രചന : സന്ധ്യാ സന്നിധി✍

എനിക്ക് വിശക്കുന്നു..
വരണ്ടചുണ്ടിനപ്പുറം
തൊണ്ടയില്‍
അനേകതരം വിശപ്പുകളുടെ നിലവിളി
കുടുങ്ങിയിരിക്കുന്നു..
ഉള്ളിലെവിടെയോ
അകാരണമായൊരു
ഭയവും ഭീതിയും
ഉത്കണ്ഠയും
പേരറിയാത്തൊരു തിക്കുമുട്ടലും
ഉടലെടുക്കുന്നുണ്ട്…
കൊടുംവളവിലെ അപായസൂചനപോലെ
കടുത്ത ശൂന്യതകളെന്‍റെ
നിലതെറ്റിക്കുന്നു..
ഒരേസമയം പൊട്ടിത്തകരുമോയെന്നും
എറിഞ്ഞുടയ്ക്കണമെന്നും
തോന്നുന്ന
അസ്വസ്ഥതകളെന്നെ
ആലിംഗനത്തിലമര്‍ത്തുന്നു..
വെളിച്ചമസ്തമിച്ചാല്‍
ഇരുട്ട് വിഴുങ്ങുമോയെന്നും
പുലച്ചെയുണര്‍ന്നാല്‍
തൂക്കിലേറ്റാന്‍ വിധിച്ചപോലെയും നെഞ്ചിടിക്കുന്നു..
തീവ്രാസ്വസ്ഥതകളുടെ
തീഷ്ണതയില്‍ തിരയുന്നു
തോള്‍ ലിസ്റ്റുകള്‍..
ഇല്ല,
ഒരുതുള്ളിയില്ല..
ഒരുനുള്ള് നനവും
ഒരിടത്തുമില്ല
ഒരുമുറിക്കയറോ
മൂര്‍ച്ചയുള്ളൊരായുദ്ധമോ
അരികിലുണ്ടായിരുന്നെങ്കിലെന്ന്
ആര്‍ത്തികൊള്ളുമ്പൊഴും
ധാത്രികാത്തിരിക്കുന്നതറിയുന്നു
അരുതെന്ന്,
സ്വയം ശ്വാസിക്കുന്നു..
ആത്മബോധത്തിലഭയം തേടുവാന്‍ യാത്രപോകുന്നു………….

സന്ധ്യാ സന്നിധി

By ivayana