പടക്കക്കാരൻ ,ശീമോനേട്ടൻ ,പതിവുപോലെ ഷാപ്പിലേക്ക് കുടിക്കാൻ ;തൊട്ടാവാടിയിൽ പൂച്ച നടക്കും പോലെ ,ഭൂമിയെ വേദനിപ്പിക്കാതെ ചുവടുകൾ മെല്ലെ മെല്ലെ വെച്ച് നടന്നു ഗ്രാമപാതയിലൂടെ……കള്ള് ഷാപ്പും; ചാരായഷാപ്പും ; ഭൂമി മലയാളത്തിൽഎല്ലായിടത്തും തോളോട് തോളുരുമ്മിയാണ് നിലകൊണ്ടിരുന്നത് ! കുടിയന്മാർക്ക് പട്ട വേണമോ ; പട്ട ചവിട്ടി കേറി വാർത്തെടുക്കുന്ന പനങ്കള്ളു വേണമോ, തെങ്ങിൻ കള്ള് വേണമോ? എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അന്നുണ്ടായിരുന്നു !

തൊണ്ണൂറ്റാറിൽ മൃഗീയവും പൈശാചികവും, ചാരായം നിർത്തലാക്കുന്നതുവരെ ഒരുതരത്തിൽ പറഞ്ഞാൽ ഭൂമി മലയാളത്തിലുള്ള അസംഖ്യം കുടിയന്മാർ കള്ളും , ചാരായവും മാറിമാറി അടിച്ച് സംതൃപ്തരായി കഴിഞ്ഞുപോന്നു ! അന്നത്തെ എല്ലാ പദാർത്ഥങ്ങളും , ഇന്നത്തെ പദാർത്ഥങ്ങളിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത് പോലെ ! കള്ളും ചാരായവും ,ഏറെ പരിശുദ്ധമായി നിലകൊണ്ടു !കുടിയന്മാർ അമ്പത് ശതമാനം പേർ കള്ളും അമ്പത് ശതമാനം പേർ ചാരായവും , ആദ്യം ഫിഫ്റ്റി ഫിഫ്റ്റിയായി അമോദരായി കുടിച്ചുപോന്നു !സന്ധ്യയിൽ ഇരുപത്തഞ്ച് ശതമാനംപേർ കള്ളും എഴുപത്തഞ്ച് ശതമാനംപേർ ചാരായവും എന്ന രീതിയിലേക്ക് ഈ കണക്ക് കൂടുവിട്ട് കൂടുമാറുമായിരുന്നു ! :ചാരായം നിർത്തലാക്കിയപ്പോൾ , നിർത്തലാക്കുന്നതിന്റെ തലേന്ന് സങ്കടം സഹിക്കവയ്യാതെ ചാരായം കുടിച്ചു കുടിച്ച് ഒടുവിൽ നിരോധനത്തിന്റെ അവസാന യാമങ്ങളിൽ ചാരായ ഷാപ്പുകളിൽ ചാരായം വെറുതെ കൊടുക്കുന്നതും വാരി കുടിച്ച് ചിലർ ഇഹലോകം വിട്ടുപോയി തങ്ങളുടെ പ്രതിഷേധം അറിയിച്ചു ! .

ഷാപ്പുകൾ ഇല്ലാത്ത ഈ കേരളത്തിൽ അവനി വാഴ്‌വ് കിനാവ് കഷ്ടം എന്ന കുമാരനാശാന്റെ വീണപൂവിലെ തത്വം നെഞ്ചേറ്റിയവർകണക്കില്ലാതെ ചാരായം കുടിച്ച് അന്ത്യശ്വാസം വലിക്കുന്ന നേരത്തും അന്തോണിയെ പ്രാകി പ്രാകിയാണ് , യാത്രയായത് ! ചാരായം നിർത്തുന്നത് വരെയും പടക്കകാരൻ ശീമോനേട്ടൻ സന്തോഷഭരിതനും ഉത്സാഹിയും ആയിരുന്നു ! നൂറ്, കാല് ,ആര തുടങ്ങി പല അളവുകളിൽ ചില്ലു കുപ്പികളിൽ ചാരായം കിട്ടിയിരുന്ന കാലത്ത് മാവേലി നാടുവാണിടും കാലം എന്നപോലെ എല്ലാകുടിയന്മാരെ പോലെ; ശീമോനേട്ടനും അതിരറ്റ് ആനന്ദിച്ചു ! കള്ളുഷാപ്പുകളെയും ചാരായ ഷാപ്പുകളെയും ചുറ്റിപ്പറ്റി നിരവധി കലാകാരന്മാർ ഉണ്ടായിരുന്നു !.കഥകളി, നാടകം, തോറ്റംപാട്ട്, നാടൻപാട്ട് , നാടകഗാനങ്ങൾ ,സിനിമാഗാനങ്ങൾ, ചവിട്ടുനാടകം, പൊറാട്ടുനാടകം തുടങ്ങി ഒരുപാട് കലകൾ കള്ള് ഷാപ്പിന്റെയും ചാരായ ഷാപ്പിന്റെയും പരിസരങ്ങളിൽ തളിർത്ത് പൂത്തുലഞ്ഞു നിന്നു ! ചാരായനിരോധനത്തിനു ശേഷം എഴുപത്തിയഞ്ച് ശതമാനം കലാകാരന്മാർ കളം വിട്ടു !പിന്നെ ഒരു ഇരുപത്തഞ്ച് ശതമാനം മാത്രമാണ് അവശേഷിച്ചത്!. ശീമോനേട്ടനും അവരിൽ ഒരാളായിരുന്നു !

