അന്യനിലെ ‘കണ്ണും കണ്ണും നോക്കിയാ’
കാണുന്നു
സദ എന്ത് സുന്ദരിയാണ്!
അവരെ കാമുകിയായി സങ്കൽപ്പിച്ച
ആ നാളുകൾ ഓർത്ത്പോകുന്നു,
അനന്തരം നാണിക്കുന്നു.
അടുത്ത ഗാനത്തിൽ സിമ്രാൻ..
സിമ്രാൻ എന്ത് സുന്ദരിയാണ്!!
അവരെ കാമുകിയായി സങ്കൽപ്പിച്ച
ആ നാളുകൾ ഓർത്ത്പോകുന്നു,
അനന്തരം നാണിക്കുന്നു.
പിന്നെ രംഭ വന്നു
മല്ലിക ഷെരാവത്ത് വന്നു
ഞാൻ നാണിച്ചു,നാണിച്ചു,നാണിച്ചു….
ഇപ്പൊൾ ഞാൻ,
ഭൂമിക്കടിയിലേക്ക് യൗവനം
പുതച്ചു വയ്ക്കുന്ന
ഒരു മുതുക്കൻ ഒട്ടക പക്ഷി.
മുഖം അത്യാസന്ന നിലവിളിയുമായി
പാഞ്ഞു പോകുന്ന ആംബുലൻസിന്റെ
ബീക്കൺ ലൈറ്റ്,
തഴമ്പ് വീണ ഉള്ളം കയ്യ്
മാഞ്ഞു പോയ രേഖകളെ ഓർക്കുന്ന,
‘കൈ വിട്ടു ‘ കളഞ്ഞ
കാമുകിമാരെ ഓർക്കുന്ന
വരണ്ട മരുഭൂമി.
കാലം കുറ്റബോധം എന്ന കൈവിഷം നിരന്തരം കുടിപ്പിക്കുന്നു,
ചെവിയിൽ തൂക്കിയെടുക്കുന്നു,
എന്നെക്കൊണ്ട്
‘സ്ത്രീ വെറുമൊരു ഭോഗ വസ്തുവല്ല’ എന്ന് ആയിരം തവണ
ഇമ്പോസിഷൻ എഴുതിക്കുന്നു.

രാ ഗേ ഷ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *