രചന : പ്രശോഭന്‍ ചെറുന്നിയൂര്‍ ✍

കാടുകേറിടും നൊമ്പരങ്ങളെ
പാടുപെട്ടൊട്ടെരിച്ചിട്ടും
കൂട്ടുകൂടിയ സങ്കടങ്ങളെന്‍
പാട്ടിലാകെപ്പടരവെ..

ഞാനൊരുത്തനീ ലോകമാകവേ
തേനൊഴുക്കിപ്പരത്തിടു-
മെന്നചിന്തയാലൊട്ടു ഭോഗനാ-
യൊന്നുമേ ചെയ്തതില്ല ഞാന്‍..!!

തൂനിലാവിനെ പൂമഴകളെ
താനിരുന്നിടും കൊമ്പിനെ
ചാരിനിന്നതിന്‍ ബാന്ധവത്തിനായ്
ചോരവറ്റിച്ചിതെത്രനാള്‍..?!

വയ്യവയ്യെന്നു ചൊല്ലിടുന്നെന്‍റെ
മെയ്യിതെത്രയോ കാലമായ്
ചെയ്യവയ്യാത്ത പാതകങ്ങളില്‍
കയ്യിലാമം വരിപ്പു ഞാന്‍…!!

നീണ്ട വേര്‍പ്പിലെ ഉപ്പുപാത്രവും
തണ്ടെടുത്തെന്നെത്തല്ലവേ
വേണ്ടവേണ്ടിനിത്തീണ്ടചിന്ത-
യുണ്ടന്തിവേളയിലിണ്ടലായ്..!!

യാഗമാണു മനസ്സിലെങ്കിലും
ഭോഗവൃത്തമെതിര്‍ത്തിടേ
യോഗിയായെരിഞ്ഞീടുവാനിനി
ത്യാഗമെത്ര സഹിക്കണം..? ■

By ivayana