മഗല്ലൻ ഭൂമി ചുറ്റാൻ ഇറങ്ങും മുമ്പ്
നാലാം ക്ലാസ്സിലെ
ആദ്യ ക്രഷ് (ജിനി)
അഞ്ചാം ക്ലാസ്സിൽ വച്ച്
സ്കൂൾ മാറിപ്പോയി!
(എന്തിന്, ഏതിന് എന്നത്
ഇന്നും ചുരുളഴിയാത്ത രഹസ്യം).
ഏഴാം ക്ലാസ്സിൽ
മഗല്ലൻ ഊരു തെണ്ടൽ കഴിഞ്ഞ്
സ്വന്തം കടവിൽ കപ്പൽ അടുപ്പിച്ച്
‘വന്ദേ മുകുന്ദ ഹരേ’ പാടിയപ്പോൾ
ഒരു പനിനീർപൂ പോലെ വാതിൽക്കലവൾ,
ജിനി!
പുതിയ ഉടുപ്പിൽ പുതിയ പുസ്തകവുമായി
ഉരുണ്ട ഭൂമിയെ കറങ്ങി വന്ന തെളിച്ചത്തിൽ..
മഗല്ലൻ സത്യമാണ്!
ഭൂമി ഉരുണ്ടതാണ്!
ന്യൂട്ടൻ ഭൂഗുരുത്വ നിയമം കൊണ്ടുവരും മുൻപേ
ഭൂമിയിലേക്ക് വീഴേണ്ടതില്ലാത്ത ചക്കകൾ
കാക്കയും അണ്ണാനും വവ്വാലും
തിന്നു തീർത്തു കൊണ്ടേയിരുന്നു.
ഗുരുത്വാകർഷണനിയമം
പഠിച്ചതിന്റെ പിറ്റേന്ന്
പ്ലാവിൽ അണ്ണാനോട് മത്സരിക്കും വിധം
വലിഞ്ഞു കയറിയ രാഘവണ്ണൻ
ഭൂമിയുമായുള്ള പിടിവലിയിൽ
പിടിവിട്ട് വെറുമൊരു തടിയായി,
ഞാൻ അപ്പോൾ ഉറക്കെ ഉറക്കെ നിലവിളിച്ച്..
ശാസ്ത്രം സത്യമാണ്!
ന്യൂട്ടൺ അതിഭയങ്കരനാണ്!
പതിനൊന്നിൽ
വീണ്ടും ന്യൂട്ടൻ,
ഇത്തവണ ചലന നിയമങ്ങൾ.
ഏത് പ്രവർത്തിക്കും പ്രതികൂലമായി ഒരു പ്രവർത്തനം…
ജിനി എന്റെ കവിൾ പുകച്ചു.
ഞാനപ്പോൾ നിശബ്ദം ഏങ്ങി..
ശാസ്ത്രം സത്യമാണ്!എനിക്ക് ഒട്ടും വഴങ്ങാത്തതും.
നാളേറെക്കഴിഞ്ഞു,
ജീവശാസ്ത്രത്തിന്റെ രസതന്ത്രം പയറ്റിയ
ഒരു രാത്രിയെ ഓർമിപ്പിച്ചുകൊണ്ട്
വർഷമൊന്നു തികഞ്ഞുണ്ടായ നക്ഷത്രത്തെ
കൺ നിറയെ കണ്ടപ്പോൾ
ന്യൂക്ലിയർ ഫ്യൂഷനെ ഓർത്തു,
അപ്പോൾ…
ഭൗതിക ശാസ്ത്രത്തെ പാടേ ഉപേക്ഷിച്ചതിന്
ന്യൂട്ടനും ഐൻസ്റ്റീനും ടെസ്ലയും ചുറ്റും നിന്ന് തെറി വിളിക്കും പോലെ..

രാ ഗേ ഷ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *