1954-ൽ സോഷ്യല്‍ സൈക്കോളജിസ്റ്റായ മുസാഫർ ഷെറിഫ് ഒരു പരീക്ഷണം നടത്തി. അദ്ദേഹം 22 പേരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു: ‘റോബർസ് കേവ്’ എന്നായിരുന്നു ആ പരീക്ഷണത്തിന്റെ പേര്.ആദ്യം, രണ്ട് ഗ്രൂപ്പുകളും തമ്മിൽ യാതൊരു വിരോധവുമില്ലായിരുന്നു. മുസാഫര്‍ അവർക്ക് കഴുകന്മാര്‍, പാമ്പുകള്‍ എന്നീ പേരുകൾ നൽകിയിട്ട് ചെറിയ മത്സരങ്ങൾ നടത്തി. താമസിയാതെ ഓരോ ഗ്രൂപ്പും മറ്റേ ഗ്രൂപ്പിനെ ശത്രുക്കളായി കാണാൻ തുടങ്ങി. അവർ പരസ്പരം അപമാനിക്കുകയും, ആക്രമിക്കുകയും ഒടുവിൽ കല്ലേറ് നടത്തുകയും ചെയ്തു.

വെറും രണ്ട് പേരുകൾ ഇരുപത്തിരണ്ട് സാധാരണക്കാരെ ശത്രുക്കളാക്കി മാറ്റിയ ഈ പരീക്ഷണത്തിന് നമ്മുടെ നാട്ടില്‍ എന്ത് പ്രസക്തി എന്ന് നോക്കാം.
പൌരന്മാരെ ‘ഹിന്ദു’, ‘മുസ്ലിം’, ‘ക്രിസ്ത്യൻ’, ‘യഹൂദൻ’ മുതലായ മതങ്ങളുടെ പേരുകളുള്ള ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നു എന്ന് കരുതുക.
ആ പേരുകളുടെ കൂടെ ‘നിങ്ങളുടെ മതം അപകടത്തിലാണ്’ എന്ന് കൂടി ചേർത്താൽ എന്ത് സംഭവിക്കും?
ആ അപകടത്തിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ ഒരു നേതാവ് മുന്നിൽ വന്നാൽ എന്ത് സംഭവിക്കും?

ഇതാണ് ഇന്ന് ലോകത്തെ പല ജനാധിപത്യ രാജ്യങ്ങളിലും നടക്കുന്നത്.
ഇന്ത്യയിൽ, ഒരു രാഷ്ട്രീയ പാർട്ടി ‘ഹിന്ദു രാഷ്ട്രം’ എന്ന സ്വപ്നം സാധാരണ മനുഷ്യരില്‍ കുത്തിവയ്ക്കുന്നു. തുർക്കിയിൽ ഒരു നേതാവ് ‘ഇസ്ലാമിന്റെ പുനരുജ്ജീവന’ത്തിന് വേണ്ടി ഭരണഘടന പോലും മാറ്റിയെഴുതുന്നു. അമേരിക്കയിൽ, ‘ബൈബിൾ രാഷ്ട്രം’ എന്ന ആശയത്തിന് വേണ്ടി ആളുകൾ തെരുവിലിറങ്ങുന്നു.
എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?
എന്തുകൊണ്ടാണ് ബുദ്ധിമാന്മാരായ, വിദ്യാഭ്യാസമുള്ള ആളുകൾ പോലും മതത്തിന്റെ പേരിൽ വോട്ട് ചെയ്യുന്നത്?
ഉത്തരം നമ്മുടെ മസ്തിഷ്കത്തിനുള്ളിലാണ്. അവിടെ യുക്തിയും വികാരവും തമ്മിൽ നിരന്തരം നടക്കുന്ന യുദ്ധത്തിൽ, മിക്കപ്പോഴും വികാരമാണ് വിജയിക്കുന്നത്. കാരണം, യുക്തി പതുക്കെ മാത്രമേ പ്രവര്‍ത്തിക്കൂ. വികാരം മിന്നൽ വേഗത്തിൽ പ്രതികരിക്കുന്നു.