ധാരാളം പാട്ടുകൾ ശീമോനേട്ടൻ ഹൃദ്യസ്ഥമാക്കിയിരുന്നു. ആദ്യം വടക്കം പാട്ടിൽ തുടങ്ങി പിന്നെ നാടകഗാനത്തിൽ മുറുകി ഒടുവിൽ സിനിമ ഗാനത്തിൽ അമരുന്ന ആലാപന ശൈലിയായിരുന്നു അദ്ദേഹം പിൻതുടർന്നിരുന്നത് !ഇടയ്ക്ക് അദ്ദേഹംതന്നെ കണ്ടുപിടിച്ച ചില പ്രത്യേക രാഗങ്ങളിൽ ഉള്ള സംഗീതവും ഇതിനിടയിൽ ഇവയോടൊപ്പം പുട്ടിനെ പീരഎന്നവണ്ണം അദ്ദേഹത്തിന്റെ കണ്ഠത്തിൽ നിന്നും പുറത്തുവന്നിരുന്നു ! കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിന്റെ ഈരടികളും താളാത്മകമായി ഗാനങ്ങളിൽ സന്നിവേശിപ്പിച്ചിരുന്നതാണ് ഇതര ഗായകരിൽ നിന്നും ശീമോ നേട്ടനെ വ്യത്യസ്തനാക്കിയിരുന്നത് !പാട്ടുപാടി പോകുന്ന നേരത്ത് ആരെങ്കിലും എന്തെങ്കിലും ചോദിക്കുന്നതോ സംസാരിക്കുന്നതോ അദ്ദേഹത്തിന് ഒട്ടും ഇഷ്ടമായിരുന്നില്ല !അങ്ങനെ ചോദിക്കുന്നവർക്കെല്ലാം തന്നെഅരക്ക് കീഴ്പോട്ടേക്കുള്ള അവയവങ്ങളുടെ മണിപ്രവാളം ശബ്ദ സൗകുമാര്യം ശീമോ നേട്ടൻആവോളം പകർന്നു നൽകാറുണ്ടായിരുന്നു രാവിലെ ഒരു യാത്ര ; മദ്ധ്യാഹ്‌നത്തിൽ ഒരു യാത്ര മൂവന്തിക്ക് ഒരു യാത്ര എന്നതായിരുന്നു ശിമോനേട്ടന്റെ ഒരു രീതി ! തൊണ്ണൂറ്റാറിനു മുൻപ് ചാരായ ഷാപ്പിലേക്കും : അതിനുശേഷം ഏകനായി തീർന്ന കള്ള് ഷാപ്പിലേക്കും ഉള്ള യാത്രകളിൽ ഈ സംഗീതത്തിന്റെ ശബ്ദവീചികൾ സീമോനേട്ടനോടൊപ്പം ഗ്രാമ പാതകളെതാണ്ടി ! ചെറുപ്പം മുതലേ പലരും ശീമോനേട്ടന്റെ ആലാപന മാധുര്യം ഹൃദയത്തിലേക്ക് ആവാഹിച്ചെടുക്കുകയും ചിലർ പരാജയപ്പെടുകയും ചെയ്തു.

അപ്പോഴെക്കുംതൊണ്ണൂറുകളിലെറഷ്യയുടെ തകർച്ചയും തൊണ്ണൂറ്റിയൊന്നിലെ മൻമോഹൻസിംഗിന്റെ ആഗോളവൽക്കരണവും കള്ള് ഷാപ്പുകളെയും വളരെ പ്രതികൂലമായിബാധിച്ചു തുടങ്ങിയിരുന്നു ! .മുതലാളിത്തത്തിന്റെ നീരാളിക്കയങ്ങൾ കണ്ണുനീരിലും , മുലപ്പാലിലും ,വിവിധ എണ്ണക്കുരുക്കൾ ആട്ടിഉണ്ടാകുന്നഎണ്ണകളിലും,പരമ പവിത്രമായ പനങ്കളിലും വരെ മായം കലർത്തി !.ഇതെല്ലാം ഓരോ പ്രൊഫഷണൽ കുടിയന്റെ ഹൃദയത്തെയും വല്ലാതെ മുറിവേൽപ്പിക്കുന്നതായിരുന്നു ! ശീമോ നേട്ടനെയും . തെങ്ങടിച്ചാൽ, പനവീഴും എന്ന് കണക്കെ നടന്നിരുന്ന ആ മനുഷ്യൻ നവ ഉദാരവൽക്കരണത്തിന്റെ ഫലമായി ഉണ്ടായ മായത്തിന്റെ കള്ളു നിരന്തരം കുടിക്കാൻ വിധിയ്ക്കപ്പെട്ട് വൈകാതെ കിടപ്പിലായി !. ശബ്ദിക്കാൻ മാത്രം കഴിയാവുന്ന അവസ്ഥയിൽ അദ്ദേഹം ചുണ്ടനക്കുമ്പോൾ അദ്ദേഹത്തിൻറെ പ്രിയ ജനങ്ങൾ എന്താണ് വേണ്ടത് എന്ന് ചോദിക്കുമ്പോഴൊക്കെ ചാരായം എന്ന് അദ്ദേഹം ഒരു വിട്ടുകൊണ്ടിരുന്നു ! അദ്ദേഹത്തിന്റെ .വീട്ടുകാർ വല്ലാത്ത ധർമ്മസങ്കടത്തിൽ ആയി !.

ചാരായം കാച്ചിയാൽ ആറുമാസം തടവും ഇരുപത്തിയയ്യായിരം രൂപ പിഴയുമായി അപ്പോഴേക്കും നിയമം മുന്നിൽ ഒരു ഭീകരരൂപിയായി പ്രത്യക്ഷപ്പെട്ടിരുന്നു :അപ്പോഴാണ് ഷാർജയിൽ നിന്നും വന്ന ഭാർഗവൻ വീട്ടുകാർക്ക് തുണയായി മാറിയത് ! വൈറ്റ് റം എന്ന ഒരു പ്രത്യേക ഇനം താൻ കൊണ്ടുവന്നിട്ടുണ്ടെന്നും അത് സാക്ഷാൽ ചാരായത്തിന്റെ കുഞ്ഞമ്മയുടെ മകനെപ്പോലെ തോന്നും എന്നും ശീമോനേ ട്ടന്റെ അവസാനകാലത്തെ ആഗ്രഹം തീർക്കാൻ താൻ കൊണ്ടുവന്ന മൂന്നു ലിറ്റർ വൈറ്റ് റം പ്രതിഫലം ഒന്നും കൂടാതെ നൽകാമെന്നും ഭാർഗവൻ ശീമോനേട്ടന്റെ ബന്ധുക്കളെ അറിയിച്ചു !. ഇത് കേട്ട ബന്ധുക്കൾ ഒന്നടങ്കം ആനന്ദാശ്രുക്കൾ പൊഴിച്ചു.

ഭാർഗവൻ തിരുവനന്തപുരത്തു നിന്നും ,ഷാർജയിലേക്കുള്ള ഫ്ലെയിറ്റിൽ കയറി ഇരിക്കുന്ന നേരം രാഹുകാലം കഴിഞ്ഞിരുന്നു !ഭാർഗവൻ സീമോന്റെ ബന്ധുക്കൾക്ക് നൽകിയ വൈറ്റ് റമ്മിന്റെ കുപ്പികളെല്ലാം കാലിയായി അവസാനം ഒന്നര പെഗ്ഗ് മാത്രം അവശേഷിക്കുന്ന നേരത്ത് ശീമോനിൽ ഭൂമിയിൽ നിന്നും മടങ്ങാനുളള ലക്ഷണങ്ങൾ ശക്തമായി. സംഗതി പന്തികേടാണെന്ന് മനസ്സിലാക്കിയ ഇളയ പുത്രൻ ഊർദ്ധൻവലിച്ചു തുടങ്ങിയ ശീമോനേട്ടൻ അവസാനത്തെ ജലസ്പർശത്തിനായി വായ പിളർന്ന നേരത്ത് കുപ്പിയിൽ അവശേഷിച്ച അവസാനത്തെ ഒന്നര പെഗ്ഗും അതിനു ശേഷം അല്പം വെള്ളവും ഇറ്റിച്ചുകൊടുത്തു. ആ നേരത്ത് മുറിയിൽ നിന്നും കൊടുങ്കാറ്റു പോലെ ശീമോനേട്ടന്റെ ആത്മാവ് ദേഹം വിട്ട് അടുക്കള വഴി വടക്കേ പുറത്തേയ്ക്ക് പാഞ്ഞു….
ആ , ആത്മാവ് ചാട്ടുളി പോലെ പാഞ്ഞു പോകുന്ന നേരത്ത് ഗ്രാമം സ്വാതന്ത്ര്യം കിട്ടിയ സന്തോഷദിനം ആമോദത്തോടെ ആർപ്പുവിളികളാലെ ആഘോഷിക്കുകയായിരുന്നു……

By ivayana

Leave a Reply

Your email address will not be published. Required fields are marked *