കവലയുടെ ഒത്ത നടുവിൽ
വാറു പൊട്ടിയ ഒരു ചെരുപ്പ്.
അതിനുള്ളിൽ
പാതിവഴിയിലുപേക്ഷിച്ചൊരു
യാത്രയുടെ ചൂട്.
പോയാറ ചൂരിൽ പകുതി നനവുള്ള
ഇളം പിങ്ക് കൈലേസ്.
അതിൻ മടക്കിൽ,
പറഞ്ഞു വിതുമ്പിയ സങ്കടങ്ങളുടെ
അവസാന നനവ്
കാത്തുവെച്ചൊരു മൗനം.
സിഗ്നൽ വിളക്ക്
മാറിമാറി തെളിയുമ്പോൾ,
ജീവിതം മുഴുവൻ “നിൽക്ക് നിൽക്കെന്ന”
മന്ത്രം മാത്രംകേട്ട
ഒരു സ്ത്രീയുടെ കണ്ണുകൾ
നട്ടുച്ചയ്ക്ക്
ആകാശത്തിലേക്ക് പറന്നുപോയി.
വറ്റിപ്പോകുന്നതിൻ മുമ്പ്
അവസാനമായി
കടലിനെ സ്വപ്നംകണ്ട
കൈത്തോടുപോലെ.
ഒരിക്കലവളൊരു നദിയായിരുന്നു.
എല്ലാവരുടെയും ദാഹം തീർത്തു
വേരുകൾ നനച്ചു
പ്രതിബിംബങ്ങൾ വഹിച്ചു.
ഒരു ദിവസം
സ്വന്തം മുഖം കാണാൻ നോക്കിയപ്പോൾ
നദി അതാ വറ്റിപ്പോയിരിക്കുന്നു

ജനക്കൂട്ടം അവളെ തിരഞ്ഞു.
അവളെ പൂർണ്ണമായും കാണാതായതു
കവലയിൽനിന്നായിരുന്നില്ല.
അടുക്കളയിലെ പുകയിൽനിന്ന്
ഒരു പിടി ശ്വാസം.
ഉത്തരവാദിത്തങ്ങളുടെ കയറിൽനിന്ന്
ഒരു ചാൺ ജീവൻ.
നിശ്ശബ്ദതയുടെ കിണറിൽനിന്ന്
ഒരു തൂക്ക് നെടുവീർപ്പ്.
ഉറക്കമില്ലാത്ത രാത്രിക്കരികിൽനിന്ന്
ഒരു നുള്ളുസ്വപ്നം.
വിളമ്പിവെച്ച സ്നേഹത്തിൻ
തളികയിൽനിന്ന്
ഒരു കഷ്ണം വിശപ്പ്.
അവളെ കാണാതായതൊരൊറ്റ
നിമിഷത്തിലായിരുന്നില്ല.
താൻ കൊടുത്തുതീർത്ത
പേരില്ലാത്ത ത്യാഗങ്ങളുടെ
ചാരത്തിനടിയിലൂടെ
അൽപ്പാൽപ്പമായി
അവളൊഴിഞ്ഞു പോയി.

കവലയിൽ കാണാതായ സ്ത്രീയെക്കുറിച്ച്
നഗരം മുഴുവൻ സംസാരിച്ചിരുന്നു.
ആൾക്കൂട്ടം
കവലയിലെത്തിയപ്പോൾ
കാണാതാകാൻ മാത്രം ഒരു സ്ത്രീ പോലും
അവിടെ ബാക്കിയുണ്ടായിരുന്നില്ല.
പെണ്ണുങ്ങളൊരിക്കലും
ഒറ്റയടിക്കു കാണാതാവുന്നില്ല.
അവർ
ദിവസവും അല്പാല്പമായി
അപ്രത്യക്ഷരാകുന്നു.

വാക്കനൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *