രചന : അനിൽ ചേർത്തല✍

ചക്രവർത്തീ നിന്റെ പാപ നിഴലിൽ
എന്റെ സൂര്യൻ മറഞ്ഞു പോകുന്നു
മാറി നിൽക്കൂ എന്റെ വെയിൽ
മറയ്ക്കുന്നു നീ മറയായി
മാറപ്പുമേന്തി നിൽപ്പൂ.
ചണ്ടി നിൻ ശ്വാസനിശ്വാസങ്ങളിൽ
ശവം കരിയുന്ന ഗന്ധമാ ചുടലഗന്ധം
നിന്റെ വാഗ്ദാനങ്ങൾ എന്റെ ഈ കുണ്ടിലെ കണ്ണിൽ
കനൽ കോരി ആഴ്ത്തിടുമ്പോൾ
പുറ്റു മൂടുന്ന നിൻ കുഷ്ഠകീടങ്ങളെ
പട്ടിട്ടു മൂടി നീ നിൽപ്പൂ.
എങ്കിലും ഉള്ളൂ തുളയ്ക്കും പുളയ്ക്കും
പുഴുക്കുത്തു കോറിക്കൊരുക്കും.
വ്യർത്ഥ ജന്മം ‘ചക്ര’ വർത്തിക്കുവാൻ
ഇറ്റു വെട്ടമില്ലാത്ത വിഴുപ്പു ജന്മം.
കണ്ണീരു കോരിയുള്ളെണ്ണയിൽ
നീ നിന്റെ ഇഷ്ട സ്വർഗ്ഗങ്ങൾക്കു
തിരി തെളിച്ചു
ഉടവാളുലച്ചു തെറിച്ച നിണം
കൊരുത്തുടയാടയിൽ പുള്ളി ചിത്രമിട്ടു
ബലിക്കല്ലു കുരുതിക്കുഴമ്പിട്ടുരച്ചു നിൻ
രത്നസിംഹാസനം മിനുമിനുത്തു
ദുരമാന്തുമതിവേഗഭ്രമണഭേരി
ക്കാറ്റിനറുതിയില്ലാത്ത പരിഭ്രമത്തിൽ
നിന്റെ കരിമ്പടച്ചങ്കിൽ കിരാതന്റെ
ദൃഷ്ടം കൊരുത്തു തീ കുന്തങ്ങളാൽ
വെട്ടിപ്പിടിക്കുന്നു നഷ്ട സിംഹാസനം
വെട്ടിയെറിയുന്നു വെട്ടങ്ങളെ
നിന്റെ സ്വർഗത്തിൻ കൊടിക്കൂറ
കണ്ടെന്റെ പട്ടിക്കു പേയ് പിടിക്കാതെ
പോയിടുമോ?എന്റെ വെയിൽ
മറയ്ക്കാതെ നിൻ നിഴലിൽ
എൻ സൂര്യൻ കരിഞ്ഞു പോകും.
പച്ചമണ്ണിൽ കാറി ഉച്ചത്തിൽ കാർക്കിച്ചു തുപ്പിയ
വൃദ്ധൻ ഡയോജനീസേ
വീണ്ടും വരല്ലേ വരാൻ തോന്നിടല്ലേ
വാർത്തമാനത്തിൽ പുലമ്പിടാനായ്.
ഉടവാളുമുറയിൽ വച്ചുയിരിന്റെ പൊരുൾ
കേട്ടുലഞ്ഞൊരലക്സാണ്ടർ ഇവിടെയില്ല.
വടിവാളിൻ മുനയിലും വിറയാർന്ന തോക്കിലും
വൃദ്ധപ്പുലമ്പൽ പുലർന്നിടില്ല.
നട്ടുച്ച നേരത്തു റാന്തൽ പിടി ക്കുവാൻ
കൈകളിൽ പത്തി ഉണ്ടാവുകില്ല
ഇവിടെ മനുഷ്യരെ കണ്ടിടില്ല
കാഴ്ച കാണാം മതസ്ഥരെ മാത്രം.
അന്ധമാo രാഷ്ട്രീയ വൈരവെറിയ്ക്കുള്ളിൽ
സ്വന്തം പുലമ്പൽ നിൻ കൂമ്പു നുള്ളും
നിന്റെ പുലമ്പൽ ഉലച്ച മനം
സ്വാർഥവേദം തിരഞ്ഞു തപിക്കുകില്ല.
വയറിനാൽ ചിന്തിച്ചു ശിരസ്സാൽ ഭുജിക്കുന്ന
ചാക്രിക വർത്തികൾ കൂട്ടിനുള്ളിൽ
വില പേശി വിൽക്കും പുലമ്പലും റാന്തലും
ഇനി എത്തി നോക്കാൻ നീ കാണുകില്ല

അനിൽ ചേർത്തല

By ivayana