രചന : ബി_സുരേഷ്കുറിച്ചിമുട്ടം✍️
കൂരിരുൾ കോണിലിരുന്നവൻ നെയ്യുന്നു,
തന്ത്രങ്ങൾ മനഞ്ഞൊരു മായാവല.
കാണാത്ത നൂലുകളാലവൻ തീർപ്പൂ,
കൈയ്യും മെയ്യും കുരുക്കും വല!
മന്ദസ്മിതത്തിൻ്റെ മാധൂര്യം പുരട്ടിയീ,
മനിതനും നെയ്യുന്നവോ സൗഹൃദവല.
അറിയാതെ വീഴുന്ന സാധുക്കളെയെല്ലാം,
അറപ്പില്ലാതെയവൻ ചൂഷണം ചെയ്തിടും!
സ്വാർത്ഥതതൻ ഉന്മാദത്തിൽ നിന്നുമൂറും,
വിഷത്താലവൻ തൻ്റെ കെണിയൊരുക്കും.
നിഗൂഢമാം ചിന്തയാൽ
പകപോക്കലിനായ്,
പതുങ്ങിയിരിപ്പൂ തഞ്ചം നോക്കി!
അടുപ്പം നടിച്ച് വഞ്ചന തൻ കയ്പ്പേറ്റി,
അകംനീറ്റിടുന്നു മനുഷ്യൻ തൻ കുടിലതയാൽ.
ചിലന്തി തൻ വലയിലെ ഇരയെന്നപോലെ,
ചിലർ വീണുഴലുന്നു ജീവിതവീഥിയിൽ!
വല നെയ്തു തീർക്കും വിനാശത്തിൻ,
വക്താക്കളായി മാറുന്നു മർത്യൻ.
ഓർക്കുകയെന്നെങ്കിലും ഈ വലക്കണ്ണികൾ,
നിന്നെത്തന്നെ വരിഞ്ഞുശ്വാസം മുട്ടിച്ചീടുമെന്ന്!

