രചന : ഡോ. ഹരികൃഷ്ണൻ ✍
ചിത്രത്തിൽ പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതമാണ്. സാക്ഷാൽ മൗണ്ട് വെസൂവിയസ്. പോംപി, ഹെർക്കുലാനിയം എന്നീ നഗരങ്ങളെ രണ്ടു സഹസ്രാബ്ദങ്ങളോളം ചാരത്തിലും മറവിയിലും മൂടിക്കളഞ്ഞ ഭീകരൻ.
ഇത് 1770-കളിൽ പ്യേർ-ഷാക്ക് വൊലേർ വരച്ച കാൻവാസിലെ എണ്ണച്ചായച്ചിത്രം. സാമാന്യം വലുതാണിത്. രണ്ടേകാൽ മീറ്റർ വീതിയും ഒന്നേകാലിലധികം മീറ്റർ പൊക്കവും. പ്യേർ-ഷാക്ക് വൊലേർ വരച്ച മുപ്പതു വെസൂവിയസ് ചിത്രങ്ങളിൽ ഒന്ന്.
തിളച്ചുരുകിയ മാഗ്മ ദ്രവരൂപത്തിൽ ലാവയായി ഒഴുകുന്നതും ബാഷ്പമായി ഉയരുന്നതും ചിത്രത്തിൽ കാണാം. അത്യന്തം വിനാശകാരമായ ബഹിർഗമനമാണ് ആ ഭൂവല്കച്ഛിദ്രത്തിൽ നിന്നു സംഭവിക്കുന്നത്.
ഭൂമിയാകെ പ്രകമ്പനം കൊള്ളുകയാണ്. പരക്കുന്ന പുക. പൊടുന്നനെയുള്ള അഗ്നിവിസ്ഫോടനം. ചുവടെയുള്ള മനുഷ്യരെ കാത്തിരിക്കുന്നത് മരണവും സർവ്വനാശവും മാത്രം. തീയും പുകയും ലാവയും ചിതറിത്തെറിപ്പിക്കുന്ന പ്രകൃതിയുടെ സംഹാരതാണ്ഡവമാണത്. അതിനുമുന്നിൽ മനുഷ്യൻ ഒന്നുമല്ലാതാകുകയാണ്. മറിച്ചു ചിന്തിക്കുന്നതാകട്ടെ അസംബന്ധവും. അതിഭീകരമായൊരു പേക്കിനാവെന്നപോലെയാണ് ചായങ്ങളിതിൽ പടർന്നുനില്ക്കുന്നത്. താഴേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ലാവ ലക്ഷ്യമിട്ടിരിക്കുന്നത് തൊട്ടടുത്തുള്ള പട്ടണത്തെയാണ്. പാലത്തിനു മുകളിലൂടെ ജനങ്ങൾ പരക്കം പായുന്നതു കാണാം. പാലത്തിന്റെ കൈവരിയിൽ ഒറ്റയ്ക്കൊരു ശിലാരൂപം.
ചക്രവർത്തിയോ, വിശുദ്ധനോ, അതോ ദൈവം തന്നെയോ. ആരായാലും നിസ്സഹായൻ തന്നെ. അവിചാരിതമായ വന്നുപതിച്ച അശനിപാതത്തിൽ നിന്നു രക്ഷപ്പെടാനുള്ള പരക്കം പാച്ചിലാണ് അതിനു മുന്നിൽ. ഒരു ദുസ്വപ്നത്തിന്റെ ഭയാനകമൂർദ്ധന്യം. ഒരിക്കലും ആരും അകപ്പെട്ടു പോകരുതേ എന്നു പ്രാർത്ഥിച്ചുപോകുന്ന ഒന്ന്.
ഈ ചിത്രത്തെ രണ്ടായി പകുത്താൽ ഇരുവശത്തും തീർത്തും വ്യത്യസ്തമായ രംഗങ്ങളാണെന്നു കാണാം. ഇടതുവശത്ത് തീ, ചൂട്, പിന്നെ അങ്ങേയറ്റത്തെ വിനാശവും. മിന്നിത്തിളങ്ങുന്ന ചുവപ്പാണ് ലാവയ്ക്ക്. ചുവപ്പിന്റെ അനേകം തീക്ഷ്ണഛായകൾ ചിത്രകാരൻ ഉപയോഗിക്കുന്നുണ്ട്.
എന്നാൽ വലതുവശത്താകട്ടെ വെള്ളം, തണുപ്പ്, പ്രശാന്തത. ഇരുണ്ട നീലയിൽ വരച്ചിട്ടിട്ടുള്ള കടൽപ്പരപ്പ്.
അങ്ങേയറ്റം അത്ഭുതകരമായ ഈ വ്യതിരേകമാണ് ഈ ചിത്രത്തിലെ നാടകീയതയെ നിർണ്ണയിക്കുന്നത്. ഇരുവശത്തേയും ഓരോ അംശങ്ങളും വൈരുദ്ധ്യങ്ങളായി എതിരിട്ടു നില്ക്കുകയാണ്.
ഒരു പക്ഷെ, അഗ്നിവിസ്ഫോടനത്തിന്റെ തീവ്രത പ്രകടമാവുന്നത് നീലജലപ്പരപ്പിന്റെ ശാന്തതയുടെ പശ്ചാത്തലത്തിൽ വരയ്ക്കപ്പെടുമ്പോഴായിരിക്കണം. അഗ്നിയുടെ സംഹാരവും വെള്ളത്തിന്റെ സമൃദ്ധിയും തമ്മിലുള്ള ഒരുതരം പരസ്പരപ്രവർത്തനം. കടുംചുവപ്പും ഇരുൾനീലയും ഒപ്പത്തിനൊപ്പം കൈകോർക്കുന്ന അപൂർവ്വത.
ജ്വാലമുഖിയുടെ വെളിച്ചവും മേഘങ്ങൾക്കിടയിലൂടെ തെളിയുന്ന ചന്ദ്രനിലാവും തമ്മിലുള്ള വൈരുദ്ധ്യവും ഇതിനൊപ്പം കൂട്ടുചേരുന്നു. വെള്ളത്തിൽ വീഴുന്നത് നിലാവാണ്. ഭൂമിയിലാകട്ടെ തീവെളിച്ചവും. ഒന്നിനെ അനുഗ്രഹമായും മറ്റേതിനെ ശാപമായും കാണാം. അതിസങ്കീർണ്ണം തന്നെ ആ കൂട്ടിച്ചേർക്കൽ. സംഘർഷഭരിതമായ ഒരു മനസ്സിന്റെ ആവിഷ്കാരമാവുമോ?
എന്തായാലും, ചിത്രത്തിലാകമാനം നിറഞ്ഞുനില്ക്കുന്ന വൈരുദ്ധ്യമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഒരു പക്ഷെ, പ്രകൃതിയുടെ തീവ്രരൂപദ്വയത്തെ ഇത്രയും പ്രകടമായി അധികം പേർ വരച്ചിട്ടുണ്ടാവില്ല.
ഇനി താഴെ പായകൾ താഴ്ത്തി നില്ക്കുന്ന കപ്പലുകളെ നോക്കൂ. രണ്ടും എങ്ങോട്ടു നീങ്ങണമെന്നോ, എന്തു ചെയ്യണമെന്നോ, ആരെയൊക്കെ രക്ഷിക്കണമെന്നോ, അതോ സ്വയം രക്ഷിക്കണമെന്നോ മനസ്സിലാക്കാനാവാത്ത, അല്ലെങ്കിൽ തീരുമാനമെടുക്കാനാവാത്ത സമൂഹത്തെയാണോ അവ പ്രതീകവല്ക്കരിക്കുന്നത്? ഭീതിദവും ദാരുണവുമായ ഒരു നിസ്സഹായാവസ്ഥ തീർച്ചയായുമുണ്ടതിൽ.
ഇനി ഒന്നു കൂടി സൂക്ഷിച്ചു നോക്കൂ. സി.ഇ. 79-ൽ പോംപിയേയും ഹെർക്കുലാനിയത്തേയും ഇല്ലാതാക്കിയ വിസ്ഫോടനമാണോ ഇത്? അല്ല. ഇതിൽ കാണുന്നത് പഴയ റോമാക്കാരല്ല, പഴയ ക്ലാസിക്കൽ റോമൻ ഛായയോ, വേഷങ്ങളോ ഒന്നുമില്ല, ചിത്രകാരനു തീർത്തും സമകാലികമായ ലോകമാണിത്.
1748-ലാണ് മൺമറഞ്ഞുപോയ പോംപി നഗരത്തെ കണ്ടുപിടിക്കുന്നത്. മാത്രവുമല്ല, 18-ാം നൂറ്റാണ്ടിൽ മാത്രം ആറു തവണ വെസൂവിയസ് പൊട്ടിത്തെറിക്കുകയുമുണ്ടായി. ഇതെല്ലാം സ്വാഭാവികമായും വെസൂവിയസിനെ ശക്തവും നാടകീയവുമായ പ്രമേയമായി അക്കാലത്ത് പുനർസൃഷ്ടിക്കുകയായിരുന്നു. തുടർന്ന് പതിനെട്ടാം നൂറ്റാണ്ടിൽ അനേകം ചിത്രകാരന്മാർ വെസൂവിയസിനെ വരയ്ക്കുകയുണ്ടായിട്ടുണ്ട്.
ഫ്രഞ്ചുകാരനായിരുന്നെങ്കിലും വെസൂവിയസിനടുത്തുള്ള നേപ്പിൾസിലായിരുന്നു പ്യേർ-ഷാക്ക് വൊലേർ താമസിച്ചിരുന്നത്.
1771-ൽ വെസൂവിയസ് പൊട്ടിത്തെറിക്കുകയുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ അന്നത്തെ വിസ്ഫോടനം അദ്ദേഹം നേരിട്ടു കണ്ടതായിരിക്കാം. പക്ഷെ, അങ്ങനെ ആലോചിക്കുമ്പോൾ അറിയാതെ ഒരു നടുക്കം ഉള്ളിലനുഭവപ്പെടും. തീർച്ചയായും ആ കാഴ്ച ഒരാഘാതമായി പ്യേർ-ഷാക്ക് വൊലേറിന്റെ മനസ്സിൽ കിടന്നിരിക്കാനും സാധ്യതയുണ്ട്. 1700 കൊല്ലങ്ങൾക്കു മുമ്പ് ഇതേ ജ്വാലാമുഖി തന്നെയായിരുന്നല്ലോ നഗരങ്ങളേയും ആയിരക്കണക്കിനു ജനങ്ങളേയും ഇല്ലായ്മ ചെയ്തത് എന്ന ചിന്തയും പ്യേർ-ഷാക്കിനെ മഥിച്ചിരിക്കണം. ഭ്രാന്തമായ ഒരാവർത്തനമെന്നോണം ആ മനസ്സ് പലതവണ ഇളകിമറിഞ്ഞിരിക്കാനും മതി. വെറുതെയല്ല, വെസൂവിയസിന്റെ ഭീകരദൃശ്യം പലപല കാൻവാസുകളിലായി വ്യത്യസ്തകോണുകളിലൂടേയും വൈവിധ്യമാർന്ന ആവിഷ്കാരങ്ങളിലൂടേയും വൊലേർ വരച്ചുകൊണ്ടേയിരുന്നത്.
അദ്ദേഹത്തിന്റെ മാത്രമായി 30 വെസൂവിയസ് ചിത്രങ്ങൾ! ആ തീവ്രാനുഭവം സൃഷ്ടിച്ച മനോസ്ഫോടനങ്ങളായിരിക്കണം ആ ചിത്രങ്ങളോരോന്നും. തീർച്ചയായും അതിലൊരു മനോവിഭ്രാന്തി തെളിയുന്നുണ്ട്. ചിലപ്പോൾ ഈ വരകൾ ആ അവസ്ഥയോടുള്ള പ്രതികരണമോ, ചിലപ്പോൾ സ്വയംചികിത്സ തന്നേയോ ആവാം.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം നിയോക്ലാസിസിസത്തിന്റേയും റൊമാന്റിസിസത്തിന്റേയും കാലമായിരുന്നു. റോമിനേയും ഗ്രീസിനേയും ആരാധ്യസങ്കല്പങ്ങളായി മുൻനിർത്തിയാണ് നിയോക്ലാസിസിസം വളർന്നത്. എന്നാൽ ഈ ചിത്രത്തിൽ അക്കാലത്തെ രണ്ടു പ്രസ്ഥാനങ്ങളുടേയും അംശമുണ്ടെന്നാണ് പണ്ഡിതർ പറയുന്നത്. വ്യത്യസ്തമായ ആവിഷ്കാരമാണിത്. പ്രകൃതിക്കു മുമ്പിൽ നിശ്ചേഷ്ടനാവുന്ന മനുഷ്യർ, അതിന്റെ ഭാഗമായ ജനങ്ങളുടെ നിലവിളി, ഭ്രാന്തമായ ഓട്ടം, തകർച്ച, എല്ലാത്തിലും പുറമേ വ്യതിരേകത്തിലൂടെ സൂചിപ്പിക്കുന്ന സംഘർഷങ്ങൾ ഇവയെല്ലാം ഈ ചിത്രത്തെ വേറിട്ടുനിർത്തുന്നു.
ഒരു രസകരമായ കാര്യം കൂടിപ്പറയാം. ഫ്രഞ്ചുവിപ്ലവത്തിലെ വില്ലനായ രാജാവ് ലൂയി പതിനാലാമൻ ഈ ചിത്രം കൊട്ടാരത്തിലേക്കു വാങ്ങാൻ കൂട്ടാക്കിയില്ല എന്നൊരു കഥയുണ്ട്. രാജകീയതയ്ക്ക് ചേരുന്നതല്ലത്രെ ഇതിൽ സ്ഫുരിക്കുന്ന യഥാതഥഭാവവും തീക്ഷ്ണതയും. എന്തായാലും മനസ്സിൽ നിന്നു എളുപ്പത്തിൽ മാഞ്ഞുപോവില്ല ഈ ചിത്രം ഒരിക്കൽ കണ്ടാൽ.
❤️
