കടലലകളുടലിലൊരു തിരയലകളാകെ
കനലലകളൊഴിയുന്നു തിരമറന്നെങ്ങോ
കനവിലലയാഴിയില്‍ തിരയുന്ന മോഹം
കടമിഴികള്‍നൊന്തങ്ങിറങ്ങുന്നു ദൂരെ
കടവിലൊരുചെറുവള്ളം തുഴയുന്നു ഞാനും
തുഴയതഴലിലെ പെരുവെള്ളപ്പാച്ചില്‍
മഴയിതെഴുതുമിയഴകിന്റെ ചാലില്‍
ഒഴുകുമെന്‍കണ്ണീരു ചെറുചാലുപോലെ
ചെറുതല്ലയെന്‍ബാല്യമലകടല്‍പോലെ
പലവുരുമറിഞ്ഞങ്ങൊഴുകിനീങ്ങുന്നു
ചെറുതടകളലകളില്‍ ഞാന്‍കെട്ടിവയ്‌ക്കേ
മറിയുന്നുമനമതില്‍ പുളകങ്ങളായി
ഞാന്‍തൊട്ട കളിവില്ലിന്‍ കളകളനാദം
ചിരിയലകളുരുവിട്ടു പഴമ്പാട്ടുമൂളി
മനമിതളുകവരുന്ന ചെറുമന്ദഹാസം
പാല്‍നിറംപൂണ്ടൊരു വനമുല്ലയായി
ഒരുമഴകുളിരറിഞ്ഞെങ്ങോ മറഞ്ഞു
മറുമഴചൊരിഞ്ഞങ്ങു പേമാരിയായി
ഇനിയഴകുപെയ്യുവാന്‍ കാത്തുനില്‍ക്കാതെ
കാലമെന്‍കൈയ്യിലായൊരുരുള തന്നു
ഉരുള ഞാന്‍ നേദിച്ചു പിണ്ഡമായ് വച്ചു
അലകളുരുവിട്ടങ്ങലയാഴി ചേര്‍ന്നു
നെഞ്ചകത്തമ്മയെന്‍ കടലായുറഞ്ഞു
അലകളൊരുമൊഴിയെന്നില്‍ കാറ്റായ് പതിഞ്ഞു
കടലലകളുടലിലൊരു തിരയലകളാകെ
കനലലകളൊഴിയുന്നു തിരമറന്നെങ്ങോ
കനവിലലയാഴിയില്‍ തിരയുന്ന മോഹം
കടമിഴികള്‍നൊന്തങ്ങിറങ്ങുന്നു ദൂരെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *