രചന : പ്രസീദ ദേവു ✍️
ഉടലിൽ നിന്ന് ഉത്ഭവിക്കുന്ന
മധുരനദികളാണ് മുലകൾ ,
തടയിണകളില്ലാതെ,
വിശപ്പിന്റെ വേരിനാഴങ്ങൾ
അവ കൃത്യമായി
കണ്ടു പിടിക്കുക തന്നെ ചെയ്യും ,
അവയുടെ തുറിപ്പുകൾക്ക്
വാത്സല്യ പൊക്കത്തിന്റെ
വല്ലാത്ത ഭാഷയും ,
അവയുടെ തുടിപ്പുകൾക്ക്
കാമ കെടുതിയുടെ ,
അടക്ക സഞ്ചാരവുമുണ്ട് ,
പാവാട പ്രായത്തിനൊപ്പം
കൂടെ കളിച്ചു നടക്കുന്ന
രണ്ടു രഹസ്യ കൂട്ടുകാരികളാണവർ ,
മറ്റാരും കാണാതിരിക്കാൻ
അത്രയും കരുതലോടെ
കാത്തു വെയ്ക്കുന്ന
മരണം വരെ കൂടെയുള്ള കൂട്ടുകാർ ,
ജനനിയുടെ നീരുറവകൾ ,
രതിയുടെ നിളാനദികൾ,
പൂർണ്ണതയുടെ കടലുകൾ
ഇവയ്ക്കെല്ലാം ഒറ്റ പേരാണ്
മുലകൾ ,
ഹൃദയമിറങ്ങി വഴിയാത്ര പോയാലും
കൂടെയുണ്ടാവുന്ന
കാമുക സങ്കല്പങ്ങൾ പോലെ,
തട്ടിയും , മുട്ടിയും
പായാരം പറയുമവർ ,
വിണ്ടു കീറിയ പാടവും,
വരണ്ടുണങ്ങിയ ജലശേഖരങ്ങളും
മഴയ്ക്കു കാക്കുമ്പോളേയ്ക്കും,
വായ് പിളർന്ന ചുണ്ടുകൾ
നിർത്താതെ പെയ്യുന്ന
ഉടൽ മഴയ്ക്കു മുന്നിൽ
നൃത്താഭ്യാസിയായ് തുടരുന്നു ,
മുലയൊരു സംഗീതമാണ്,
താളം പിടിക്കാതെ,
വായ്ത്താരികളില്ലാതെ
അവ എത്ര പേരെ
ഉറക്കി കിടത്തുമെന്നോ,
മുലകൾ അത്ഭുത വിളക്കാണ്
കണ്ണുകളുരസ്സി
അതിലെത്ര പേർ
പ്രകാശവർഷം ചൊരിയുന്നു,
മുലയ്ക്കു മുന്നിൽ
വസന്തം തോറ്റോടാറുണ്ട്
അത്രമേൽ മദോന്മത്തമായ
ഗന്ധികളുണ്ടതിന്,
മുലകളൊക്കെയും
വിപ്ലവകാരികളാണ്
തുറിച്ചു നോട്ടങ്ങളെ
വീശറിയെറിയാനുള്ള
തീപന്തക്കുഴിയുണ്ടവരിൽ,
മുലകൾ ഊഞ്ഞാലാണ്
ആരും ആട്ടാതെ
ലക്ഷ്യസ്ഥാനത്തേയ്ക്കോടി
തിരികെയെത്തുന്ന
കളിയൂഞ്ഞാൽ,
മുലകൾ ചിലർക്കൊക്കെ
യന്ത്രങ്ങളാണ് ,
കടിച്ചു പറിച്ചും,നുള്ളിയും .
നഖക്ഷതമേൽപ്പിച്ചും
പണിപ്പുരയിൽ കയറ്റാത്ത യന്ത്രം,
അഴിച്ചു വെച്ച കച്ചയോട്
ചോദിച്ചാലറിയാം ,
മുലകൾ എത്ര പേർക്ക്
അന്ന പ്രാശനം നടത്തിയെന്ന് ,
അഴിക്കാതെ വെച്ച മുലകൾ
പറ്റുകാരില്ലാത്ത
ചായക്കട പോലെയാണെന്ന് ,
മുലകൾ പാലാഴികളാണ് ,
കടവുക്കോലുകളില്ലാതെ
നാക്കിനും , പല്ലിനും ,
ചുണ്ടിനുമിടയ്ക്കവ,
നിരന്തരമായവ
നുരച്ചു പതയുന്നു,
മുലകൾ ഏറെയും കണ്ണീരിൽ
നീരാടി കുളിക്കുന്നത്
ക്യാൻസർ വാർഡിലാണ് ,
മുറിച്ചു മാറ്റുമ്പോളൊക്കെയും
മുല പല വട്ടം
എന്റെ കുഞ്ഞ്,
എന്റെ ആണൊരുത്തൻ ,
എന്റെ പ്രിയപ്പെട്ടവനെന്ന്
നിർത്താതെ വാവിടും,
മുലകൾ എന്തിനാണ്
ഹൃദയത്തിനു മുകളിൽ
കമഴ്ത്തി വെച്ചതെന്ന്
ഞാൻ ചിന്തിച്ചു കൂട്ടുമ്പോളൊക്കെയും ,
എന്റെ മുലക്കണ്ണിൽ ചപ്പി
ഒരു കള്ളക്കവിത
പല്ലിറുക്കുന്നുണ്ട് ,
മാതൃത്വത്തിന്റെ ,
സ്ത്രീത്വത്തിന്റെ ,
കൊടിയടയാളങ്ങളാണ് മുലകൾ ,
തുറന്നു നോക്കു
അവ പറഞ്ഞു തരും,
മുലകളെങ്ങനെ
മുലകളായെന്ന് …