ഹെൻറി ടാജ്ഫെലിന്റെ സാമൂഹിക സ്വത്വ സിദ്ധാന്തം അനുസരിച്ച്, മനുഷ്യർ സ്വയം ‘ഞങ്ങൾ’ (ingroup), ‘അവർ’ (outgroup) എന്നിങ്ങനെ തരംതിരിക്കുന്നു. ഈ വേർതിരിവ് സ്വാഭാവികമാണെങ്കിലും, രാഷ്ട്രീയക്കാർ ഇതിനെ മുതലെടുത്ത് ‘നമ്മുടെ മതം’, ‘അവരുടെ മതം’ എന്ന ധ്രുവീകരണം സൃഷ്ടിക്കുകയാണ്. ‘ഞങ്ങൾ’ വിഭാഗത്തോടുള്ള വിധേയത്വം ഓരോ വ്യക്തികള്‍ക്കും ആത്മാഭിമാനവും സുരക്ഷിതത്വവും നൽകുന്നു. അതേസമയം, ‘അവർ’ വിഭാഗത്തോടുള്ള വിവേചനം വിദ്വേഷത്തിനും അസഹിഷ്ണുതയ്ക്കുമാണ് കാരണമാകുന്നത്. തങ്ങളുടെ മതസമൂഹം അപകടത്തിലാണെന്ന തോന്നൽ സൃഷ്ടിക്കുന്നതിലൂടെ രാഷ്ട്രീയക്കാർ ഈ വിധേയത്വത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

അമേരിക്കന്‍ മനസ്ശാസ്ത്രജ്ഞനായ ഡാനിയൽ കാഹ്നമാന്റെ അഭിപ്രായത്തില്‍ മനുഷ്യ മസ്തിഷ്കം സങ്കീർണ്ണമായ പ്രശ്നങ്ങൾ വിശകലനം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. സാമ്പത്തിക നയങ്ങൾ, വിദേശബന്ധങ്ങൾ, ഭരണപരമായ കാര്യക്ഷമത, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളിൽ ആഴത്തിലുള്ള പഠനം നടത്തുന്നതിനുപകരം, ‘ഈ നേതാവ്/പാർട്ടി എന്റെ മതത്തിലെ ആളാണ്’ എന്ന ലളിതമായ മാനദണ്ഡത്തിൽ വോട്ട് ചെയ്യുന്നത് മസ്തിഷ്കത്തിന് എളുപ്പമാണ്. ഈ information shortcut ആണ് ഗൗരവമേറിയ രാഷ്ട്രീയ തീരുമാനങ്ങളെ ഉപരിപ്ലവമാക്കി മാറ്റുന്നത്.

മതം വ്യക്തിയുടെ ഭക്തി, ഭയം, പ്രത്യാശ, വിഷമം മുതലായ ഏറ്റവും ആഴത്തിലുള്ളതും സ്വകാര്യവുമായ വികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. രാഷ്ട്രീയക്കാർ മതഗ്രന്ഥങ്ങൾ, പ്രാർത്ഥനകൾ, ആരാധനാലയങ്ങൾ, മതചിഹ്നങ്ങൾ, ആചാരങ്ങൾ എന്നിവ ഉപയോഗിച്ച് ജനങ്ങളുടെ ലിംബിക് സിസ്റ്റത്തെ, അതായത് വികാരനിയന്ത്രണ കേന്ദ്രത്തെ നേരിട്ട് ഉത്തേജിപ്പിക്കുന്നു. ഈ അവസ്ഥയിൽ യുക്തിയും വിമർശനാത്മക ചിന്തയും അവഗണിക്കപ്പെടുന്നു.

ജര്‍മന്‍ പൊളിറ്റിക്കല്‍ സയന്റിസ്റ്റായ എലിസബത്ത് നോയൽ-ന്യൂമന്റെ Spiral of Silence സിദ്ധാന്തം സമൂഹത്തിൽ ഒരു പ്രത്യേക അഭിപ്രായം ശക്തമായി ഉയർന്നുകേൾക്കുമ്പോൾ, വ്യത്യസ്താഭിപ്രായമുള്ളവർ തങ്ങള്‍ ഒറ്റപ്പെടുമോ എന്ന ഭയത്താൽ മൗനം പാലിക്കുന്ന പ്രവണതയെക്കുറിച്ചാണ് പറയുന്നത്. ഇത് ആ അഭിപ്രായത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ‘എന്റെ സമുദായത്തിലെ എല്ലാവരും ഈ പാർട്ടിക്ക് വോട്ട് ചെയ്യുന്നു, ഞാൻ മറ്റൊരു അഭിപ്രായം പറഞ്ഞാല്‍ ഒറ്റപ്പെടും’ എന്ന ചിന്ത ജനങ്ങളെ കൂട്ടത്തോടെ ഒരേ ദിശയിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കുന്നു. ഈ സമ്മർദ്ദം വ്യക്തിപരമായ തീരുമാനങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുന്നു.

