രചന : യൂനസ് മണത്തല✍️
എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ലെന്ന് ഞാൻ പറഞ്ഞു
പക്ഷേ സത്യം ഇതാണ്
ചിന്തയെ ശ്വാസംമുട്ടിക്കാൻ
ഒരുപാട് പുക ഉയർത്തിയിരിക്കുന്നു
അന്തരീക്ഷം മങ്ങിയതല്ല മാത്രം
മനസ്സുകൾ മങ്ങിയിരിക്കുന്നു
ദൈന്യത്തിന്റെ ദൃശ്യങ്ങൾ
സാധാരണമായി മാറിയിരിക്കുന്നു
എൻ്റെ ദൈവംഎൻ്റെ മതം
എന്ന് കൂവുന്ന ശബ്ദങ്ങൾ
മനുഷ്യന്റെ സ്വരം മുക്കുന്നു
സത്യത്തെ ചോദ്യം ചെയ്യുന്നവർക്ക്
മുദ്രകൾ പതിപ്പിക്കുന്നു
മണിമാളികകൾ ഉയരുന്നു
അടിയിൽ അഴുക്ക് മറച്ചുകൊണ്ട്
പരവതാനികൾ വിരിക്കുന്നു
അസമത്വത്തിന്റെ മുറിവുകൾ മൂടാൻ
കാലോച്ച കേൾക്കുന്നു
പക്ഷേ അത് മുന്നേറ്റത്തിന്റെ ശബ്ദമല്ല
മനസ്സാക്ഷി ചവിട്ടിക്കൊണ്ടുള്ള നടപ്പാണ്
എൻ്റെ ചിന്ത നഷ്ടപ്പെട്ടതല്ല
അത് തടവിലാക്കിയിരിക്കുന്നു
ഭയത്തിൻ്റെ മതിലുകൾക്കുള്ളിൽ
മൗനത്തിൻ്റെ ചങ്ങലകളിൽ
ഇനി ഞാൻ തിരയില്ല
മറഞ്ഞ ചിന്തയെ
ഞാൻ ഉണർത്തും
അതിനെ
പുകമഞ്ഞ് കീറാൻ
ഒരു കാറ്റ് മതി
മൗനം പൊട്ടിക്കാൻ
ഒരു സത്യം മതി
ചങ്ങല പൊളിക്കാൻ
ഒരു ചോദ്യം മതി
അത് ഞാൻ ചോദിക്കും
എനിക്ക് വേണ്ടി മാത്രം അല്ല
മറഞ്ഞുപോയ എല്ലാ ചിന്തകൾക്കും വേണ്ടി
കാരണം
ചിന്ത ജ്വലിക്കുമ്പോൾ
വിപ്ലവം ജനിക്കും
വിപ്ലവം ജനിക്കുമ്പോൾ
പുകമഞ്ഞ് കത്തിച്ചാമരമാകും

