രചന : എം പി ശ്രീകുമാർ ✍️
പൂഴിമണ്ണിലാണു നമ്മൾ
പടർന്നിടുന്ന പുല്ലുകൾ
ഭൂമിമണ്ണിൽ തന്നെ പിന്നെ
ലയിച്ചു ചേർന്നിടേണ്ടവർ
ഉയർന്ന കർമ്മചിന്തയാൽ
ശിരസ്സുയരുമെങ്കിലും
ഭവ്യരായിട്ടിരുന്നിടാം
ധാർഷ്ട്യമകലെ നിർത്തിടാം
ഇന്നു കാൺമതൊന്നുമല്ല
നാളെയെന്നതല്ലയൊ
എന്നും നമ്മൾ കണ്ടിടുന്ന
നിത്യമാമൊരു വസ്തുത
ഇല്ല മൂല്യം നൻമയ്ക്കെന്ന
ചിന്ത പാടില്ലൊട്ടുമെ
.
നൻമയല്ലൊ നന്മകളെ
യുണർത്തിടുന്നതെന്നുമെ
ഇനി മറഞ്ഞുപോകിലും
പതിൻമടങ്ങു ശക്തിയിൽ
മടങ്ങിവരും വെട്ടമായ്
നിലവിലതു നിർണ്ണയം
തിരകൾ പോലെ വന്നിടും
പലതും മുന്നിലെങ്കിലും
തരിമ്പും വേണ്ട ഭീതികൾ
നേർവഴിക്കു പോകുകിൽ .

