അദ്ധ്യാത്മചിന്തയുടെ ഔന്നത്യങ്ങൾ ദർശിച്ചിട്ടുള്ള സന്യാസി ശ്രേഷ്ഠനായിരുന്ന സ്വാമി അമൃതമയാനന്ദപുരി (68) സമാധിയായി.
21/9/26 ന് ബാംഗ്ലൂരിൽ ഒരു ശിഷ്യഗൃഹത്തിൽ വെച്ചായിരുന്നു ബ്രഹ്മലീലനായത്.
ആത്മീയതയിൽ ചായം കലക്കി ആകർഷകമായ ബഹുവർണ്ണ രുചികൾച്ചേർത്ത് വ്യാപാരം നടത്തിവരുന്ന ആനുകാലിക ആൾദൈവങ്ങളുടെ കപട തന്ത്രങ്ങൾക്കെതിരെ മാനവികതയുടെ സ്നേഹസ്പർശം
പകർന്ന് നൽകിയ ആചാര്യനായിരുന്നു ‘പൈസ്വാമി’ എന്നറിയപ്പെട്ടിരുന്ന അമൃതമയാനന്ദപുരി.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടുകാരനായി പിറവിയെടുത്ത സ്വാമിജി യൗവ്വനകാലത്തുതന്നെ ഭൗതികജീവിത വിരക്തിയിൽപെട്ട് തന്റെ വിധിനിർണ്ണയവഴികൾ തേടി അലയാൻ തുടങ്ങിയിരുന്നു.

ഈ യാത്രാമധ്യേ വള്ളിക്കാവിലെ അമൃതാനന്ദമയി മഠം, ഉത്തരകാശിയിലെ ആദ്ധ്യാത്മിക കേന്ദ്രങ്ങൾ, തിരുവണ്ണാമലയിലെ രമണാശ്രമം, ശ്രീ ശ്രീ രവിശങ്കറിന്റെ ബാംഗ്ലൂരിലെ അദ്ധ്യാത്മികകേന്ദ്രം തുടങ്ങി വിജ്ഞാനത്തിന്റെ കേദാരങ്ങൾ താണ്ടിയുള്ള അന്വേഷണങ്ങളായിരുന്നു. ഏറ്റവും കൂടുതൽ കാലങ്ങൾ ചെലവഴിച്ചത് വള്ളിക്കാവിൽ മാതാ അമൃതാനന്ദമയി യോടൊപ്പമായിരുന്നു.
എവിടെ ചെന്നെത്തിയാലും സ്വയം പ്രകാശിക്കാനുള്ള അസാധാരണമായ വൈഭവം ജന്മസുകൃതമായി ലഭിച്ചിട്ടുള്ള വ്യക്തിത്വമായിരുന്നു സ്വാമിയുടേത്. ബ്രഹ്മലീലനാകും മുൻപുള്ള നാളുകളിൽ നർമ്മദയുടെ തീരത്ത് ധ്യാനാവസ്ഥയിൽ മുഴുകുക പതിവായിരുന്നു.
മനോഹരമായി സംഗീതം ആലപിക്കാനുള്ള പ്രാപ്തിയുണ്ടായിരുന്ന സ്വാമിജിയുടെ ഭജനകൾ ആളുകളെ ആകൃഷ്ടരാക്കുന്നതിന്റെ മാസ്മരികത ഒന്ന് വേറെതന്നെയായിരുന്നു.
നിസംഗനായ കർമ്മശ്രേഷ്ഠൻ
ചാരം നിറഞ്ഞ മനസ്സുമായി മുടന്തിനടന്നിരുന്ന എന്നിൽ സ്നേഹത്തിന്റെ അഗ്നിജ്വാലകൾ മുളപ്പിച്ച് മുന്നോട്ട് കുതിക്കാനുള്ള ഊർജ്ജം നൽകി
ഉത്ബുദ്ധനാക്കിയ ഉൽകൃഷ്ടവ്യക്തിയായിരുന്നു നിസംഗനായ ഈ അദ്ധ്യാത്മികാന്വേഷി.


കേരളത്തിനകത്തും പുറത്തും സ്വാമിജിയോടൊപ്പം യാത്രചെയ്ത് ആഴമുള്ള തത്ത്വസംഹിതകളുടെ ആത്മാവ് തൊട്ടറിയാനുള്ള അവസരങ്ങൾ സ്വാമിജിതന്നെ ഒരുക്കിത്തന്നിട്ടുണ്ട്.
ഹിമാലയ മേനികളായ ഹരിദ്വാർ, ഋഷികേശ്, ഉത്തരകാശിവരെ നീണ്ടുപോയിട്ടുള്ള യാത്രകളിൽ ജീവിത വൈവിധ്യങ്ങളും, അസ്വസ്ഥതകളും തിങ്ങിനിറഞ്ഞിരുന്ന
ആശ്രമഗേഹങ്ങളിൽ അന്തിയുറങ്ങിയുള്ള പഠനപരീക്ഷണങ്ങളായിരുന്നു എല്ലാംതന്നെ.
ആത്യന്തികമായ അറിവിന്റെ ഉണർവ് സ്വയം തെളിയപ്പെടേണ്ടതാണെന്നും അപരസാന്നിധ്യങ്ങൾക്ക് അതിലേക്കുള്ള ദിശാസൂചകങ്ങളായി നിൽക്കാൻ മാത്രമേ കഴിയൂ എന്നും ബോധ്യപ്പെട്ടത് ഉത്തരകാശിയിലെ ഗംഗാ ‘ജലസമാധി’യുടെ ആർത്തിരമ്പുന്ന ഓളങ്ങളുടെ സംഗീത സാന്നിധ്യത്തിൽ സ്വാമിജി പകർന്ന വൈബ്രേഷനുകളിൽ കൂടിയായിരുന്നു.
അപരസ്നേഹത്തിൽ അധിഷ്ഠിതമായ കർമ്മസരണികളിൽ നിത്യപ്രകാശമായി അനേകരുടെ മാനസവീഥികളിൽ അനശ്വരനായി നിലനിൽക്കുന്ന അമൃതമയാനന്ദപുരി സ്വാമിയുടെ ദീപ്തമായ സ്മരണകൾക്ക് മുന്നിൽ സാഷ്ടാംഗപ്രണാമം.

By ivayana