ദിശാലക്ഷ്യമില്ലാതെ ജീവിതം
നാൽക്കവലയിൽ കുരുങ്ങുമ്പൊഴുണ്ടാകുന്ന ഉള്ളുരുക്കത്തിലാണ് വിശ്വാസത്തോടെ കൂടെ കൂട്ടിയ ദൈവങ്ങളെപ്പോലും ശപിക്കുക. അത്തരം ബിന്ദുവിൽ നിന്ന് കണ്ണീരൊഴുക്കുമ്പൊഴും അന്തിമമായ ആശ്രയം ദൈവത്തിൽ തന്നെയാണെന്നുറപ്പിച്ച് മുന്നോട്ടു നടക്കുന്നു.
മേലോത്ത് തറവാട്ടിൽ മൂന്നാം കാലായി ഒരു പെൺകുഞ്ഞ് ജനിച്ചപ്പോൾ ആരറിഞ്ഞു അവൾ മൂലം നാളിൽ ചോതിയുടെ അപഹാരത്തോടെയാണെന്ന്?
ജാതകം കുറിക്കാൻ, അറിയപ്പെടുന്ന ജോത്സ്യന് ജനന സമയത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകി.
ദിവസങ്ങുടെ കാത്തിരുപ്പിനു ശേഷം തയ്യാറാക്കിയ അവളുടെ ജാതകക്കുറിപ്പ് അച്ഛന് കൈമാറുമ്പോൾ ജോത്സ്യൻ്റേയും അച്ഛൻ്റെയും മുഖത്തിന് തെളിച്ചമുണ്ടായിരുന്നില്ല.
“മൂലം നാളില് ചോതീടെ അപഹാരം കൂടീണ്ടായാ ഭാവീല് കുട്ടീടെ വിവാഹബന്ധത്തിന് കടുത്ത തടസ്സണ്ടാവും. ഇവിടെ ഇപ്പൊ ചോതി രണ്ടാം പാദത്തിലാ കാണണത്. ഇത് കടുത്ത ദോഷാ. പറയാതിരുന്നിട്ട് കാര്യല്ല. ഇപ്പഴേ പരിഹാരക്രിയകൾ ചെയ്തു തുടങ്ങിക്കോളൂ. അടുത്ത മൂലം നാളില് വീട്ടില് ഒരു ഗണപതിപൂജ നടത്തുന്നതാണ് ഉത്തമം. അറിവിലുള്ള ജ്യോത്സ്യര് ഉണ്ടെങ്കിൽ കർമ്മങ്ങൾക്കുള്ള നിർദ്ദേശങ്ങള് അവര് തരും.”
ദോഷം തീർക്കുന്നതിന് ആവുന്ന വഴിപാടുകൾ അച്ഛൻ ചെയ്യുന്നതു കണ്ടാണ് കുഞ്ഞുലക്ഷ്മി വളർന്നത്.

“ആൺകുഞ്ഞാ?”
ലേബർ റൂമിൽ നിന്ന് മുഖം മാത്രം കാണും വിധത്തിൽ തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ അച്ഛൻ്റെ കൈകളിൽ ഏൽപ്പിച്ച് നഴ്സ് പറഞ്ഞു.
അച്ഛനും പെൺമക്കളും കുഞ്ഞിനെ നോക്കി സന്തോഷിക്കവെ തന്നെ കുഞ്ഞിനെ തിരികെ വാങ്ങി നഴ്സ് ലേബർ റൂമിലേക്ക് പോയി.
ജനിച്ചത് മുഴുവൻ പെൺകുഞ്ഞുങ്ങളായതുകൊണ്ടുള്ള നിയന്ത്രണമാകാം വൈകിയാണ് നാലാം കാലായി ഒരു ആൺകുഞ്ഞു പിറന്നത്.
ഒരു ആൺകുട്ടിയില്ലാതിരുന്ന ഖേദത്തിൽ നിന്നു ആ കുടുംബം സമാധാനിക്കുകയും സന്തോഷിക്കുകയും ചെയ്തു.
കുഞ്ഞും അമ്മയും വീട്ടിലെത്തി കുറച്ചു ദിവസങ്ങൾക്കുള്ളിൽ അതുവരെ ഉണ്ടായിരുന്ന സന്തോഷം അസ്തമിക്കാവുന്ന വിഷയങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു.
കയ്യടക്കി വെച്ചിരുന്ന തറവാട്ടു മുതൽ വീതം വെക്കണം. അവകാശികൾ ക്ഷുബ്ധരായി. തറവാടിൻ്റെ പൂമുഖത്ത് ജ്യേഷ്ഠാനുജന്മാർ തമ്മിൽ ഉന്തും തള്ളും നടന്നു. അങ്ങനെയൊന്നും പതിവില്ലാത്തതാണ്.

