രചന : പ്രസീദ.എം.എൻ ദേവു ✍️
ഒന്നാമത്തെ പ്രണയം ഈശ്വരനോടായിരുന്നു
ഇല്ലാത്ത ഒന്നിനെ
സൃഷ്ടിച്ച് എനിക്ക് മടുത്തു,
അയാൾക്കത് പുത്തരി അല്ലായിരുന്നു,
രണ്ടാമത്തെ പ്രണയം
കഥകളോടായിരുന്നു,
എന്നിട്ടോ എന്ന ചോദ്യം
മാത്രം ബാക്കിയാക്കി
എല്ലാ കാമുകൻമാരെയും പോലെ
അതും നീണ്ട കാത്തിരിപ്പായി,
മൂന്നാമത്തെ പ്രണയം
കോലൈസിനോടായിരുന്നു,
ഐസുംപ്പെട്ടി കയറ്റം കേറണ പോലെ
അതങ്ങനെ ഓർമ്മയിൽ
അലിഞ്ഞും പോയി
നാലാമത്തെ പ്രണയം
തോട്ടുവക്കിനോടായിരുന്നു,
ഏതോ കനത്ത മഴയിൽ
നനഞ്ഞു കുതിർന്ന
കടലാസ്സു വഞ്ചിയെ പോലെയത്
നനഞ്ഞു കുതിർന്നു ,
അഞ്ചാമത്തെ പ്രണയം
ബഞ്ചിനു തൊട്ടരികിൽ ഇരിക്കണ
കേട്ടെഴുത്ത് തെറ്റിയ ചെക്കനോടായിരുന്നു
എന്നെ പകർത്തിയെഴുതി
അവൻ ജയിച്ചു ഞാൻ തോറ്റു,
ആറാമത്തെ പ്രണയം
വെള്ളക്കാറിനോടായിരുന്നു,
കുട്ട്യോളെ പിടുത്തക്കാരാണെന്ന്
തെറ്റുദ്ധരിപ്പിച്ച്
കൂട്ടത്തിലുള്ള ഒരുവൾ
യാത്ര പറഞ്ഞതിൽ നിന്ന്
റ്റാറ്റാ വീശി,
ഏഴാമത്തെ പ്രണയം
എഴുത്തിനോടായിരുന്നു
ഉറക്കമൊഴിച്ച് ഗുളികയെ
കെട്ടേണ്ടി വന്ന ഗതികേടുക്കാരിയായതല്ലാതെ
ഗുണം പിടിച്ചില്ല,
എട്ടാമത്തെ പ്രണയം
പട്ടണത്തോടായിരുന്നു
അമ്മയെ ഉപേക്ഷിച്ച്
അനാഥാലയം വാങ്ങിയ
അവസ്ഥയാണുണ്ടായത്,
ഒമ്പതാമത്തെ പ്രണയം
ഒതളങ്ങയോടായിരുന്നു
നാക്കിലേയ്ക്ക് വെയ്ക്കും മുമ്പ്
ചറപറാ ശർദിച്ചതിന്
അടി കിട്ടിയ വേദന മാത്രം
തുടയിൽ ബാക്കിയായി,
പത്താമത്തെ പ്രണയം
പൂക്കളോടായിരുന്നു,
വിരിയുമ്പോൾ മണത്തും
കൊഴിയുമ്പോൾ കരഞ്ഞും
ഞാനങ്ങനെ വാടി തളർന്നു,
പിന്നീട്
പ്രണയങ്ങൾ പെരുക്കപട്ടിക പോലെ
ആവർത്തനങ്ങളായി,
ചുംബനം ചോദിച്ചതിന്
കാമുകൻ്റെ ചീറിട്ടടിച്ചും,
ബസ് സ്റ്റോപ്പിൽ നിൽക്കാത്തതിന്
നാലു ദിവസം കാണാ പട്ടിണി കിടത്തിയും,
ബെല്ലടിച്ചാൽ റോങ് നമ്പർ
പറഞ്ഞും,
കത്തുകൾക്ക്
മേൽവിലാസം കളഞ്ഞു പോയെന്ന്
കള്ളം പറഞ്ഞും,
വീട്ടിൽ പിടിച്ചെന്ന ബഡാ നുണ
പറഞ്ഞും,
കല്യാണമുറപ്പിച്ചെന്ന് അവസാന
ബെല്ലടിച്ചും,
അങ്ങനെ അങ്ങനെ ‘
ഇപ്പോൾ
പ്രണയമുണ്ടെന്ന്
നിശ്ചയമാണ്,
പ്രണയത്തിന്
നേരിയ കയ്പ്പാണ്
തേനു ചാലിച്ച് കഴിക്കുന്നു,
പ്രണയത്തിന്
കൂരാകൂരിരുട്ടാണ്
വെളിച്ചം വീശി നടക്കുന്നു.
പ്രണയത്തിൻമേൽ
തുറിച്ച കണ്ണുകളുണ്ട്
കണ്ണടച്ച് പാൽ കുടിക്കുന്നു,
പ്രണയത്തെ
ജീവനായ് കാണുന്നവർ
എപ്പോളും
എൻ്റെ പ്രേമമെ
നീ ഉണ്ടുറങ്ങിയോ,
കാണാൻ തോന്നണെ,
വേറെയാരോടും മിണ്ടല്ലെ
എന്നിങ്ങനെ നിർത്താതെ
പിറു പിറുക്കും,
ഭ്രാന്തോ കവിതയോ
അല്ലിത്,
അത്രമേൽ ഒരാൾ അവരുടെ
സമയം നിങ്ങൾക്കു മാത്രമായ്
മാറ്റി വെയ്ക്കുന്നു എന്നാണ്.
വേറെ ഒരു പണിയും ഇല്ലാഞ്ഞിട്ടാണോ
എല്ലാവരും പ്രണയത്തിലാവണത്
പ്രണയം തന്നെ പൊല്ലാപ്പായ
ഒരു പണിയാണ് ചക്കരകളെ….