‘നമ്മുടെ മതം അപകടത്തിലാണ്’, ‘അവർ നമ്മുടെ ആരാധനാലയങ്ങൾ തകർക്കും’, ‘നമ്മുടെ കുട്ടികൾ മതം ഉപേക്ഷിക്കും’, ‘ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തെ കീഴടക്കും’ തുടങ്ങിയ ഭീതിജനകമായ പ്രചാരണങ്ങൾ ജനങ്ങളിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തെ അസഹിഷ്ണുതയാക്കി മാറ്റുന്നു. ഭയപ്പെടുന്ന ജനങ്ങൾ യുക്തിപരമായ വിലയിരുത്തൽ നടത്താതെ, ഉടനടി സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഏതു നേതാവിനെയും പിന്തുടരും. ഈ ഭയത്തെ മുതലെടുത്താണ് പല രാഷ്ട്രീയ പാർട്ടികളും അധികാരത്തിലേറുന്നത്.

‘നമ്മുടെ മതനേതാക്കൾ അധികാരത്തിൽ വന്നാൽ സ്വർഗ രാജ്യം സ്ഥാപിക്കും’, ‘ദാരിദ്ര്യവും അഴിമതിയും പരിഹരിക്കപ്പെടും’, ‘നമ്മുടെ രാജ്യം ലോകത്തിന്റെ നേതാവാകും’ തുടങ്ങിയ അതിശയോക്തിപരമായ വാഗ്ദാനങ്ങൾ ജനങ്ങളുടെ സാധാരണ തരത്തിലുള്ള പ്രതീക്ഷകളുടെ സ്വഭാവത്തിന് മാറ്റമുണ്ടാക്കുന്നു. യാഥാർത്ഥ്യത്തെ അവഗണിച്ച് വസ്തുനിഷ്ഠമായ തെളിവുകളില്ലാതെ തന്നെ ജനങ്ങൾ അമിത പ്രതീക്ഷകൾ വളർത്തുന്നു. ഈ പ്രതീക്ഷകൾ പാലിക്കപ്പെടാതെ വരുമ്പോഴും അവര്‍ ‘നമ്മുടെ നേതാവിന് കൂടുതൽ സമയം വേണം’ എന്ന ന്യായീകരണത്തില്‍ അഭയം തേടുക മാത്രമേ ചെയ്യുകയുള്ളൂ.

ഗുണനിലവാരമുള്ള വിദ്യാഭ്യാസവും വിമർശനാത്മക ചിന്താശേഷിയും ഇല്ലാത്ത സമൂഹങ്ങളിൽ, മതാധിഷ്ഠിത പ്രചരണങ്ങൾ നടത്താന്‍ കൂടുതൽ എളുപ്പമാണ്. അന്ധവിശ്വാസങ്ങൾ, യുക്തിരഹിതമായ ഭയങ്ങൾ, കെട്ടുകഥകൾ, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ എന്നിവ വളരെ എളുപ്പത്തിൽ മുതലെടുക്കപ്പെടുന്നു. വിമർശന ബോധം വളർത്തിയെടുക്കാത്ത സമൂഹങ്ങൾ ഏതു വിധത്തിലുള്ള അടിച്ചമർത്തലിനും എളുപ്പത്തില്‍ ഇരകളാകുന്നു.

ഫാസിസവും ഏകാധിപത്യവും തമ്മിലുള്ള ബന്ധം
ഉംബർട്ടോ എക്കോ, റോബർട്ട് പേയ്പ്സ്, ജേസൺ സ്റ്റാൻലി തുടങ്ങിയ ചരിത്രകാരന്മാരുടെയും പൊളിറ്റിക്കല്‍ സയന്റിസ്റ്റുകളുടെയും അഭിപ്രായത്തില്‍ ഫാസിസത്തിന്റെ ചില സവിശേഷതകള്‍ ഇവയാണ്

