രചന : ആശ റാണി ✍️
കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിൽ ഒരു ഹിന്ദുകുട്ടിയെ ഫുട്ബോൾ ഗ്രൗണ്ടിൽ നിന്നും കോച്ച് പുറത്താക്കി. കാരണം കുട്ടി കഴുത്തിൽ ഇട്ടിരിക്കുന്ന ഏലസ്സ് കെട്ടിയ രുദ്രാക്ഷം പോലുളള മാല ഊരി വയ്ക്കാൻ ഉളള നിർദേശം കുട്ടി തള്ളുകയും പകരം തന്റെ വിശ്വാസമാണ് ഫുട്ബോളിനേക്കാൾ വലുത് എന്ന് പറയുകയും ചെയ്തു. അതിനെതുടർന്നാണ് ഫുട്ബോൾ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കിയത്.
ഇത് പിന്നീട് മാതപിതാക്കളും (ചിലപ്പോൾ മതഗ്രൂപ്പുകളും ചേർന്നു കാണും) ചോദ്യമാക്കിയപ്പോൾ സ്കൂൾ മാപ്പ് പറഞ്ഞു , മാല അണിയുന്ന അവസ്ഥയിൽ ഫുട്ബോൾ കളിക്കുമ്പോൾ എന്തെങ്കിലും അപകടം ഉണ്ടാകുകയാണെങ്കിൽ സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കാം എന്ന് എഴുതി വാങ്ങി കുട്ടിക്ക് ടീമിൽ പ്രവേശനം കൊടുത്തു. ഇത് വലിയ വിശ്വാസ വിജയമായി ഏതാണ്ട് എല്ലാ മത ഗ്രൂപ്പുകളും ആഘോഷിക്കുന്നത് കണ്ടു.
ഫുട്ബോൾ ഗ്രൗണ്ട് , സ്കൂൾ ഇവിടെയൊക്കെ പ്രത്യേകിച്ച് പ്രെെമറി പ്രായം ഉളള കുട്ടികളുടെ കാര്യത്തിൽ കഴുത്തിലെ ചെയിൻ അനുവദനീയമല്ല. അത് സുരക്ഷയുടെ ഭാഗമായാണ്. ഒരു ദിവസം രാവിലെ എഴുന്നേറ്റ് എടുക്കുന്ന തീരുമാനമായല്ല മറിച്ച് അത്തരം വിഷയങ്ങൾ പഠിച്ച് കുട്ടികളുടെ സുരക്ഷയെ അത്ര കരുതി എടുക്കുന്ന തീരുമാനമാണ്.
സമാനമായ ഒരു സംഭവം ഒരു UK മലയാളി വീഡിയോ ഇട്ടത് കൂടി പറയട്ടെ .
അയാളുടെ വീട്ടിൽ എല്ലാവരും കൊന്തകൾ ധരിക്കുന്ന കൂട്ടത്തിലാണത്രെ. അങ്ങനെ പ്രെെമറിക്ളാസിലെ കുട്ടിയുടെ കഴുത്തിൽ കൊന്തയിട്ട് കൊടുത്ത് വിടുന്നു. സ്കൂൾ അപ്പോൾ തന്നെ പാരന്റ്സിനെ വിളിപ്പിക്കുന്നു. ഇത്തരം നെക്ലേസുകളുകൾ സ്കൂളിൽ ഇടാൻ പാടില്ല നിയമ വിരുദ്ധമാണന്ന് പറയുന്നു. കുട്ടിയുടെ പിതാവ് ദേഷ്യത്തോടെ വീഡിയോയിൽ പറയുന്നു, അവർ കൊന്തയെ നെക്ളേസ് എന്ന് വിളിച്ചു അത് ധരിക്കാൻ പാടില്ല എന്ന് പറഞ്ഞു , എല്ലാ കൂടി വിശ്വാസത്തിൽ കെട്ടിയിട്ട് ആവേശപ്പെടുന്നു. പൊതുവെ കഴുത്തിലിടുന്ന ചെറിയ മാലകളെ നെക്ളേസ് എന്ന് പറയുന്ന പതിവ് ഇംഗ്ലീഷിലുണ്ട് അല്ലാതെ ആരും അപമാനിക്കാൻ പറയുന്ന സംഗതിയല്ല മാത്രമല്ല കുട്ടികളുടെ സുരക്ഷയെ പ്രതിയാണ് കഴുത്തിൽ ഇത്തരം ആഭരണം ഇടരുതെന്ന് പറയുന്നത്.
ഇനി ഒന്ന് വലിഞ്ഞാലോ കുട്ടികൾ പരസ്പരം വലിച്ചാലോ പൊട്ടുന്ന വിധം ഉളളവ ചിലപ്പോൾ അനുവദിക്കും അല്ലാത്തവ നിരോധിക്കപ്പെട്ടവ തന്നെയാണ്.
