വെറും പാവമായിരുന്നവൾ.
ഓറഞ്ചു സിന്ദൂരം നെറ്റിമുതൽ നെറുകവരെ ചാർത്തി,
കൈനിറയെ ചുവന്ന കുപ്പിവളകളണിഞ്ഞു
കാലിൽ നിറയെ മുത്തുകളുള്ള കൊലുസണിഞ്ഞു,
കാൽവിരലുകളിൽ മിഞ്ചിയണിഞ്ഞു,
സാരിയുടെ മുന്താണി കൊണ്ടു തലവഴി മൂടി,
വാതിൽപടിക്കപ്പുറം മറഞ്ഞെ നിന്നവൾ.
ലോകം ഭർത്താവിലും ആണ്ടു തോറും പെറ്റിട്ട നാലു മക്കളിലും ഒതുങ്ങിയവൾ.
ഇനി പെറാൻ വയ്യെന്ന് പറഞ്ഞതിന്
കെട്ട്യോന്റെ തല്ലുകൊണ്ടവൾ,
അല്ല അടിക്കടി എന്തിനും ഏതിനും തല്ലുകൊണ്ടവൾ.
ഒരുദിവസം തിരിച്ചു രണ്ടെണ്ണം കൊടുത്തിട്ടു
കെട്ട്യോനെ പുറത്താക്കി വാതിൽ കുറ്റിയിട്ടവൾ.
അന്നുപേക്ഷിച്ചു പോയ കെട്ടിയവനെ ഒരിക്കലും കാത്തിരിക്കാത്തവൾ.
സിന്ദൂരമിടാൻ കുപ്പിവളകളണിയാൻ മറന്നവൾ
കൊലുസുo മിഞ്ചിയും വിറ്റു മക്കളെ ഊട്ടിയവൾ
സ്വയം അധ്വാനിക്കാനിറങ്ങി കയ്യിലെ തഴമ്പിൽ
അഭിമാനത്തോടെ നോക്കി കരഞ്ഞവൾ
മക്കളെ നോക്കാനെന്തു പണിയും ചെയ്യുന്നവൾ
ജീവിതം എന്റേതാണെന്ന്, വെറുതെ ചൊറിയാൻ വരരുതെന്നൊരു
കൊച്ചുപിച്ചാത്തി അരയിൽ തിരുകുന്നവൾ.
കണ്ണുകളിലഗ്നിയുള്ളവൾ
വീടിനുള്ളിൽ മക്കളെ പൂട്ടിയിട്ട് കെട്ടകാലമെന്നു
പകലന്തിയോളം എന്തുപണിയും ചെയ്യുന്നവൾ.
ജീവിക്കാനുറച്ചാൽ ഒന്നിനേയും പേടിക്കേണ്ടതില്ലെന്നു ആണയിടുന്നവൾ.
സിംഗിൾ പേരെന്റ് ചലെഞ്ചിന്റെ
മുഖത്തേക്ക് കാർക്കിച്ചു തുപ്പി
തലയിലെ തടിക്കഷണത്തിലടുക്കിയ
ഇഷ്ടികകളുമായി
നാലാം നിലയിലേക്ക് പാഞ്ഞുപോകുന്നവൾ
സൂദ്രയെന്ന സുഭദ്ര, ഒട്ടും ഭദ്രയല്ലാത്തവൾ.

രാജേശ്വരി ടി കെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *