തിരഞ്ഞെടുപ്പ്..
ജനാധിപത്യത്തിന്റെ ഹൃദയമായ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്..
സ്ഥാനാർത്ഥി പ്രഖ്യാപനവും പ്രചരണവും കഴിഞ്ഞു..
നാളെയാണ് വോട്ടെടുപ്പ്..
വോട്ട് ചെയ്യല് മാത്രമാണ് ഒരു പൗരന്റെ ഏക മൗലികാവകാശം എന്ന വിധത്തിലാണ് പലരും ആവേശഭരിതരായി കാത്തിരിക്കുന്നത്..
ആര് ഭരിച്ചാലും നാട് നന്നാവണം..

ഭരിക്കുന്നവന് എടുത്താൽ പൊങ്ങാത്ത ഡിഗ്രികൾ വേണമെന്നൊന്നുമില്ല. ബുദ്ധിയും യുക്തിയും വിവേകവും നേതൃത്വ പാടവവും ദീർഘവീക്ഷണവും ശരിയായ കാഴ്ചപ്പാടും കൂടെ നന്മയുള്ള ഒരു മനസ്സും ഉണ്ടായാൽ മതി..
എനിക്ക് പറയാനുള്ളത് നമ്മളെല്ലാവരും പരിഹസിക്കുന്ന നമ്മുടെ യോ യോ മക്കളോടാണ്..
നീട്ടിയ താടിയും വെട്ടിയൊതുക്കുകയോ ചീകി ഒതുക്കുകയോ ചെയ്യാത്ത മുടിയും കീറിയ വസ്ത്രങ്ങളും അണിഞ്ഞ് നടക്കുന്ന ന്യൂജനറേഷൻ കുട്ടികളോടാണ്..
സമ്മതിദാനവകാശം വിനിയോഗിക്കാൻ പോകുന്ന യുവാക്കളോടാണ്..
ഈ വരുന്ന തിരഞ്ഞെടുപ്പിൽ കന്നിവോട്ട് ചെയ്യാനായി കാത്തിരിക്കുന്ന എന്റെ രണ്ട് മക്കളോടാണ്..

എനിക്കറിയാം നിങ്ങളെ..
എന്റെ മക്കളുടെ സുഹൃത്തുക്കളും അവരുടെ സുഹൃത്തുക്കളുമായി ഒന്നോ രണ്ടോ പേർ എന്റെ വീട്ടിൽ സ്ഥിരമായി വരാറുണ്ട്..
രണ്ടുപേർക്കുമായി ബ്രഹത്തായ ഒരു സൗഹൃദ ശൃംഖല തന്നെ ഉണ്ട്..
എനിക്ക് അവരെയൊക്കെ ഏറെക്കുറെ അറിയാം..
ചെറിയ ചില പൊട്ടിത്തെറിപ്പുകൾ ഉണ്ടെങ്കിലും അവർ തമ്മിലുള്ള പരസ്പര ബന്ധവും ബഹുമാനവും പ്രശംസനീയം തന്നെയാണ്..
ഇന്ന മതമാണ്, ജാതിയാണ്, നിറമാണ്, സമ്പന്നനാണ്, ദരിദ്രനാണ് എന്ന ഒരുതരത്തിലുമുള്ള പരിഗണനയും അവഗണനയും അവരിൽ ആരിലും എനിക്ക് ദർശിക്കാൻ കഴിഞ്ഞിട്ടില്ല..

അങ്ങാടിയിൽ ഒരു മിൽമ ബൂത്ത് നടത്തുന്നത് കൊണ്ട് അവിടെ കാപ്പി കുടിക്കാനും വെള്ളം കുടിക്കാനും വരുന്ന പതിനെട്ടും പത്തൊമ്പതും ഇരുപതും ഇരുപത്തിയൊന്നും വയസ്സുള്ള പ്ലസ് വണ്ണിനും പ്ലസ്ടുവിനും ഡിഗ്രിക്കും പഠിക്കുന്ന കുട്ടികളെയും എനിക്ക് നേരിട്ടറിയാം..
അവരിലും ഞാൻ കണ്ടിട്ടില്ല നമ്മൾ കാരണവന്മാറിൽ പലരും വെച്ചുപുലർത്തുന്ന വിവേചനത്തിന്റെ ആ വൃത്തികെട്ട ചിന്ത..
പരസ്പരം കളിച്ചും ചിരിച്ചും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണമെങ്കിൽ നിങ്ങളെ ആര് ഭരിക്കണം?, എങ്ങനെ ഭരിക്കണം?, എന്നതിലൊക്കെ നിങ്ങൾ ബോധവാന്മാരായിരിക്കണം..
നിങ്ങളുടെ ഐക്യത്തെ, സാഹോദര്യത്തെ തകർത്തുന്ന ഒരുത്തനെയും നിങ്ങൾ അതിന് അനുവദിക്കരുത്..

അറുപതും എഴുപതും എൻപതും വയസ്സുള്ള നിങ്ങളുടെയൊക്കെ നേതാക്കൾ ജീവിതത്തിലെ എല്ലാം അനുഭവിച്ചറിഞ്ഞവരാണ്..
നിങ്ങൾ നിങ്ങളുടെ സുന്ദരമായ ജീവിതം ജീവിച്ച് തുടങ്ങിയിട്ടേയുള്ളൂ..
നിങ്ങൾ ചിന്തിക്കുക..
ഇപ്പോൾ ഈ നടന്നുകൊണ്ടിരിക്കുന്ന കോലാഹലങ്ങളും മറ്റും നിങ്ങളുടെ ജീവിതത്തിന് ഏതെങ്കിലും തരത്തിൽ മാറ്റുകൂട്ടുമോ ഇല്ലയോ എന്ന്?..
ഒരു നേരത്തെ അരിയോ, ഒരു ജോലിയോ, നിങ്ങളുടെ ജീവിത സാഹചര്യം മെപ്പെടുത്താൻ ഉപയോഗപ്പെടുന്ന രീതിയിൽ എന്തെങ്കിലും സാധ്യമാകുമോ എന്ന്?..
തല്ലാനും കൊല്ലാനും അവസരം ഒരുക്കിക്കൊടുത്ത് അതിനെ നിയന്ത്രണത്തിലാക്കാനും അതുമൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കും ചിലവാകുന്ന ഭീമമായ തുക നിങ്ങളുടെ സന്തോഷപൂർണ്ണമായ ജീവിതത്തിന് വഴിയൊരുക്കേണ്ട ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികവും സാംസ്കാരികവുമായ മറ്റ് പല കാര്യങ്ങൾക്കും വിനിയോഗിക്കേണ്ടത് ആയിരുന്നില്ലേ എന്ന്?..

അക്രമങ്ങൾക്കും കോലാഹങ്ങൾക്കും കാരണമാകുന്ന മൂലകാരണം എന്താണെന്ന് മനസ്സിലാക്കി, അതുകൊണ്ട് തനിക്കും തന്റെ സമൂഹത്തിനും തന്റെ നാടിനും എന്ത് നേട്ടമാണ് ഉള്ളത് എന്ന് നിങ്ങൾ ചിന്തിക്കുക..
നിങ്ങൾ വോട്ട് ചെയ്ത് ജയിപ്പിക്കാൻ പോകുന്ന നിങ്ങളുടെ നേതാവ് നിങ്ങളെ ഉന്നമനത്തിലേക്ക്‌ നയിക്കാൻ പ്രാപ്തിയുള്ളവൻ ആണോ എന്നും നിങ്ങൾ ചിന്തിക്കണം..
നൂറ്റിയൻപത് കോടിയോളം ജനങ്ങളുള്ള നമ്മുടെ ഇന്ത്യയെ കുറച്ചാളുകളുടെ മാത്രം താല്പര്യത്തിനും ഉന്നമനത്തിനും വേണ്ടി ഉപയോഗിക്കുന്നുണ്ടോ എന്ന് നിങ്ങൾ ജാഗരൂകരായിരിക്കണം..
ആര് ജയിച്ചാലും ആരു ഭരിച്ചാലും നാനത്വത്തിൽ ഏകത്വം എന്ന നമ്മുടെ ആ ഒത്തൊരുമ നിലനിർത്തുന്നുണ്ടോ എന്നും നിങ്ങൾ ചിന്തിക്കണം..
നിങ്ങൾ വിജയിപ്പിക്കുന്ന ആൾ തെറ്റുകാരനാണെങ്കിൽ ആ തെറ്റിൽ നിങ്ങൾക്കും പങ്കുണ്ട് എന്ന് മനസ്സിലാക്കണം..

ഭരണപക്ഷമായാലും പ്രതിപക്ഷമായാലും നല്ലതിനെ നല്ലതെന്നും കെട്ടതിനെ കെട്ടതെന്നും തിരിച്ചറിയാനുള്ള ആർജ്ജവവും നിങ്ങൾക്കുണ്ടായിരിക്കണം..
സന്തോഷവും സമാധാനവും സമ്പൽസമൃദ്ധിയും നിറഞ്ഞ ഐശ്വര്യപൂർണ്ണമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ നിങ്ങളെ മുന്നിൽ നിന്ന് നയിക്കാൻ കഴിവുള്ളവനാണോ നിങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ പോകുന്നതെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം..
വരാൻ പോകുന്നത് നിങ്ങളുടെ കാലമാണ്..
പഴഞ്ചൻ ആശയങ്ങളും വിശ്വാസങ്ങളും വിശകലനം ചെയ്ത് നിങ്ങളുടെ സന്തോഷത്തോടെയുള്ള ജീവിതത്തിന് വേണ്ടത് സ്വീകരിച്ചും അല്ലാത്തത് നിരാകരിച്ചും നമ്മുടെ ഇന്ത്യയെ മുന്നോട്ട് നയിക്കേണ്ടത് നിങ്ങളാണ്”..
ജയ് ഹിന്ദ്…

സിദ്ദിഖ് പട്ട

By ivayana

Leave a Reply

Your email address will not be published. Required fields are marked *