രചന : സന്തോഷ് ഇളപ്പുപാറ ✍️
ഊമയായ് തീരും ലോകം!
ചേതനയറ്റു നിശബ്ദമായ്!
വേദന തിന്നും ജീവൻ
വീഥിയിൽ തനിച്ചാകും;
ഉരിയാടാപ്പക്ഷിയായ്
ദൂരെക്കാലവും പറന്നീടും ;
ഓർമ്മകൾ മാത്രം കാലില്‍
മന്തുമായ് നിലകൊള്ളും;
കൊഴിയും വസന്തഗ്രീഷ്മങ്ങൾ,
ഇലയും പൂക്കളും മണ്ണിൽ
മറയുന്നു ദിനാരാത്രങ്ങൾ!
മറവിതന്നാഴക്കടലിൽ!
മറവിയാണത്രേ നന്നീയൗഷധം,
പ്രപഞ്ചത്തിൽ മറ്റൊന്നില്ല!
കയ്പ്പും മധുരവും ചേരും
നിത്യജീവിത രസായനം!
കേവലം മനുഷ്യനോ നിസ്സാരൻ,
കൊഴിയാതാവില്ലല്ലോ
കാലനീതിതൻ വിധിയിൽ!
കേമനായി നടിച്ചാലും!
കാട്ടിടും കോലാഹലങ്ങൾ
അജയ്യനായ് തീരുവാനായി,
വ്യർത്ഥമാം സ്വപ്നക്കൂടിൻ
ചുറ്റിലോ ബന്ധനസ്ഥനായി!.
പാഴ്ശ്രുതി നീട്ടിപ്പാടി
പാട്ടിലാക്കുവാൻ ശ്രമം
പാഴ്കിനാവായിപ്പോയി
പാപഭാരത്തിനാലേ!
മുടിച്ചു, കുലവും കൂട്ടവും
ചതിച്ചു പ്രപഞ്ചത്തെയും
വിതച്ചു ദ്വേഷവിത്തുകൾ
കിളിർത്തു വിഷക്കായ്കൾ!
നന്ദി ചൊല്ലുവാനില്ലൊന്നും
നന്മ പൂക്കാത്ത വീഥിയിൽ!
ധ്യാമവിത്തല്ലോ ഞാനും
ധ്യാമലകുലത്തിന്റെ സന്തതി!
മടങ്ങട്ടെ ഞാനും! തെളിവാർന്ന
സൗഹൃദം പിരിയട്ടെ , ക്ഷണികം,
കൂടിക്കാഴ്ച്ച തമ്മിൽ,വേർപാട്
കാലകല്പിതമോർത്താൽ!

