വരികയായ്… വരികയായ്…
ഹരിലീലകൾ ചുവടണിയുന്ന ശോഭായാത്ര!
കുഞ്ഞുകുരലിൽ നാടു കേൾക്കട്ടെ—
കനിവാണു കൃഷ്ണകഥയുടെ കാതലെന്ന്!
താളം ചേരും… കൈകൾ ചേരും…
താരതമ്യത്തിൻ മതിലുകൾ വീഴും;
നിരനിരയായ് ബാല്യം നീങ്ങുമ്പോൾ,
നന്മയ്ക്കൊരു നാദം നാടാകെ പടരും!
കാളിയനുമേൽ ചുവടു പതിയേ,
കുഞ്ഞിലെ പേടി കീഴടങ്ങും;
ഗിരിയുയർത്തും വിരലു കാണേ,
ചേർന്നുനിൽപ്പിൻ പൊരുളറിയും.
കുചേലസഖ്യം കഥയിലിറങ്ങേ,
കുലധനഭേദം വഴിമാറും;
വെണ്ണക്കുടത്തിൻ കുറുമ്പു പകരേ,
പങ്കിട്ടുണ്ണും രുചിയറിയും.
യശോദയായി ബാലിക വരുമ്പോൾ,
വാത്സല്യത്തിനു പ്രായമില്ല;
രാധാഭാവം മിഴിയിൽ നിറയേ,
സ്നേഹത്തിനു സ്വന്തമെന്ന അതിരില്ല.
കിരീടമണിയും കുഞ്ഞിൻ ശിരസ്സിൽ
കീർത്തിയല്ല—കടമ വളരും;
കുഴലേന്തുന്ന കുഞ്ഞുകരങ്ങളിൽ
കലഹസ്വരങ്ങൾ ഗാനമാകും.
ഒരു ചെറുകിരീടം ചെരിയാതിരിക്കാൻ
നൂറു കരുതലുകൾ കാവലിരിക്കും;
ഒരു ചെറുഹൃദയം തെറ്റാതിരിക്കാൻ
ബാലഗോകുലം കൂടെ നടക്കും.
ഘോഷമകലുമ്പോൾ ശേഷിക്കുന്നതു
വർണ്ണമല്ല—നേർവഴിയോർമ്മ;
ബാലഗോകുലം കുഞ്ഞിൽ കുറിക്കുന്നതു
കാലം മായ്ക്കാത്ത കൃഷ്ണാക്ഷരം!
വരികയായ്… വരികയായ്…
ഹരിലീലകൾ ചുവടണിയുന്ന ശോഭായാത്ര!
കുഞ്ഞുകുരലിൽ നാടു കേൾക്കട്ടെ—
കനിവാണു കൃഷ്ണകഥയുടെ കാതലെന്ന്!

ശ്രീകുമാർ കൈമുക്ക്

By ivayana

Leave a Reply

Your email address will not be published. Required fields are marked *