അച്ഛൻ വളരെ പതുക്കെയേ നടക്കു.
ഒച്ചിന് ഇതിലും വേഗതയുണ്ട്.
അച്ഛൻ എങ്ങനെയാ ഇത്രയും നാൾ പതുക്കെ നടന്നു ജീവിച്ചത്.?
സമയത്തിന്റെ വില അല്പംപോലുമറിയില്ല.
കൂടെ പോകുന്നവർക്കു ദേഷ്യം വരും.
അച്ഛന്റെയൊപ്പം പോയാൽ സമയത്ത് എത്താൻ കഴിയില്ല. കാണുന്ന കാക്കയോടും പൂച്ചയോടുമൊക്കെ വർത്താനോം പറഞ്ഞേ നടക്കു.
അവനു ദേഷ്യം വന്നു.

ജോസങ്കിളിന്റെമോടെ കല്യാണത്തിനു പോയിട്ട് ഞങ്ങൾ ചെന്നപ്പോൾ കെട്ട് കഴിഞ്ഞിരുന്നു. അച്ഛനോട്‌ കാറിൽ കേറാൻ പറഞ്ഞാൽ അതും ചെയ്യില്ല.
അതുകൊണ്ട് അച്ഛൻ ഇനി ഞങ്ങളുടെ കൂടെ എങ്ങും വരേണ്ട. പോകാൻ ആഗ്രഹിക്കുന്നെങ്കിൽ തനിയെ പൊക്കോണം. നാളെ ജെയ്സന്റെ വീടിന്റെ പാലു കാച്ചാണ് ഞങ്ങൾ കാറിൽ പൊയ്ക്കൊള്ളാം. അച്ഛൻ പതുക്കെ വന്നാൽ മതി.
അങ്ങനെ പറഞ്ഞവൻ മുകളിലത്തെ മുറിയിലേക്ക് കയറി പോയി.
അവന്റെ ദേഷ്യം കണ്ട് അയാൾ ഒന്നു മന്ദഹസിച്ചു. പിന്നെ ചായ ഊതി കുടിക്കുവാൻ തുടങ്ങി.
ആദ്യം നാല് കാലിൽ നടക്കും പിന്നെ രണ്ട് കാലിൽ നടക്കും അതിന് ശേഷം മൂന്നു കാലിൽ നടക്കും മനുഷ്യന്റെ ജീവിതം അങ്ങനെയല്ലേ.

അയാൾ ക്ലോക്കിലേക്ക് നോക്കി. അതിന്റെ സൂചികൾ വേഗത്തിലോടുന്നില്ല. ഇരുപത്തിനാലു മണിക്കൂറിൽ കവിഞ്ഞു അവ സഞ്ചരിക്കുന്നില്ല. പാവം മനുഷ്യർ ആ ഇരുപത്തിനാല് മണിക്കൂറിനൊപ്പമെത്താൻ പായുകയാണ്.
പ്രായം വേഗത കുറക്കുന്നു. ഇപ്പോൾ എല്ലാവരും തിരക്കിലാണ് അതുകൊണ്ട് അവർക്കൊപ്പം ഓടണമെന്ന് ആഗ്രഹമുണ്ട് പ്രായം പറയുന്നു കാലങ്ങൾ കഴിഞ്ഞെന്ന്.
ഇനി മെല്ലെ നടന്നാൽ മതിയെന്നു.
രാവിലെ ഉണർന്നു.

രാത്രിമഴയിൽ നനഞ്ഞ മണ്ണിൽ കൂടി അയാൾ മെല്ലെ നടന്നു പറമ്പിൽ നോക്കി. നിറയെ കൂണുകൾ മുളച്ചിരിക്കുന്നു. ഇടി വെട്ടിയപ്പോൾ ഉണ്ടായതാകും. കുത്തിയിരുന്നു അതെല്ലാം പറിച്ചെടുത്തു.
ഞങ്ങൾ പോകുവാ.പതുക്കെ നടന്നു വന്നേക്കു മോൻ വിളിച്ചു പറഞ്ഞു. അവനും ഭാര്യയും മക്കളും കാറിൽ കയറി ഗെയ്റ്റ് കടന്നു പോയി
സ്വന്തം അനിയന്റെ വീടിന്റെ പാല് കാച്ചാണ്. അതാ അവൻ രാവിലെ തന്നെ പോയത്.
അനിയന്റെ പുതിയ വീടിന്റെ ഭംഗി ആസ്വദിക്കുമ്പോൾ ആരോ ചോദിച്ചു
എടാ ജെയിംസെ അച്ഛൻ വന്നില്ലേ?
അവൻ തിരിഞ്ഞു നോക്കി. ഡേവിഡങ്കിൾ ആണ്.
ഇല്ല അങ്കിൾ.

അച്ഛൻ കാറിൽ കയറില്ല. നടന്നേ വരു.
നടപ്പോ ഒച്ചിനെക്കാളും സ്ലോ ആണ്..
ഡേവിഡങ്കിൾ ചിരിച്ചു.
പാവം അച്ചായൻ. എന്തുകൊണ്ട് മെല്ലെ നടക്കുന്നുവെന്നറിയാമോ?
കല്യാണം കഴിക്കുമ്പോൾ നിന്റെ അമ്മയ്ക്കു രണ്ടു കണ്ണുകളും കാണുകയില്ലായിരുന്നു. പാവം അവരെ കൈ പിടിച്ചു മെല്ലെ നടത്തിയത് നിന്റെ അച്ഛൻ ആയിരുന്നു. ഇണപ്രവുകളെ പ്പോലെ അവർ രണ്ടു പേരും മെല്ലെ മെല്ലെ നടന്നു പോകുന്നത് നാട്ടുകാർ നോക്കി നിൽക്കുമായിരുന്നു. അവരുമായി കുശലം പറഞ്ഞാ രണ്ടു പേരും വഴിയെ നടക്കുന്നത്.. നിനക്ക് രണ്ടു വയസും നിന്റെ അനിയന് ഒരു വയസുമുള്ളപ്പോൾ
ഒരു കാർ ആക്‌സിഡന്റ്ൽ നിങ്ങളുടെ അമ്മ മരിച്ചു. ആ ആക്‌സിഡന്റൽ നിന്റെ കാലിനു പരുക്കേറ്റു.വർഷങ്ങളോളം നിന്നെ മെല്ലെ നടത്തിയാണ് നിന്റെ കാലുകൾക്ക് ബലമുണ്ടായത്.നിന്റെ കാലിനു ബലമായപ്പോൾ അച്ഛന്റെ കാലിന്റെ ബലം കുറഞ്ഞു.ഇപ്പോൾ മെല്ലെയായി നടത്തം.
സത്യം പറഞ്ഞാൽ നിന്നെ നടക്കാൻ പഠിപ്പിച്ചാ അയാൾ മെല്ലെ നടക്കാൻ തുടങ്ങിയത്.
അവന്റെ കണ്ണുകൾ നിറഞ്ഞു. ബാല്യം ഓർമ്മയിൽ വരുന്നത് പോലെ. സ്കൂളിലേക്ക് അച്ഛൻ തന്നെ മെല്ലെ നടത്തി കൊണ്ടുപോയത് അവനോർമ്മ വന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു. മെല്ലെ നടക്കുന്നതിനു അച്ഛനെ ഞാൻ എന്തെല്ലാം പറഞ്ഞു. സങ്കടംകൊണ്ടവന്റെ ഹൃദയം തകർന്നു.

പാവം അച്ഛൻ..
അവൻ വെളിയിലേക്ക് നോക്കി.
അകലെ നിന്നുമച്ചൻ നടന്നു വരുന്നു.അനിയന്റെ വീടിന്റെ സിറ്റൗട്ടിൽ നിന്നുമിറങ്ങി അവനോടിച്ചെന്ന് . അച്ഛന്റെ കയ്യിൽ പിടിച്ചു.
അച്ഛൻ മെല്ലെ നടന്നാൽ മതി. ശ്രദ്ധിച്ചില്ലെങ്കിൽ വീഴും
. അവൻ പറഞ്ഞു. ഞരമ്പുകൾ തെളിഞ്ഞു നിന്ന ആ കൈകളിൽ അവൻ മുറുകെ പിടിച്ചു.

ബിനോ പ്രകാശ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *