രചന : കൃഷ്ണമോഹൻ കെ പി ✍

വായനാ വീട്ടിലെ വാതായനത്തിൻ്റെ,
വാതിൽ തുറന്നൊന്നു നോക്കിടുമ്പോൾ
വാസരസ്വപ്നത്തിൽ വന്നു പോയിടുവോർ
വാക്കുകളേകാൻ നിരന്നു നില്പൂ
വൈയാകരണന്മാർ, വൃദ്ധർ, വലിയൊരു
വൈഗാനദി തന്നലകൾ പോലെ
വൈകാതെ ചൊല്ലുക ഞങ്ങൾ തൻ വാക്കുകൾ
വൈഭവത്തോടെയെന്നോതിടുന്നു
വയ്യാ എനിക്കൊന്നുമാകില്ല ഞാനൊരു
വിദ്യാർത്ഥി മാത്രം ജഗത്തിലെന്ന
വാക്കുകൾ ചൊല്ലിപ്പതിയെയാ വൃന്ദത്തെ
വായ്പോടെ നോക്കിത്തരിച്ചു നില്ക്കേ
വമ്പെഴും തൂലിക കൈക്കുമ്പിളിൽ വഹി-
ച്ചമ്പോടെ നില്പൂ പ്രപഞ്ചമാതാ
വാക്കുകളേകാം നിനക്കെന്നുമേയെന്ന്
വാത്സല്യമുൾക്കൊണ്ടു ചൊല്ലിടുന്നൂ
വാക്കിൻ്റെ ദേവതയങ്ങനെ ചൊല്ലുമ്പോൾ
വാതിലടയ്ക്കാൻ തുനിഞ്ഞിടാതേ…
വരമായിക്കിട്ടിയ തൂലിക കൈപ്പറ്റി
വിരവോടെ പദതളിർ കൂപ്പി നിന്നൂ
വലിയൊരു കവിതയതല്ലെങ്കിലുമൊരു
വരിയെഴുതാനുള്ള ഭാഗ്യജന്മം
വരമായിത്തന്നെൻ്റെ ജീവിതം മാറ്റിയ
വരദേശ്വരിയെ നമിച്ചിടട്ടേ🙏

കൃഷ്ണമോഹൻ കെ പി

By ivayana