രചന : സുമേഷ് കെ മണകുളം ✍️
കുരുക്ഷേത്രയുദ്ധം തീരുമാനമായ സാഹചര്യത്തിൽ ഒരു ദിവസം കാര്യങ്ങൾ ഒക്കെ സംസാരിക്കാൻ കൃഷ്ണൻ പാണ്ഡവരുടെ വീട്ടിൽ എത്തി. ചർച്ചയൊക്കെ കഴിഞ്ഞപ്പോ നേരം വൈകിയത് കാരണം അന്ന് അവിടെ സ്റ്റേ ചെയ്യാൻ മൂപ്പര് തീരുമാനിച്ചു.
രാത്രിഅർജുന്നന്റെ കൂടെ പോയി ഒരു സെക്കന്റ് ഷോ സിനിമയും കണ്ട് തിരിച്ച് വീട്ടിലെത്തി, ആർജ്ജുനനോട് ഗുഡ് നൈറ്റും പറഞ്ഞ് കിടക്കാൻ പോകുമ്പോ യുധിഷ്ഠിരന്റെ റൂമിൽ ലൈറ്റ് കണ്ടു.
സ്ഥലം മാറി കിടന്നാൽ ഉറക്കം വരാൻ ബുദ്ധിമുട്ടായത് കൊണ്ട് ന്നാ കുറച്ച് നേരം യുധിഷ്ഠിരനുമായി സംസാരിച്ചിരിക്കാം എന്ന് കരുതി കൃഷ്ണൻ ആ റൂമിലേക്ക് ചെന്നു.
ചാരിയിട്ട വാതിൽ പതുക്കെ തുറന്നപ്പോ കണ്ട കാഴ്ച….
ദ്രൗപതി…..
അതല്ല…. ആ സമയത്ത് സഹദേവന്റെ ഊഴം ആയിരുന്നു….. ദ്രൗപതി അവിടിണ്ടാവില്ല്യാന്ന് ഉറപ്പായത് കൊണ്ടാണ് കൃഷ്ണൻ ധൈര്യമായി വാതിൽ തുറന്നത്
യുധിഷ്ഠിരൻ ടീപോയ്‌മ്മേ കാലും കയറ്റി വെച്ച് കസേരയിൽ എന്തോ ആലോചിച്ച് ഇരിക്കുന്നു. കൈയ്യിൽ പാതി ഒഴിഞ്ഞ ഗ്ലാസ്സ്. ടീപോയ്‌മ്മേ ഒരു കാൽഭാഗം മാത്രം ബാക്കിയുള്ള ഒരു ബ്ലാക്ക് ലേബലിന്റെ കുപ്പി, ഐസ് ബോക്സ്, പിന്നെ ഒരു പ്ളേറ്റിൽ കൊറച്ച് അച്ചാറും.
“യുധിയേട്ടാ ഉറങ്ങിയില്ലേ??”
ശബ്ദം കേട്ട യുധിഷ്ഠിരൻ തലയുയർത്തി നോക്കി.
“ആ, കൃഷ്ണനാ? നീ ഒറങ്ങില്ല്യേ?”
“ഇല്ല്യാ, സ്ഥലം മാറി കിടന്നോണ്ടാണെന്ന് തോനുന്നു, ഒറക്കം വന്നില്ല്യാ.”
“എനിക്ക് പിന്നെ ആ കൊഴപ്പല്ല്യാ, എവിടെ കെടന്നാലും ഒറങ്ങും.”
“ന്നട്ട് എന്താ ഒറങ്ങാത്തേ”?
“ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നു.”
“യുദ്ധത്തെ പറ്റി ആണോ ടെൻഷൻ?”
“ആ, യുദ്ധവും ഒരു പ്രശ്നാണല്ലോ.”
“അതിനെ പറ്റി ചേട്ടൻ ടെൻഷൻ അടിക്കണ്ടാ, ഞാനില്ല്യേ ഇവിടെ.”
“നെന്നെ എനിക്ക് വിശ്വാസാ, ന്നാലും.”
“ഒരേന്നാലും ഇല്ല്യ ചേട്ടാ, മ്മള് പൊളിക്കും.”
“മ്മ്…”
“എന്താ ചേട്ടാ ഒരു വിശ്വാസല്ല്യാത്ത പോലെ?”
“ഏയ്, വിശ്വാസത്തിന്റെ പ്രശ്നല്ല “
“പിന്നെന്തുട്ടാ?”
“ഞാൻ ഇങ്ങനെ ഇരുന്നപ്പോ വല്ല്യച്ഛന്റെ കാര്യം ആലോചിച്ചു.”
“അതെന്തുട്ടാ ഇത്ര ആലോചിക്കാൻ?”
“അതല്ലടാ, മൂപ്പരെ എനിക്ക് ഇപ്പളാ മനസ്സിലാവണെ”
“എനിക്ക് അങ്ങേരെ നേരത്തെ മനസ്സിലായി, കള്ള ബടുവ.”
“അതല്ല കൃഷ്ണാ, ഏതൊരു അച്ഛനും ആഗ്രഹിക്കുന്ന കാര്യം അല്ലേ മൂപ്പരും ആഗ്രഹിച്ചുള്ളൂ.”
“എന്തുട്ടാ ചേട്ടൻ പറഞ്ഞു വരണേ?”
“വല്യച്ഛന് ഞങ്ങളോട് ദേഷ്യമൊന്നും ഇണ്ടാർന്നില്ല്യാ.”
“പിന്നെ ഇഷ്ടം കൂടിയ കാരണമാണോ നിങ്ങളെ ഈ കഷ്ടപ്പാടൊക്കെപ്പെടുത്ത്യേ?”
“എന്റെ കൂട്ടുകാരൻ എന്നോട് പറഞ്ഞിട്ടുണ്ട്, മ്മള് എന്ത് പ്രശ്നം ഉണ്ടായാലും മ്മടെ സൈഡ് മാത്രം ചിന്തിക്കാണ്ട് അപ്പുറത്തുള്ള ആൾടെ സൈഡ് കൂടി ചിന്തിക്കണന്ന്. അങ്ങിനെ ചിന്തിച്ചപ്പോ “
“ചിന്തിച്ചപ്പോ?”
“മൂപ്പര് ചെയ്തതൊക്കെ എന്തിനാ? ദുര്യോധനനെ രാജാവാക്കാനല്ലേ . സ്വന്തം മോന്റെ കാര്യം വരുമ്പോ ഏതച്ഛനാ സ്വാർത്ഥനാവാത്തേ?
“ന്നാലും…”
എന്തുട്ടെന്നാലൂടാ കൃഷ്ണാ, കുടുംബത്തിൽ മൂത്ത ചെക്കൻ എന്ന പേരിൽ അല്ലേ എനിക്ക് രാജാവകാശം. രാജാവിന്റെ മൂത്ത മോൻ രാജാവ് എന്ന് പറഞ്ഞാൽ അവൻ അല്ലേ രാജാവാകേണ്ടത്.”
“പക്ഷെ കുടുംബത്തിലെ മൂത്ത ചെക്കൻ, അതല്ലേ മ്മടെ ഭാഗത്തൊക്കെള്ള നാട്ടുനടപ്പ്.”
“നാട്ടു നടപ്പ് അതന്ന്യാ, അതാപ്പോ ശരിക്കും എന്റെ ടെൻഷൻ.”
“അതിനെന്തിനാ ചേട്ടന് ടെൻഷൻ? യുദ്ധം ജയിച്ചാൽ ചേട്ടൻ തന്നെ രാജാവ്.”
“അതാ ഞാൻ പറഞ്ഞത്, എനിക്കിപ്പോ വല്യച്ഛനെ മനസ്സിലാവ്ണ്ട്ന്ന്.”
കൈയിലെ ഗ്ലാസ്സ് കാലിയാക്കി യുധിഷ്ഠിരൻ വീണ്ടും ഗ്ലാസ്സ് നിറച്ചു.
“ധർമ്മിഷ്ഠൻ എന്ന പട്ടം ഒരു ബാധ്യതയാണ് പലപ്പോഴും. ധർമ്മിഷ്ഠന് എപ്പോഴും അവന്റെ ആ പ്രതിഛായ സംരക്ഷിക്കണം. അതിന് വേണ്ടി അവന് ഒരു പാട് കാര്യങ്ങൾ ത്യജിക്കേണ്ടി വരും. പല വിഷമങ്ങളും ഉള്ളിൽ തന്നെ കുഴിച്ച് മൂടേണ്ടി വരും. പല അവസരങ്ങളിലും നിസ്സഹായനായി നിൽക്കേണ്ടി വരും. ചൂതിൽ തോറ്റ്, ദ്രൗപതിയെ അവർ സഭാമധ്യത്തിൽ അപമാനിച്ചപ്പോൾ അതായിരുന്നു എന്റെ അവസ്ഥ. പത്നിയുടെ മാനത്തേക്കാൾ പ്രതിഛായക്ക് വില കല്പിക്കേണ്ടി വന്നത് നീയും കണ്ടതല്ലേ കൃഷ്ണാ? “
കൃഷ്ണൻ മറുപടിയൊന്നും പറഞ്ഞില്ല. യുധിഷ്ഠിരൻ ഇരിപ്പിടത്തിൽ നിന്ന് എണീറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കി നിന്ന് കൊണ്ട് പറഞ്ഞു.
“വല്യച്ഛന് പ്രതിഛായയുടെ ഭാരം ഇണ്ടാർന്നില്ല്യാ. അത് കൊണ്ട് അന്ധമായ പുത്രവാത്സല്യം കാണിക്കാൻ അദ്ദേഹത്തിന്റെ മുന്നിൽ തടസ്സങ്ങൾ ഇല്ലായിരുന്നു.”
“ചേട്ടൻ ഇനി കഴിക്കണ്ട, ഇപ്പന്നെ ഓവറാ. കിടക്കാൻ നോക്ക്.”
കിടന്നാലും എനിക്ക് ഉറങ്ങാൻ പറ്റില്ല്യാ കൃഷ്ണാ , ന്റെ ഉള്ളില് തീയാണ്.”
“എന്തുട്ടാ ചേട്ടന്റെ ശരിക്ക്ള്ള പ്രശ്നം? പറഞ്ഞല്ലോ യുദ്ധം ആണെങ്കിൽ ആ ടെൻഷൻ വേണ്ടാ, മ്മള് ജയിക്കും, ചേട്ടൻ അടുത്ത രാജാവാകും.”
“അതെനിക്ക് അറിയാം, കാരണം നിന്നെ എനിക്ക് വിശ്വാസാ, പക്ഷെ എന്റെ കാലശേഷം, നാട്ടുനടപ്പനുസരിച്ച് നോക്കിയാൽ എന്റെ മോൻ പ്രതിവിന്ധ്യന് രാജാവാകാൻ പറ്റില്ല്യാ, അവനല്ല കുടുംബത്തിൽ മൂത്തത്. ഇവിടെയാണ് കൃഷ്ണാ യുധിഷ്ഠിരൻ മറ്റൊരു ധൃതരാഷ്ട്രർ ആകുന്നത്, ചരിത്രം ആവർത്തിക്കപ്പെടും എന്ന് എന്റെ മനസ്സ് പറയുന്നു. ധൃതരാഷ്ട്രർ മരിക്കുന്നില്ല, ഈ തലമുറയിൽ അത് ഞാനാണ് “
“പ്രതിവിന്ധ്യനല്ലാതെ പിന്നെ ആരാ ചേട്ടാ??”
“അവൻ, അവനാണ് ഞങ്ങളുടെ സന്തതി പറമ്പരയിൽ മൂത്തത്, ആ രാക്ഷസ സന്തതി, ഭീമന്റെ മകൻ ഘടോൽകചൻ. നാട്ടു നടപ്പനുസരിച്ച് അവനാകണം അടുത്ത കിരീടവകാശി, എന്റെ പ്രതിവിന്ധ്യൻ കിരീടവും ചെങ്കോലുമില്ലാത്ത വെറും രാജകുമാരൻ. “
“മ്മ്…. മനസ്സിലായി…. അതിന് വഴിയുണ്ട്.”
“വഴി വ്യക്തമാണ്. കൊല്ലൽ, അതല്ലാതെ വേറെ വഴിയില്ല. പക്ഷെ എങ്ങിനെ? ഞാനായിട്ട് എങ്ങിനെ അത് ചെയ്യും? എന്റെ പ്രതിഛായ ചെയ്തില്ലെങ്കിൽ എന്റെ പ്രതിവിന്ധ്യൻ…..””
“അതേ.. അവനെ കൊല്ലണം … നമ്മൾ അല്ല, ശത്രുവിനെ കൊണ്ട് കൊല്ലിക്കണം… “
“അവനെ ജയിക്കാൻ ആരുണ്ട്?
” ആരെയും ജയിക്കാൻ കഴിവുള്ളവനാണ് കർണ്ണൻ. കൊല്ലിക്കും നമ്മൾ, അതിന് വഴിയുണ്ട്…..”
“എന്ത് വഴി?”
“യുദ്ധത്തിനിടയിൽ അതിനുള്ള അവസരം ഞാൻ ഉണ്ടാക്കും. അപ്പോൾ ചേട്ടൻ ഞാൻ പറയുന്ന പോലെ പറഞ്ഞാൽ മതി. ബാക്കി ചേട്ടൻ ആഗ്രഹിച്ച പോലെ നടക്കും.”
“സത്യം??”
“സത്യം, അങ്ങയുടെ കാലശേഷം രാജ്യാവകാശം ചോദിക്കാൻ ഘടോൽകചൻ ഉണ്ടാകില്ല്യാ. അത് പോരേ?”
“അത് മതി , ആ ഉറപ്പ് മതി എനിക്ക്.”
“എന്നാൽ ചേട്ടൻ കിടക്കാൻ നോക്കു, ഇപ്പോൾ തന്നെ സമയം ഒരുപാട് വൈകി, ഞാനും ഒന്ന് കണ്ണടക്കാൻ പറ്റുമോ എന്ന് നോക്കട്ടെ.”
യുധിഷ്ഠിരന്റെ മുറിയിൽ നിന്ന് പുറത്ത് കടക്കുമ്പോൾ കൃഷ്ണൻ മനസ്സിൽ പറഞ്ഞു.
“ഈ യുദ്ധം എന്റെ തീരുമാനമാണ്. എന്റെ ഇച്ഛക്കനുസരിച്ച് അരങ്ങേറാൻ പോകുന്ന ഒരു നാടകം. നടക്കാൻ പോകുന്നതെല്ലാം ഞാൻ തീരുമാനിച്ചുറപ്പിച്ചതാണ്. ഹസ്തിനപുരത്തിന്റെ അവകാശം ഒടുവിൽ എന്റെ രക്തത്തിലേക്കാണ് എത്തേണ്ടത്… എന്റെ സുഭദ്രയുടെ മകന്റെ മകനിലേക്ക്.”
കുരുക്ഷേത്ര യുദ്ധത്തിന്റെ പതിനാലാം നാൾ രാത്രി യുദ്ധം തീരുമാനിച്ചപ്പോൾ കൃഷ്ണന്റെ നിർദ്ദേശ പ്രകാരം യുധിഷ്ഠിരൻ അടിയന്തിര സഭ വിളിച്ചു കൂട്ടി .ഏറ്റവും പിന്നിൽ നിൽക്കുന്നുണ്ടായിരുന്ന ഘടോൽകചനെ ചൂണ്ടി യുധിഷ്ഠിരൻ പ്രഖ്യാപിച്ചു.
“ഇന്ന് രാത്രി യുദ്ധത്തിൽ, ഞങ്ങളുടെ മൂത്ത പുത്രൻ, പാണ്ഡവരുടെ അടുത്ത തലമുറയിലെ കിരീടാവകാശി, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായ ഘടോൽകചൻ നമ്മുടെ പട നയിക്കും.
തന്റെ തീരുമാനങ്ങൾ നടപ്പാക്കപ്പെടുന്നതിന്റെ സന്തോഷം അപ്പോൾ കൃഷ്ണന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയായി വിരിഞ്ഞു.
വാൽകഷ്ണം : മഹാഭാരതത്തിലെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി, സാങ്കൽപ്പികമായി എഴുതിയ ഒരു സറ്റയർ മാത്രമാണിത്. പുരാണവിശ്വാസങ്ങളെയോ കഥാപാത്രങ്ങളെയോ അപമാനിക്കുകയോ യഥാർത്ഥ കഥയായി അവതരിപ്പിക്കുകയോ ചെയ്യുക ലക്ഷ്യമല്ല. പരിചിതമായ കഥയെ ഒരു തമാശയും വ്യംഗ്യവും കലർന്ന മറ്റൊരു കോണിലൂടെ കാണാനുള്ള ശ്രമം മാത്രം.

