രചന : സന്തോഷ് മലയാറ്റിൽ ✍️
ഓർമ്മകൊണ്ട്
വിശുദ്ധപ്പെടാൻ
ഞാൻ ദൈവപുത്രനല്ല.
ജീവിതം കൊണ്ട്
തിരിച്ചറിയാൻ
എന്നിലൊരു
സന്ദേശമില്ല.
പ്രണയത്തിന്റെ
ചുംബനച്ചുവപ്പുകളിൽ
അടയാളം വെക്കാൻ
എന്റെ കൈയ്യിലൊരു
ഓർമ്മയുടെ
മയിൽപ്പീലിയില്ല.
ദുരിതങ്ങളിൽ
തുടച്ചുമാറ്റാൻ പോലും
ബാക്കിയില്ലാത്ത
കണ്ണീരിന് ദൈവത്തിനോട്
വിലപേശാൻ
വിശ്വാസമെന്ന
മുഖം മൂടിയില്ല.
എങ്കിലും ഇന്നലെയെനിക്ക്
സ്വന്തമായുണ്ടായിരുന്ന
പുഞ്ചിരിയും,
ഇന്നിന്റെ കണ്ണീരും
അപ്രത്യക്ഷമാകുമ്പോൾ
മൗനമെന്ന് ഞാൻ
സ്വയം അടയാളപ്പെടും.
വാക്കുകളറ്റുപോകുമ്പോൾ
“മരണമെന്നും”
നീ സാക്ഷിയല്ലെങ്കിൽ കൂടി.

