രചന : സഫി അലി താഹ✍

വർഷങ്ങൾക്ക് മുൻപ് എന്നെ കല്യാണം കഴിപ്പിക്കുമ്പോൾ എന്റെ ഉപ്പയുടെ സ്വത്തിന്റെ നല്ലൊരംശം എനിക്ക് നൽകിയിരുന്നു. അത് കഴിഞ്ഞ് അനിയത്തിക്കും കൊടുത്തു.(ഇതൊന്നും ചെക്കൻ വീട്ടുകാർ ആവശ്യപ്പെട്ടിട്ടല്ല, ആവശ്യപ്പെടുന്നവർക്ക് പെണ്മക്കളെ കൊടുക്കില്ല എന്ന് ഉപ്പ പറയാറുണ്ടായിരുന്നു )


ഇനിയും ഞങ്ങൾക്ക് തരോ, അതോ മോനേ കൊടുക്കുകയുള്ളോ എന്ന് ഞങ്ങൾ ഉപ്പയോട്‌ വെറുതെ ചോദിക്കാറുണ്ട്.”എന്റെ മൂന്നുമക്കളും എനിക്ക് ഒരുപോലെയാണ്, അതേ ചെയ്യുള്ളു” എന്ന് പറയുന്ന വാപ്പച്ചിയാണ് എനിക്കുള്ളത്. എന്നിരുന്നാലും ഇനിയുള്ളത് ഞങ്ങളുടെ സഹോദരന് കൊടുക്കാൻ തന്നെയാണ് ഞങ്ങൾക്ക് ഏറെ ഇഷ്ടം.(ഞങ്ങൾക്ക് ഒരുപാടുണ്ട് എന്നതല്ല ഇതിന് സാരം )അവൻ പറയുന്നത് ഇനിയുള്ളത് നിങ്ങൾക്കുള്ളതാണ്, എനിക്കുള്ളത് ഞാൻ കണ്ടെത്തിക്കോളാം എന്നാണ്.
എന്റുമ്മിയുടെ പേരിലുള്ളത് മക്കൾക്ക് കൊടുക്കില്ല ചെറുമക്കൾക്ക് വീതിച്ചുകൊടുക്കുമെന്നാണ് പറയുന്നത്.😒ചെറുമക്കളും ഉമ്മിയും തമ്മിലുള്ള ബോണ്ട്‌ അങ്ങനെയാണ്.


ഞങ്ങൾക്ക് ഒരു വീട് വെക്കുന്നുണ്ട്.എന്റെ ആൺമക്കൾ പറയുന്നത് ഈ വീട് ഞങ്ങളുടെ പാച്ചൂട്ടിക്ക് ഉള്ളതാണ്. അവളെ ഞങ്ങൾ മറ്റൊരു വീട്ടിൽ അയക്കില്ല, അവളെ ആരും ഇല്ലാത്ത ഒരു പയ്യനെ കൊണ്ട് വിവാഹം കഴിപ്പിച്ച് ഇവിടെ താമസിപ്പിക്കും. അപ്പോൾ ഉമ്മിക്ക് മൂന്ന് ആൺകുട്ട്യോളെ കിട്ടും, അവനും ഞങ്ങളെ കിട്ടും എന്നൊക്കെയാണ്. നിങ്ങൾക്ക് ഒന്നും വേണ്ടേ എന്ന് ചോദിച്ചാൽ 💪💪💪💪💪ഇങ്ങനെ കാണിക്കുമവർ.(ഇൻഷാ അല്ലാഹ് )


ഖുറാനിൽ ആണിനും പെണ്ണിനും സ്വത്തവകാശത്തിൽ വ്യത്യസ്ത ഓഹരികളാണ് പറയുന്നത്. ഈ വിശ്വാസത്തിൽ ജീവിക്കുന്നവരുടെ മൗലിക അവകാശം നിഷേധിക്കുന്നതാണ് കുടുംബശ്രീയുടെ തുല്യ സ്വത്തവകാശം ആവശ്യപ്പെട്ടുള്ള പ്രതിജ്ഞയെന്നുള്ള പോസ്റ്റുകളും വായിച്ചു.അതിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ട്.


