വീട്ടുവളപ്പിലും വരമ്പിലൂടെയുമായി
ഞാൻപോയ വഴികളവ വിസ്മൃതിയിലായ്…
വീട്ടിൻ്റെ പിന്നാമ്പുറത്തു നിന്നങ്ങോട്ടുമിങ്ങോട്ടും,
ആമിനത്താത്തയും ചിരുതേടത്തിയും
കുശുമ്പും കുഞ്ഞായ്മയും സ്നേഹവുമൊക്കേ ….
വിളിച്ചുപറഞ്ഞോരാ കാലവും ഓർമ്മയായ്.
പരസ്പര സ്നേഹസ്സഹായസൗഹാർദത്തിൻ
നൻമയാം കാലമതും വിസ്മൃതിയിലായ്.
വഴിപോകും വരമ്പുകളും ചെറിയൊരാ ഇടവഴിയും
അതിർത്തി നിർണ്ണയിച്ചൊരാ കാലവും കാലമായ്.
വഴിപോകും അതിർവരമ്പുകളതൊക്കേയുമിന്ന്…
കൂറ്റൻമതിൽക്കെട്ടുകളായങ്ങു മാറി.
വരിവരിയായ് കോൺക്രീറ്റു വീടുകളുയരുന്നു…
വീടേക്കാൾ വലുതായ മതിലും പണിയുന്നു.
മതിലുകൾക്കുള്ളിലെ വീട്ടിലായ് വസിക്കുന്ന
മർത്ത്യർ മനസ്സിലും മതിലുകളായ്…..
സ്നേഹവും സൗഹൃദവുമതുപോലെ ബന്ധവും
മതിലുകൾക്കുള്ളിൽ ഞെരുങ്ങിപ്പോയി.
ആധുനീകതയുടെ ഈ നവലോകത്ത്,
സാമൂഹ്യജീവിയെന്നവകാശപ്പെടും നമ്മൾ
മതിൽക്കെട്ടിനുള്ളിലെ യന്ത്രങ്ങളായ്മാറി –
മാനവീകതയെന്ന മഹത്തായ വാക്കിന്ന്
ചരമക്കുറിപ്പെഴുതി സഞ്ചരിച്ചീടുന്നു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *