രചന : ഡോ : ശാലിനി സി കെ ✍️
തോൾ വേദന അഥവാ shoulder joint pain മായി ഓ പിയിൽ വരുന്നവരുടെ എണ്ണം ഇപ്പോൾ വളരെയധികം കൂടുതലാണ്.
അധികവും സ്ത്രീകളാണ് എന്നത് ദുഃഖകരമായ ഒരു വസ്തുതയും.
പഞ്ചായത്തിൽ ജോലിചെയ്യുന്ന 40ുകളുടെ മദ്ധ്യത്തിൽ നിൽക്കുന്ന ഒരു സ്ത്രീ തോൾ വേദനയുമായി വന്നു.
പണിയൊക്കെ ചെയ്തു നടക്കുമ്പോൾ വേദന അത്രയ്ക്ക് അങ്ങ് അറിയുന്നില്ല ഡോക്ടറേ. എല്ലാം കഴിഞ്ഞ് വെറുതെ ഇരിക്കുമ്പോഴാ സഹിക്കാൻ മേലാത്ത വേദന. – എന്ന ആമുഖത്തോടെയാണ് വേദനയെ സംബന്ധിക്കുന്ന വിശദാംശങ്ങൾ മിക്ക സ്ത്രീകളും പറഞ്ഞു തുടങ്ങുന്നത്.
സ്ത്രീകൾ, വീട്ടമ്മമാർ ആണെങ്കിൽ പ്രത്യേകിച്ചും അവർക്കിതിന് ശാശ്വതമായ ഒരു പരിഹാരത്തിനപ്പുറം പെട്ടെന്ന് വേദനയെ കുറയ്ക്കുന്ന കുഴമ്പോ തൈലമോ ആണ് ആവശ്യം.
പലരിലും വേദന തുടങ്ങിയിട്ട് വർഷങ്ങൾ ആയിട്ടുണ്ടാവും.
ഇപ്പോൾ വേദന സഹിക്കാൻ വയ്യാതായി, അല്ലെങ്കിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടായി തുടങ്ങി എന്നതുകൊണ്ടാണ് ചികിത്സയെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത്.
ഒരേ പൊസിഷനിൽ ഇരുന്ന് കുറച്ച് സമയം സിസ്റ്റം ഉപയോഗിച്ച് കഴിയുമ്പോൾ തോള് പറിഞ്ഞു പോകുന്നതുപോലെ വേദനിക്കുന്നു എന്നതായിരുന്നു ഈ രോഗിയുടെ ഏറ്റവും വലിയ പ്രശ്നം.
വേദന തുടങ്ങിയിട്ട് ഏതാനും മാസങ്ങൾ കഴിഞ്ഞു. ആദ്യമൊക്കെ ചെറിയ വേദനയായിരുന്നു. ഒന്നും ചെയ്യാതെ തന്നെ തനിയെ അത് മാറുകയും ചെയ്തു.
പിന്നീട് വേദനയുടെ തീവ്രത വർദ്ധിച്ചു. വേദനസംഹാരി കഴിക്കുകയോ ചൂടുപിടിക്കുകയോ ഒക്കെ ചെയ്യുമ്പോൾ വേദന തൽക്കാലത്തേക്ക് ഒന്ന് കുറയുകയും വീണ്ടും വരുകയും ചെയ്യുന്ന അവസ്ഥയായിരുന്നു അടുത്തത്.
ഇപ്പോൾ ഏതാണ്ട് മുഴുവൻ സമയവും വേദനയാണ് എന്ന് മട്ടിലായി.
തോൾ വേദന ഉണ്ടാകുന്നതിനു പല കാരണങ്ങൾ ഉണ്ട്.
അവയിൽ പ്രധാനപ്പെട്ട ഒന്നാണ് കഴുത്തിലെ കാശേരുക്കൾക്കിടയിൽ രൂപം കൊള്ളുന്ന പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന തോൾ വേദന.
ഈ തരം വേദനയിൽ, യഥാർത്ഥത്തിൽ തോൾ സന്ധിക്കുള്ളിൽ വലിയ പ്രശ്നം ഒന്നും ഉണ്ടാവില്ല.
പലപ്പോഴും, തോൾ വേദന വന്നാൽ അത് സന്ധിക്കുള്ളിലെ തേയ്മാനം കൊണ്ടാണെന്നു ഒരു പരിശോധനയും നടത്താതെ ആൾക്കാർ വിശ്വസിക്കാറുണ്ട്.
ചില ലക്ഷണങ്ങളിലൂടെ തോൾ വേദനയ്ക്ക് പിന്നിൽ കഴുത്തിലെ കശേരുക്കളുടെ കറുത്ത കയ്യുണ്ടോ എന്ന് നമുക്ക് പരിശോധിക്കാവുന്നതാണ്.
വിശദമായി പരിശോധിച്ചപ്പോൾ ഈ രോഗിയിൽ ഷോൾഡർ ജോയിന്റിലെ പ്രശ്നം കൊണ്ടല്ല വേദന എന്ന് മനസ്സിലായി.
കഴുത്തിലെ കശേരുക്കൾക്കിടയിൽ നീർക്കെട്ട് തേയ്മാനം മുതലായ സംഗതികൾ കൊണ്ട് തോളിലേക്ക് വേദന വരാം.
അങ്ങനെയുള്ളവരിൽ കഴുത്തിനും വേദനയുണ്ടാവും.
കഴുത്തിൽ നിന്ന് വേദന തുടങ്ങുകയും തോൽപ്പലക, തോളിലെ സന്ധി,കൈ എന്നിവിടങ്ങളിലേക്ക് വേദന പടരും.
ഇത് മിക്കപ്പോഴും കഴുത്തിലെ കശേരുകൾക്കിടയിൽ ഉള്ള ഞരമ്പിന് ഞെരുക്കം സംഭവിക്കുന്നത് കൊണ്ട് ഉണ്ടാകുന്നതായിരിക്കും.
വേദന തോൾ സന്ധിയിൽ മാത്രമാവില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം.
കയ്യിലേക്കും വിരലുകളിലേക്കും മരപ്പ് തരിപ്പ് എന്നിവ ഉണ്ടാകാം.
എന്തെങ്കിലും വസ്തുക്കൾ വിരലുകൾ കൊണ്ട് പിടിക്കാൻ പ്രയാസം അനുഭവപ്പെടും.
ഇടത്തേക്കോ വലത്തേക്കോ താഴേക്കോ മുകളിലേക്കോ ചലിപ്പിക്കുമ്പോൾ ഇവരിൽ കഴുത്തിന് വേദന ഉണ്ടാകാറുണ്ട്.
ഇവർക്ക് കൈ ഉയർത്താൻ വലിയ പ്രയാസം ഒന്നും ഉണ്ടാവുകയില്ല. ഉയർത്താൻ മാത്രമല്ല ഷോൾഡർ ജോയിന്റിന്റെ മറ്റ് ചലനങ്ങളും ഏറെക്കുറെ നോർമൽ ആയിരിക്കും.
രാവിലെ എഴുന്നേൽക്കുന്ന സമയത്ത് തോളിന് പിടുത്തം അഥവാ സ്റ്റിഫ്നസ് അനുഭവപ്പെടാറുണ്ട്.കുറച്ച് സമയം കഴിയുമ്പോൾ അത് മാറുകയും ചെയ്യും.
ലാപ്ടോപ്പ്, മൊബൈൽ മുതലായവ കുറച്ചധികം സമയം ഉപയോഗിക്കുമ്പോഴോ ഒരേ പൊസിഷനിൽ കുറിച്ച് സമയം ഇരിക്കുമ്പോഴോ ഇവരിൽ കഴുത്തിനും തോളിനും വേദന അധികമായി അനുഭവപ്പെടും.
പ്രമേഹം ഉള്ളവരിൽ ഈ പ്രശ്നങ്ങളും അതുകൊണ്ടുണ്ടാകുന്ന വേദനയും കുറച്ച് കൂടുതലായിട്ടാണ് കണ്ടുവരുന്നത്.
വ്യായാമം ഇല്ലായ്മ ഈയൊരു പ്രശ്നത്തിന്റെ കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.
രോഗിയെ വിശദമായി പരിശോധിക്കുന്നതിലൂടെയും,X ray, MRI പോലെയുള്ള പരിശോധനകളിലൂടെയും കഴുത്തിലെ പ്രശ്നങ്ങൾ കണ്ടെത്താവുന്നതാണ്.
ആർത്തവവിരാമത്തോട് അടുക്കുന്ന സമയത്ത് സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങൾ അധികമായി കണ്ടുവരുന്നുണ്ട്.
ആയുർവേദ ചികിത്സയിലൂടെ ഈയൊരു പ്രശ്നത്തിന് തൃപ്തികരമായ രീതിയിൽ പരിഹാരം കണ്ടെത്താൻ സാധിക്കും.
ഉള്ളിലേക്ക് ചെറിയ മരുന്നുകൾ, പുറമേയുള്ള ചെറിയ ചികിത്സകൾ, ശിരസ്സിൽ യുക്തമായ എണ്ണ ശീലിക്കൽ, വ്യായാമം എന്നിവയിലൂടെ ഈയൊരു പ്രശ്നത്തെ ഏറെക്കുറെ പൂർണമായി പരിഹരിക്കാൻ ആകും.
മരുന്നുകൾ കൊണ്ട് വേദനയും നീർക്കെട്ടും ഏറെക്കുറെ പൂർണമായി മാറ്റാൻ ആകുമെങ്കിലും പിന്നീട് രോഗം വരാതിരിക്കുന്നതിന് വ്യായാമം നിർബന്ധമായും ശീലിക്കണം.
മുഴുവൻ സമയവും ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ ഒന്ന് എഴുന്നേറ്റ് , രണ്ടു ചാൽ നടന്ന് കയ്യും കാലും ഒക്കെ ഒന്ന് സ്ട്രിച്ച് ചെയ്ത്, റിലാക്സ് ചെയ്തു തിരികെ ഇരുന്ന് ജോലി ചെയ്യുന്നതാണ് ഉത്തമം.
നടു നിവർത്തി തന്നെ ഇരിക്കാൻ ശ്രദ്ധിക്കണം.
സിസ്റ്റം ഉപയോഗിക്കുന്നവർ അതിന്റെ പൊക്കം ക്രമീകരിച്ചു വച്ച് ഉപയോഗിക്കുന്നതാണ് നല്ലത്.
കഴുത്ത് അധികമായി കുനിഞ്ഞ രീതിയിൽ ഇരിക്കരുത്.
സാധാരണ റിവോൾവിങ് ചെയറുകൾ നടുവിന് സപ്പോർട്ട് തരുന്നവയല്ല. ബാക്ക് സപ്പോർട്ട് നൽകുന്ന വിധത്തിലുള്ള കസേരകൾ ഉപയോഗിക്കാം.
ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ അധികം ഉയരമുള്ള തലയണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
നീരീളക്കം ഉണ്ടാകുന്നവർ കുളിച്ചതിന് ശേഷം നിറുകയിൽ രാസ്നാദി ചൂർണ്ണം ഉപയോഗിക്കുന്നത് നല്ലതാണ്.
10 – 15 ദിവസം കൊണ്ട് തന്നെ എന്റെ രോഗിയുടെ വേദന നല്ല രീതിയിൽ കുറഞ്ഞു.
തിരഞ്ഞെടുപ്പ് തിരക്കുകളിലൂടെ പായുകയാണെങ്കിലും വ്യായാമം മുടക്കരുത് എന്ന് കർശനമായി തന്നെ പറഞ്ഞിട്ടുണ്ട്.
ചികിത്സ നിർബന്ധമായും ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ തന്നെ ആയിരിക്കണം.
ആരെങ്കിലും പറഞ്ഞു കേൾക്കുന്ന തൈലങ്ങൾ പുരട്ടുക, യൂട്യൂബ് വൈദ്യങ്ങൾ പരീക്ഷിക്കുക എന്നിവ സ്വന്തം ആരോഗ്യ കാര്യത്തിൽ ചെയ്യാതിരിക്കുക.
പത്തിൽ അഞ്ചു സ്ത്രീകളിലും കഴുത്ത്, തോൾ പ്രശ്നങ്ങൾ ഉണ്ട്.
ചികിത്സിക്കാതെ കൊണ്ട് നടന്ന് ഗുരുതരാവസ്ഥയിൽ എത്തിക്കാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കുക.
