രചന : നിസാർ മൂക്കുതല ✍

‘മിടിപ്പ’റിഞ്ഞവർക്ക് വേണ്ടി…
സഹതാപത്തിന്റെ നടുക്കടലിനുമേലെ,
കാർമേഘങ്ങളുടെ ആകാശത്തവൾ മാലാഖയാണ്.
വിയർപ്പിനും വിശപ്പിനുമിടയിൽ,
പരക്കം പായുന്ന പെങ്ങളാണ്.
നീതി നിഷേധത്തിന്റെ രണ്ടാംയാമത്തിൽ,
നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞ്
ഉറക്കപ്പായയിൽ ഉണർന്നിരിക്കാനൊരുങ്ങുന്ന
ഭാര്യയും അമ്മയും ചേച്ചിയുമാണ്.
എല്ലാം കഴിഞ്ഞ്,
കാർമേഘങ്ങൾക്കിടയിലേക്കുള്ള മടക്കയാത്രക്കുള്ള ഒരുക്കമാണ്.
സൂപ്രണ്ടിന്റെ സൂക്ഷിപ്പിലെ
വടിവൊത്ത സേവനത്തിൽ,
പിഴവില്ലെന്ന് ഉറപ്പുവരുത്തി
ഉച്ചത്തിലുള്ള ഓർമ്മപ്പെടുത്തലാണ്.
ടോക്കൺ നമ്പർ 25
ടോക്കൺ നമ്പർ 25
ടോക്കൺ നമ്പർ 25
വിളിച്ചിട്ടും വിളി കേൾക്കാതെ
കയർക്കുന്നവരുടെ മുന്നിൽ,
അവൾ പിന്നെയും
വിയർക്കുന്ന മാലാഖയാണ്.
പിന്തുണയാടെ, ആശംസകളോടെ…

നിസാർ മൂക്കുതല

By ivayana