സിനിമയിലെയും സോഷ്യൽ മീഡിയയിലെയും താരങ്ങളുടെ ചിത്രങ്ങളിൽ പലപ്പോഴും നമ്മൾ ശ്രദ്ധിച്ചിട്ടുള്ള ഒന്നാണ് അവരുടെ ചെവിക്ക് പിന്നിലോ കൈയ്യിലോ ഒട്ടിച്ചിരിക്കുന്ന ചെറിയ സ്റ്റിക്കറുകൾ. ഇത് കേവലം ഒരു ഫാഷനല്ല, മറിച്ച് അത്യാധുനിക വൈദ്യശാസ്ത്രം വികസിപ്പിച്ചെടുത്ത ‘ട്രാൻസ്‌ഡെർമൽ പാച്ചുകൾ’ (Transdermal Patches) എന്ന മരുന്നുവിതരണ രീതിയാണ്. ഗുളികകൾ വിഴുങ്ങാനോ സൂചിമുനകളെ പേടിക്കാനോ ഇല്ലാതെ തന്നെ മരുന്ന് ശരീരത്തിൽ എത്തിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

എന്താണ് ഈ പാച്ചുകൾ?

നമ്മുടെ തൊലിപ്പുറത്ത് ഒട്ടിക്കാവുന്ന ചെറിയ പ്ലാസ്റ്ററുകൾ പോലെയാണ് ഇവ കാണപ്പെടുന്നത്. ഇതിനുള്ളിൽ പ്രത്യേക രീതിയിൽ ക്രമീകരിച്ചിരിക്കുന്ന മരുന്നുകൾ അടങ്ങിയിട്ടുണ്ടാകും. നാം ഇത് ചർമ്മത്തിൽ ഒട്ടിക്കുമ്പോൾ, അതിലെ മരുന്ന് സാവധാനം ചർമ്മത്തിലെ സുഷിരങ്ങളിലൂടെ കടന്ന് രക്തത്തിലേക്ക് നേരിട്ട് ലയിച്ചുചേരുന്നു. 1979-ൽ അമേരിക്കയിലാണ് ആദ്യമായി ഇത്തരമൊരു പാച്ച് (യാത്രാക്ഷീണം മാറാനുള്ളത്) വികസിപ്പിക്കപ്പെട്ടത്. ഇന്ന് ലോകമെമ്പാടും വിവിധ രോഗങ്ങൾക്കായി ഇത്തരം പാച്ചുകൾ ഉപയോഗിക്കുന്നുണ്ട്.
സാധാരണയായി നമ്മൾ ഒരു ഗുളിക കഴിക്കുമ്പോൾ അത് വയറ്റിലെത്തി ദഹിക്കുകയും അവിടെയുള്ള ആസിഡുകളുമായി കലരുകയും ചെയ്യുന്നു. ഇത് പലപ്പോഴും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾക്കോ വയറിൽ അസ്വസ്ഥതയ്ക്കോ കാരണമാകാറുണ്ട്. എന്നാൽ പാച്ചുകൾ വഴി മരുന്ന് നൽകുമ്പോൾ അത് ദഹനപ്രക്രിയയെ ബാധിക്കാതെ നേരിട്ട് രക്തത്തിലെത്തുന്നു. അതിനാൽ തന്നെ ഗുളികകൾ കഴിക്കാൻ പ്രയാസമുള്ള രോഗികൾക്കും.അബോധാവസ്ഥയിലുള്ളവർക്കും ഇത് ഏറെ ഗുണകരമാണ്.
ഈ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ ശാസ്ത്രീയ നേട്ടം മരുന്നിന്റെ അളവ് കൃത്യമായി നിയന്ത്രിക്കാം എന്നതാണ്. ഒരു ഗുളിക കഴിക്കുമ്പോൾ ശരീരത്തിൽ പെട്ടെന്ന് മരുന്നിന്റെ അളവ് കൂടുകയും പിന്നീട് കുറയുകയും ചെയ്യും. എന്നാൽ പാച്ചുകൾ ഒരു നിശ്ചിത അളവിൽ (Steady flow) മരുന്ന് ശരീരത്തിലേക്ക് വിട്ടുകൊണ്ടിരിക്കും. ഒരു തവണ ഒട്ടിച്ചാൽ ഒന്നു മുതൽ മൂന്ന് ദിവസം വരെ മരുന്ന് ശരീരത്തിൽ എത്തിക്കാൻ കഴിയുന്ന പാച്ചുകൾ നിലവിലുണ്ട്.

ആരിലൊക്കെ ഇത് ഉപയോഗിക്കാം?

യാത്രയ്ക്കിടയിലുണ്ടാകുന്ന തലകറക്കം (Motion Sickness) തടയാനാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്.
നിക്കോട്ടിൻ പാച്ചുകൾ വഴി ശരീരത്തിലെ നിക്കോട്ടിൻ അളവ് നിയന്ത്രിച്ച് പുകവലി ശീലം കുറയ്ക്കാം.കഠിനമായ ശരീരവേദനയുള്ളവർക്കും ക്യാൻസർ രോഗികൾക്കും ആശ്വാസമേകാൻ ഇത്തരം പാച്ചുകൾ ഉപയോഗിക്കുന്നു.
നെഞ്ചുവേദന തടയാനുള്ള മരുന്നുകൾ പാച്ചുകളിലൂടെ നൽകുന്നുണ്ട്. അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ ബാധിച്ചവർക്ക് മരുന്ന് കഴിക്കാൻ മറന്നുപോകുന്ന സാഹചര്യം ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.

ഭാവിയിലെ മാറ്റങ്ങൾ

ഇൻസുലിൻ പാച്ചുകളെക്കുറിച്ചുള്ള ഗവേഷണങ്ങൾ ഇപ്പോൾ ലോകമെമ്പാടും നടക്കുന്നുണ്ട്. ഇത് യാഥാർത്ഥ്യമായാൽ പ്രമേഹരോഗികൾക്ക് ദിവസേനയുള്ള കുത്തിവെപ്പിൽ നിന്ന് മോചനം ലഭിക്കും. ചർമ്മത്തിന് അലർജിയുള്ളവർ മാത്രം ഇത്തരം പാച്ചുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം.
വൈദ്യശാസ്ത്രം വളരുമ്പോൾ ചികിത്സാരീതികളും ലളിതമാവുകയാണ്. വരുംകാലങ്ങളിൽ മരുന്ന് പെട്ടിയിലെ ഗുളികകൾക്ക് പകരം ഒരു ചെറിയ സ്റ്റിക്കർ ഉപയോഗിച്ച് നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ നമുക്ക് സാധിച്ചേക്കും.

വലിയശാല രാജു

By ivayana

Leave a Reply

Your email address will not be published. Required fields are marked *