനിന്ന
ഒരു രക്തത്തുള്ളി ബൾബിന്റെ
മഞ്ഞവെട്ടത്തിൽ തിളങ്ങി.
അതയാളുടെ നെറുകയിലേക്ക്
ഇറ്റുവീഴാൻ വെമ്പി.
ഇരുളിൽ
പോലീസുവാഹനത്തിന്റെ
ശബ്ദം!
(ആരാണവരെ വിവരമറിയിച്ചത്?)
കൊലപാതകത്തിന് മൂന്ന്
ന്യായീകരണങ്ങൾ കണ്ടെത്തണം.
(എന്തുകൊണ്ട് മൂന്ന്?)
അവർക്കിഷ്ടമുള്ളത് അവർ
തെരെഞ്ഞെടുക്കട്ടെ.
ജീവിതം തെരഞ്ഞെടുപ്പുകളുടേതാണ്.
പലപ്പോഴും മരണവും.
ഇനി ബോധോദയപ്രാപ്തിയെ
കുറിച്ച് പറയാം;
പന്ത്രണ്ടാം നമ്പർ തെരുവിലെ
അറവുശാല.
അറവുകാരന്റെ നെറ്റിയിൽ
പതിക്കുന്ന രക്തത്തുള്ളി.
കൂമ്പിയടയുന്ന കണ്ണുകൾ.
ബോധോദയം!!
(നിർവാണനിർവൃതി…??)
കാതോർത്താൽ
അയാളുടെ മോഷണം പോയ
ആയുധത്തിന്റെ വായ്ത്തലപ്പിൽ
പറ്റിപ്പിടിച്ചിരിക്കുന്ന നേർത്ത
ഗൗളിച്ചിലപ്പുകൾ ഒരു
കൊലപാതകത്തെ വിവരിക്കുന്നത്
കേൾക്കാം…

സെഹ്റാൻ

By ivayana