രചന : ശ്രീകുമാർ എം പി✍

മനസ്സിലുണ്ടാഴമുള്ള
നീലത്തടാകം !
നീരജങ്ങൾ വിടർന്നു നില്ക്കും
നീലത്തടാകം
നീർമണികളൊത്തുകൂടും
നീലത്തടാകം
നീന്തി നീന്തി മീൻ തുടിയ്ക്കും
നീലത്തടാകം
ആനന്ദം നുരഞ്ഞുയരും
നീലത്തടാകം
ആത്മഹർഷ നിർവൃതിയായ്
നീലത്തടാകം
ആത്മദു:ഖ മലിഞ്ഞടിയും
നീലത്തടാകം
രോദനങ്ങൾ വിതുമ്പി മായും
നീലത്തടാകം
ആശ്വാസക്കാറ്റ് വീശും
നീലത്തടാകം
ആഗ്രഹങ്ങൾ നാമ്പുനീട്ടും
നീലത്തടാകം
ആരോരുമറിയാത്ത
നീലത്തടാകം
ആഴത്തിൽ സത്യമുള്ള
നീലത്തടാകം
ആത്മദീപം ജ്വലിച്ചു നില്ക്കും
നീലത്തടാകം
പ്രചണ്ഡ കോളിളക്കങ്ങളിൽ
പെട്ടുഴറാതെ
ശിഥിലമായ മോഹങ്ങളിൽ
പെട്ടുഴലാതെ
ചിതറിയ ചിന്തകൾ
ക്കടിമയാകാതെ
മൃദുല വികാരങ്ങളി
ലുലഞ്ഞു വീഴാതെ
വിരുതുള്ള നാവികനായ്
നിവർന്നു നില്ക്കണം
അമരത്തിരുന്നു, നൗക
ലക്ഷ്യം കാണണം
മനസ്സിലുണ്ടാഴമുള്ള
നീലത്തടാകം
ഉപരിതലം ചഞ്ചലമാ
യിളകു മെപ്പോഴും
ഇളകി വരുമോളങ്ങൾക്ക്
താളമേകണം
ഇളകിവരുമോളങ്ങൾക്ക്
കാന്തിയേകണം
ഓളത്തിന്റെ ഞൊറിവുകളി
ലിളകിയാടണം
ഓളത്തിന്റെ തുടിപ്പുകളി
ലലിഞ്ഞു ചേരണം
തളർന്നു വരും പറവകൾക്ക്
ദാഹമകറ്റണം
ചടുലമായ വികൃതികൾ
കുളിച്ചു രമിയ്ക്കണം
കുളിർ ജലമീ നാടിനാകെ
പകർന്നു നൽകണം
ചുടുകാറ്റ് വീശി വന്നീ
കുളിര് നുകരണം
ഉദയകാല പുഷ്പമെല്ലാ
മവിടെ വിരിയണം
മുകളിൽ നില്ക്കും കർമ്മസാക്ഷി
യവിടെതെളിയണം !

ശ്രീകുമാർ എം പി
              

By ivayana