പെൺകുട്ടികൾക്ക് വിവാഹസമയത്ത് കൊടുക്കുന്നതിന് പുറമെ സ്വത്തുക്കൾ ഓഹരി വെയ്ക്കുമ്പോഴും കൊടുക്കുന്നുണ്ട് എന്റെ നാട്ടിൽ. അങ്ങനെ നോക്കുമ്പോൾ ആൺകുട്ടികളേക്കാൾ സ്വത്ത് കിട്ടുന്നത് പെൺകുട്ടികൾക്ക് തന്നെയാണ്.(അല്ലാത്തിടവും ഉണ്ടാകാം.)അതിലൊന്നും ഇന്നത്തെ കാലത്തെ ഭൂരിഭാഗം സഹോദരന്മാർക്കും എതിർപ്പുമില്ല. തുല്യ ഓഹരി കൊടുക്കാൻ ഇഷ്ടപ്പെടുന്ന എത്രയോ മാതാപിതാക്കളും ഇന്നുണ്ട്.


സത്യത്തിൽ പരസ്പരം ഷെയർ ചെയ്യാനല്ലേ നമ്മൾ മക്കളെ പഠിപ്പിക്കേണ്ടത്?!ആൺപെൺ വേർതിരിവുകൾ നമ്മുടെ വീടുകളുടെ പടിക്ക് പുറത്താക്കാനല്ലേ ശ്രദ്ധിക്കേണ്ടത്.?മാതാപിതാക്കളെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് നിന്നല്ലേ സംരക്ഷിക്കേണ്ടത്, അങ്ങനെയുള്ള പാഠങ്ങളല്ലേ നമ്മൾ പകരേണ്ടത്.


മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്നുള്ള മരുമക്കൾ (പെൺകുട്ടികളുടെ ഭർത്താവ് )സ്വന്തം മാതാപിതാക്കളെ പോലെ ഭാര്യയുടെ മാതാപിതാക്കളെയും കാണുന്നുണ്ട്. എന്റെ വീട്ടിൽ അങ്ങനെയാണ്. (അല്ലാത്തിടങ്ങൾ ഇന്നുമുണ്ടാകാം. അതൊക്കെയും ആൺകുട്ടികൾക്ക് വീട്ടിൽനിന്നും കിട്ടേണ്ട ശിക്ഷണമാണെന്ന് വിശ്വസിക്കുന്നു ).
സഹോദരങ്ങൾ തമ്മിൽ മനസ് വീതം വെച്ച് ജീവിക്കട്ടെ.ഒരാൾക്കുണ്ടെങ്കിൽ ഇല്ലാത്തവർക്ക് കൂടി കൊടുക്കട്ടെ.


സന്തോഷങ്ങൾ വീതിക്കുന്നത് പോലെ സങ്കടങ്ങളും വേദനകളും ഇല്ലായ്മയും വീതിക്കുമ്പോൾ മാത്രമല്ലേ അവർ സഹോദരങ്ങൾ എന്ന പദത്തിന് അവകാശിയാകുന്നുള്ളു.അല്ലാത്തിടത്ത് എത്ര സ്വത്ത് കിട്ടിയാലും പിശുക്കന്റെ കൈയിലെ നാണ്യശേഖരം പോലെ ക്ലാവ് പിടിച്ചിരിക്കും.അതിനെന്താ മൂല്യം!
👍എല്ലാവർക്കും പലവിധ അഭിപ്രായം ഉണ്ടാകും. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ പരിചയപ്പെട്ട സാഹചര്യങ്ങളിനിന്നുമാണ് ഇത് പറഞ്ഞത്.


By ivayana