ഇവിടേയും സംഭവിച്ചത് മറിച്ചല്ല ‘മതവികാരം’ എന്ന പുലിവാലിന്മേൽ കയറി പിടിക്കേണ്ടല്ലോ എന്ന് കരുതി സ്കൂൾ രക്ഷകർത്താവിനെ വിഷയം വിവരിച്ച് അപകടസാധ്യത അറിഞ്ഞ് തന്നെ ഉപയോഗിക്കുന്നു എന്ന കൺസെന്റോടെ കൊന്തക്ക് അനുമതി നൽകുന്നു. കുട്ടിയുടെ പിതാവ് അത് വലിയ വിശ്വാസവിജയമായി വീഡിയോ ഇട്ട് ആഘോഷിക്കുന്നു.
ഈ രണ്ടിടത്തും ഈ വിശ്വാസ കുടുംബങ്ങൾ ചെയ്തത് മുഴുവൻ കുട്ടികളുടേയും പൊതു ഇടങ്ങളിലെ സുരക്ഷയുടെ അടിസ്ഥാന ബ്ളോക്കുകളിൽ ചിലത് ഇളക്കി കളയുകയാണ്. അത് അവിടെ തീരുമോ , ഒരിക്കലും ഇല്ല , ഒന്ന് ഇളക്കി കൊടുത്താൽ മതി അത് അടിപടലം പൊളിക്കാൻ ഇവർക്കൊന്നും അത്ര സമയം വേണ്ട.
സെക്യൂലറിസ്റ്റുകൾക്ക് അങ്ങനെ ഒരു അനാവശ്യ ബാധ്യതയുണ്ട്. മതവിശ്വസത്തിന്റെ പേരിൽ സെക്യൂലർ സമൂഹങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളെ പോലും പൊളിക്കാൻ വന്നാലും ചിലപ്പോൾ സമ്മതിച്ച് കൊടുക്കേണ്ടി വരും.
കേരളത്തിൽ കുട്ടികളുടെ അവകാശങ്ങൾ, സുരക്ഷ, അവരുടെ സ്വകാര്യത ഇതിനൊക്കെ അല്പം പോലും വില കൊടുക്കാത്ത ഒരു സമൂഹമാണ്. അതേ സ്വഭാവം തന്നെയാണ് ഈ മലയാളികൾ ലോകത്തിന്റെ പല ഭാഗത്തേക്ക് കുടിയേറുമ്പോഴും കാണിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ആ തുണി പിന്നൽ ഡാന്സിനെ പറ്റിയാണ്. വിൽക്കാനിട്ടിരിക്കുന്ന ഇറച്ചികൊറു പോലെ ഓരോ ഹുക്കിലും ചെറിയ കുട്ടികൾ, അവരുടെ ശരീരം നിറയെ തലങ്ങും വിലങ്ങും ചരടുകൾ, കണ്ടാൽ തന്നെ ഭീകരത തോന്നും എന്നത് പോട്ടെ ഒരു മനുഷ്യശരീരത്തോട് കാണിക്കേണ്ട എന്തെങ്കിലും ബഹുമാനം അവിടെ ഉണ്ടോ??
എന്നിട്ട് വിമർശനം ഉണ്ടായപ്പോൾ വന്ന വിശദീകരണം.
പാരമ്പര്യ സാംസ്കാരിക സംഗതിയാണത്രെ. അന്യം നിന്ന് പോകുന്ന ഹിന്ദുകലകളിൽ ഉൾപ്പെടുത്തി പുനരുജ്ജീവിപ്പിച്ചത്. കൂടാതെ ആവശ്യത്തിന് സുരക്ഷയും ഉണ്ടത്രെ.. (മെെക്രോസ്കോപ്പ് വച്ച് നോക്കി കണ്ടുപിടിക്കേണ്ട ആ സുരക്ഷ എന്താണാവോ??) മാത്രമല്ല മാസങ്ങളുടെ പരിശീലനവും ഉണ്ടെന്ന്. ആഹ് അപ്പോൾ കുട്ടികളെ തൂക്കിയിട്ട് അതുങ്ങളുടെ ചുറ്റിനും ഡാന്സ് കളിക്കുന്ന പരിപാടി ആദ്യത്തേതല്ല.
മനുഷ്യർക്ക് സന്തോഷിക്കാൻ എന്തെല്ലാം കാര്യങ്ങൾ ഉണ്ട് , കാലം മുന്നോട്ട് പോകുമ്പോൾ അതനുസരിച്ച് തലച്ചോർ കൂടി അപ്ഡേറ്റ് ചെയ്യുന്നത് നല്ലതാകും. അല്ലാതെ ഹെെ എന്ഡ് ഫോണും കാറും ഒക്കെ ഉണ്ടാകും പക്ഷെ ചിന്തകൾ നൂറ്റാണ്ട് മുമ്പത്തെ പ്രാകൃത ഗോത്രകാലത്തേതാണെങ്കിൽ എന്ത് കാര്യം ??
ങ്ഹാ എന്നിട്ടും ബഹ്റിൻ മലയാളി അസോസിയേഷൻ എന്ന് പറഞ്ഞ് ഫീഡിൽ വരുന്നത് മുഴവൻ ന്യായികരണ പോസ്റ്റുകൾ…
“ചോദ്യം ഒന്നുമില്ല , ന്യായികരിച്ചോ” എന്ന് പറയേണ്ട ഗതികേടിലാണ് നാട്ടുകാർ.