അതിദേശീയത: സ്വന്തം രാജ്യം അല്ലെങ്കില്‍ വിഭാഗം മറ്റെല്ലാറ്റിനെക്കാളും ശ്രേഷ്ഠമാണ്
ഏകനേതൃത്വത്തിനോടുള്ള അന്ധമായ ആരാധന: നേതാവിനെ തെറ്റുകൾ ചെയ്യാൻ കഴിയാത്ത ദൈവിക വ്യക്തിത്വമായി കണക്കാക്കല്‍.
എതിരാളികളെ അടിച്ചമർത്തൽ: സ്വതന്ത്ര മാധ്യമങ്ങൾ, ജുഡീഷ്യറി, സിവിൽ സൊസൈറ്റി എന്നിവയുടെ സ്വതന്ത്രവും നീതിനിഷ്ഠവുമായ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുക.ആന്തരിക ശത്രുവിനെ നിർമ്മിക്കുക: ന്യൂനപക്ഷങ്ങളെയും ഭിന്നാഭിപ്രായക്കാരെ ‘രാജ്യദ്രോഹികൾ’ ആയി മുദ്രകുത്തുക.
ഹിംസയുടെ സാധാരണവല്‍ക്കരണം: സംഘർഷത്തെയും ബലപ്രയോഗത്തെയും പുണ്യമായും സാധാരണമായും കാണുക.
പ്രോപ്പഗണ്ടയുടെ വ്യാപകമായ ഉപയോഗം: വ്യാജപ്രചരണങ്ങളുടെ ആവർത്തനത്തിലൂടെയും വൈകാരിക ഉത്തേജനത്തിലൂടെയും കള്ളങ്ങള്‍ മനുഷ്യമനസ്സുകളില്‍ സ്ഥാപിക്കുക.
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൂട്ടുകെട്ട്
മതത്തെ രാഷ്ട്രീയമാക്കുമ്പോൾ ഫാസിസ്റ്റ് പ്രവണതകൾക്ക് ദൈവഹിതം എന്ന ആവരണം കിട്ടുന്നു. നേതാവ് സ്വയം ദൈവത്തിന്റെ പ്രതിനിധിയായി സ്വയം അവതരിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ:
നേതാവിനെ ചോദ്യം ചെയ്യുന്നത് മതദ്രോഹമാണ്: രാഷ്ട്രീയ വിമർശനം ദൈവത്തിനെതിരായ വിമര്‍ശനമായി പുനർനിർവചിക്കപ്പെടുന്നു. ഇത് എല്ലാ തരത്തിലുള്ള എതിർപ്പുകളെയും അസാധുവാക്കുന്നു.
ആന്തരിക ശത്രുവിനെ മതത്തിന്റെ ചായം പൂശുന്നു: ന്യൂനപക്ഷങ്ങൾ, മതം മാറിയവര്‍, നിരീശ്വരവാദികൾ എന്നിവരെ ദൈവത്തിന്റെ ശത്രുക്കളായി മുദ്രകുത്തുന്നു. അവർക്കെതിരായ ഹിംസ ദൈവത്തിന്റെ കൽപനയോ ദൈവത്തെ പ്രീതിപ്പെടുത്തലോ ആയി മാറുന്നു.

ഹിംസയെ മതം പവിത്രമാക്കുന്നു: മതഗ്രന്ഥങ്ങളിലെ സംഘര്‍ഷഭാഗങ്ങൾ ഉദ്ധരിച്ച്, ‘വിശുദ്ധ യുദ്ധം’ (holy war) എന്ന ആശയം പ്രചരിപ്പിക്കുന്നത്തിലൂടെ ഹിംസയെ പുണ്യകർമ്മമാക്കി മാറ്റുന്നു.
ഏകാധിപത്യത്തിന് ജനകീയ അംഗീകാരം ലഭിക്കുന്നു: ‘നമ്മുടെ മതത്തെ സംരക്ഷിക്കുന്നതിന്’ എന്ന ന്യായത്തിൽ വീണുപോകുന്ന ജനങ്ങൾ സ്വന്തം സ്വാതന്ത്ര്യങ്ങൾ സ്വമേധയാ ഉപേക്ഷിക്കുന്നു.

ചരിത്രപരമായ ഉദാഹരണങ്ങൾ
ജർമ്മനി (1933-1945): ഹിറ്റ്ലറും നാസി പാർട്ടിയും ക്രിസ്ത്യൻ ചിഹ്നങ്ങളും ആചാരങ്ങളും വ്യാപകമായി ഇതിനായി ഉപയോഗിച്ചു. ‘Gott mit uns’ (ദൈവം ഞങ്ങളോടൊപ്പമുണ്ട്) എന്നത് നാസി സൈനികരുടെ മുദ്രാവാക്യമായിരുന്നു. ജൂതന്മാരെ ‘ക്രിസ്തുവിനെ കൊന്നവർ’ എന്നും ‘ദൈവശത്രുക്കൾ’ എന്നുമവര്‍ ചിത്രീകരിച്ചു. ജർമ്മൻ പ്രൊട്ടസ്റ്റന്റ് സഭയുടെ ഒരു വലിയ ഭാഗം നാസികളെ പിന്തുണച്ചു. 60 ലക്ഷം ജൂതന്മാരുടെ കൂട്ടക്കൊലയായിരുന്നു ഫലം.