അങ്ങനെയാണ് കുഞ്ഞുലക്ഷ്മിയൊഴികെ മറ്റുള്ളവർ ജനിച്ച കുഞ്ഞിനെ സൂക്ഷ്മായി നോക്കിയത്. അവൻ്റെ കൈകാലുകൾ പിരിഞ്ഞിരിക്കുന്നു. അവൻ്റെ വെളുത്ത നിറം കുറഞ്ഞു കൊണ്ടിരിക്കുന്നു. കുഞ്ഞു മുഖത്തു നിന്ന് പ്രതികാരത്തിൻ്റെ ഭാവത്തിലേക്ക് ചുറ്റും നോക്കുന്നു. എല്ലാവരും അമ്പരന്നു!
അവൻ്റെ ജാതകക്കുറിപ്പ് തയ്യാറാക്കാൻ പിറ്റേന്നു തന്നെ അറിയുന്ന പണിക്കരുടെ അടുക്കലേക്ക് പോയി.
“കുടുംബത്തിനു കൂടുതൽ ദോഷങ്ങളുള്ള അവിട്ടം നക്ഷത്രത്തിലാണ് ജനനം. ലഗ്നവശാൽ കുടുംബത്ത് സ്വത്ത് തർക്കം, അച്ഛന് കഷ്ടത ഇതൊക്കെയാണ് ഫലം. പരിഹാരക്രിയകളായി ജനിച്ച ഇരുപത്തേഴാം നാൾ മൂലശാന്തി,
ആയില്യംശാന്തി തുടങ്ങിയ ഹോമങ്ങൾ നടത്തുക.”
സ്വത്തു തർക്കത്തിൻ്റെ വലിയ അസ്വസ്ഥകൾ ഉടലെടുത്തതു കൊണ്ടും, കുഞ്ഞിൻ്റെ ഗൗരവഭാവവും
നിമിത്തമാകാം അവനൊരു ശകുനിയാണെന്നു തോന്നിയതും അച്ചൻ്റെ മാത്രം താൽപ്പര്യത്തിന് സൗബലൻ എന്ന് നാമകരണം ചെയ്തതും.
കുഞ്ഞുലക്ഷ്മിയും സൗബലനും വളർന്നുകൊണ്ടിരിക്കെ അന്ധവിശ്വാസത്തിൻ്റെ ചുഴിയിൽ നിന്നു രക്ഷപ്പെടാത്ത രക്ഷാകർത്താക്കളുടെ നിർബ്ബന്ധ ബുദ്ധിയിൽ ജീവിതം ഒതുങ്ങിപ്പോകുന്ന ജന്മദോഷികളുടെ സങ്കടങ്ങളെക്കുറിച്ച് ഓർത്തു. അവരത് പരസ്പരം പങ്കുവെച്ച് ആശ്വസിക്കയും ചെയ്തു.

കുഞ്ഞുലക്ഷ്മിക്ക് വയസ്സ് ഇരുപത്തി ആറായി. അവളുടെ ജാതകദോഷം പരസ്യം പോലെയായി.
” കുടം, ആൽമരം, വിഷ്ണു ബിംബമോ തമ്മിൽ പ്രതീകാത്മക
വിവാഹം നടത്തി ദോഷം മാറ്റിയെങ്കിലേ അവളുടെ യഥാർത്ഥ വിവാഹം സാദ്ധ്യമാകൂ.” ഒരു ദിവസം അച്ഛൻ അമ്മയോടു പറയുന്നതു കേട്ടു.
ഒരു ചൊവ്വാഴ്ച ദിവസം കാവി വസ്ത്രധാരിയായ പുരോഹിതൻ പൂജാസാമഗ്രികളുമായി വീട്ടിലെത്തുകയും കുടത്തിൽ പൂജാദ്രവ്യങ്ങൾ നിറച്ച് വിഷ്ണു ഭഗവാനെ ധ്യാനിച്ച് പ്രതീകാത്മക
പൂജാവിധികളോടെ മാല ചാർത്തുകയും പിന്നീട് ആ കുടം ഒഴുക്കിക്കളയാനായി അച്ഛനെ ഏൽപ്പിക്കയും ചെയ്തു.
” ഇതോടെ വിവാഹ സംബന്ധമായ എല്ലാ തടസ്സങ്ങളും മാറീട്ടോ.” പുരോഹിതൻ ദക്ഷിണയും വാങ്ങി തിരിച്ചു പോയി.
മാസങ്ങൾക്കു ശേഷം മുറിക്കയ്യൻ ഷർട്ടും കാലൻകുടയുമായി ഒരു മദ്ധ്യവയസ്കനും കൂടെ കുറച്ചാളുകളും ആ വീട്ടിലെത്തി.
“കണ്ണെത്താ ദൂരത്തോളം നെൽകൃഷീണ്ട്. പുറംപറമ്പുകള് വേറെ. പണികള് നോക്കാൻ വാല്യക്കാരുണ്ട്. പിന്നെ അന്തിക്കൂട്ടിന് ഒരാള് വേണ്ടേ? കുറേ ആയി അന്വേഷിക്കണൂ. പാലക്കാട്ടൂന്ന് ഒന്നും തരപ്പെട്ടില്ല്യ.

അതാ ഇത്തിരി ദൂരത്ത്ന്നാവാന്ന്
നിശ്ചയിച്ചേ. ആട്ടെ. കുട്ട്യേ ഒന്നു കാണാരുന്നു.”
കുഞ്ഞുലക്ഷ്മി തല ഉയർത്താത്ത ഒരു പ്രതിമ പോലെ
ഉമ്മറക്കോലായിൽ വന്നു നിന്നു.
” അടുത്ത മുഹൂർത്തം ഏതാണെങ്കി നോക്കിക്കോളൂ. ഒരുക്കങ്ങളൊന്നും വേണ്ട. ഇവിടെ അടത്തുള്ളു വിഷ്ണു ക്ഷേത്രത്തില് വെച്ച് മാല ചാർത്തി കൊണ്ടു പോവും.”
മാലചാർത്ത് കഴിഞ്ഞ് കുഞ്ഞുലക്ഷമി കാറിലേക്ക് കയറുമ്പോൾ അവൾ സൗബലനെ മാത്രമാണ് നോക്കിയത്. അന്ധവിശ്വാസികളുടെ നടുവിൽ നിസ്സഹായതാവസ്ഥയിൽ ജീവിക്കേണ്ടി വരുമ്പോൾ ഞാനും നീയും വ്യക്തികളായിട്ടല്ല, അടിമകളായാണ് ജീവിക്കേണ്ടി വരിക എന്ന സന്ദേശമാണ് അവളുടെ കണ്ണീരിലൂടെ അവൾ അവനു പകർന്നത്.
അവൻ്റെ ജനനത്തിലൂടെ അത് തിരിച്ചറിവായതുകൊണ്ടാവാം പിറന്നപാടേ മുഖഭാവം ഗൗരവത്തിലായത്.
എങ്കിലും –
ഓപ്പോളില്ലാത്ത ഇരുണ്ട കാലത്തിലൂടെ അവഗണിക്കപ്പെട്ടു കഴിയേണ്ടതോർത്ത് അവനും കരഞ്ഞു!

ഹംസ കൂട്ടുങ്ങൽ

By ivayana