ഇറ്റലി (1922-1943): മുസ്സോളിനി കത്തോലിക്കാ സഭയുമായി ലാറ്ററൻ ഉടമ്പടി (1929) യില്‍ ഒപ്പുവച്ചു. വത്തിക്കാൻ സിറ്റി സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കപ്പെടുകയും കത്തോലിക്കാ മതത്തിന് ഇറ്റലിയിൽ പ്രത്യേക പദവി ലഭിക്കുകയും ചെയ്തു. പകരമായി വത്തിക്കാൻ ഫാസിസ്റ്റ് ഭരണകൂടത്തെ അംഗീകരിക്കുകയും, പോപ്പ് മുസ്സോളിനിയെ ദൈവം തന്റെ പദ്ധതിയുടെ ഭാഗമായി അയച്ച മനുഷ്യൻ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ജർമ്മനിയിൽ ദൈവം ഞങ്ങളോടൊപ്പം എന്ന മുദ്രാവാക്യം ചൊല്ലിയവര്‍ 60 ലക്ഷം മനുഷ്യരുടെ കൂട്ടക്കൊല കണ്ടു നിശ്ശബ്ദരായി നിന്നു.
ഇറ്റലിയിൽ ദൈവത്തിന്റെ പദ്ധതിയനുസരിച്ച് വന്നവന്‍ എന്ന് പോപ്പ് വിശേഷിപ്പിച്ച മുസ്സോളിനി, ഫാസിസത്തിന്റെ വിത്തുകള്‍ യൂറോപ്പില്‍ വിതച്ചു. ആരാധനാലയങ്ങളിൽ നിന്ന് അനുഗ്രഹം വാങ്ങിയ ആ ഏകാധിപതി ലക്ഷക്കണക്കിന് ജീവനുകൾ കവർന്നെടുത്തു.

ഒരു മനുഷ്യന്‍ ദൈവത്തിന്റെ പദ്ധതിയാകുമ്പോള്‍ അവൻ ചോദ്യം ചെയ്യപ്പെടാത്തവനാകുന്നു. അവന്റെ അതിക്രമങ്ങൾ ‘ദൈവഹിത’മാകുന്നു. അവനെ എതിർക്കുന്നവർ ‘ദൈവദ്രോഹികളും’.
ഇരുപത്തിരണ്ട് സാധാരണ ആളുകളെ പരസ്പരം കല്ലെറിയാൻ പ്രേരിപ്പിക്കാൻ റോബർസ് കേവിൽ ‘കഴുകന്മാർ’, ‘പാമ്പുകൾ’ എന്നീ വെറും രണ്ട് പേരുകൾ മാത്രം മതിയായിരുന്നു. തമ്മില്‍ യാതൊരു വിരോധവുമില്ലാത്ത ഇരുപത്തിരണ്ടു സുഹൃത്തുക്കള്‍ മാത്രമായിരുന്നു അവര്‍.

ആ പേരുകൾ ‘ഹിന്ദു’, ‘മുസ്ലിം’, ‘ക്രിസ്ത്യൻ’, ‘യഹൂദൻ’ എന്നിവയായി മാറിയ ലോകത്താണ് നാം ജീവിക്കുന്നത്. പേരുകൾ മാറി. രാജ്യങ്ങൾ മാറി. കാലം മാറി. മാറ്റമില്ലാത്തതായി ഒന്നേയുള്ളൂ. മനുഷ്യ മനസ്സ്.
‘നിങ്ങളുടെ മതം അപകടത്തിലാണ്’ എന്ന ഒരു വാചകം കൂട്ടിച്ചേർക്കുമ്പോള്‍ പേരുകൾ കല്ലുകളായി മാറുന്നു. കല്ലുകൾ ബുള്ളറ്റുകളായും ബോംബുകളായും മാറുകയും കൂട്ടക്കൊലകളില്‍ ചെന്നവസാനിക്കുകയും ചെയ്യുന്നു.
ആരാധന ആയുധമാകുന്നത് ഇങ്ങനെയാണ്.
ആയുധം ആരാധനയാകുന്നതും.
ചരിത്രം ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്.

ഹരിത ഇവാൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *