രചന : പ്രശാന്ത് വാസുദേവ് ✍️
വാക്കുകളെക്കാൾ കൂടുതൽ സ്നേഹം ആവശ്യമുള്ള ഒരു കാലമാണ് വാർദ്ധക്യം.
വാർദ്ധക്യം എന്നു തന്നെ പറയണ്ട.
അമ്പതുകളും അറുപതുകളും ഒക്കെ
അങ്ങനെ തന്നെയാണ്.
ജീവിതത്തിൻ്റെ വേഗതയ്ക്ക്
അപ്പോഴേക്കും കുറവ് വന്നേയ്ക്കാം.
അമ്പതുകളിലേക്ക് കടന്നാൽ നമ്മുടെ
ഒരു സംസ്കാരവും രീതിയും അനുസരിച്ച്
പലപ്പോഴും ആലിംഗനത്തിന്റെ
സാദ്ധ്യതകൾ മറയുന്നു.
ചുംബനത്തിന്റെ സാദ്ധ്യതകൾ അസ്‌തമിക്കുന്നു.
രാത്രികളിൽ ശരീരം ശരീരത്തോട് ചേർന്ന്
ഉറങ്ങുന്നതിന്റെ സാധ്യതകൾ മായുന്നു.
എല്ലാവരുടെയും കാര്യം എന്നല്ല.
നമ്മുടെ സ്നേഹം കൂടുതലും
വാക്കുകളിലേക്ക് ചുരുങ്ങുന്നു.
“നീ കഴിച്ചില്ലേ” എന്ന് ചോദിക്കും .
“നിനക്ക് ക്ഷീണമുണ്ടോ” എന്ന് ചോദിക്കും.
പക്ഷേ ശരീരം ഒന്ന് തലോടിക്കൊടുക്കില്ല.
ആ നെറ്റിയിൽ ഒരു ചുംബനം കൊടുക്കില്ല.
അതൊക്കെ യൗവ്വനത്തിന്റെ മാത്രം ആവശ്യകതകൾ എന്ന് സ്വയം സമർത്ഥിക്കും.
കുഞ്ഞുങ്ങളുടെ മുമ്പിൽ,
ലോകത്തിനു മുമ്പിൽ അങ്ങനെയൊക്കെ ആകാമോ എന്ന സദാചാര ചോദ്യം ചോദിക്കും.
എന്നാൽ ഇംഗ്ലണ്ടിലെ Essex യൂണിവേഴ്സിറ്റിയിലെ ഒരു സംഘം നടത്തിയ പഠനം നോക്കൂ.
787 പേരെ അഞ്ചുവർഷത്തെ ഇടവേളകളിലാണ് അവർ പഠനവിധേയമാക്കിയത്.
അവരുടെ ശരാശരി പ്രായം 73 ആയിരുന്നു.
ആദ്യഘട്ടത്തിൽ പങ്കാളിയുമായി കൂടുതൽ ശാരീരിക അടുപ്പം ഉണ്ടായിരുന്ന പ്രായമായ ആളുകൾക്ക് അഞ്ചു വർഷങ്ങൾക്കുശേഷം മെറ്റബോളിക് ആരോഗ്യവും ഹൃദയാരോഗ്യവും താരതമ്യേന മെച്ചപ്പെട്ട നിലയിലായിരുന്നു !
ശരീരത്തിലെ കോശങ്ങളിലെ പ്രധാന രാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട
ജൈവ സൂചകങ്ങൾ ആണ്
മെറ്റബോളിക് ആരോഗ്യത്തിൽ പരിഗണിച്ചത്.
രക്തസമ്മർദ്ദം, ഹൃദയമിടിപ്പ് തുടങ്ങിയവയാണ് ഹൃദയാരോഗ്യ സൂചകങ്ങളായി പരിഗണിച്ചത്.
എന്നാൽ പങ്കാളിയല്ലാത്ത മറ്റുള്ളവരിൽ നിന്നുള്ള ശാരീരിക സ്പർശത്തിന് ഇത്തരം
അനുകൂലമായ ബന്ധം കണ്ടെത്തിയില്ല !
പഠനത്തിൽ പങ്കെടുത്ത ചിലർക്ക്
അങ്ങനെയുള്ള ബന്ധങ്ങൾ ഉണ്ടായിരുന്നു.
അതേസമയം, ഹോർമോണുകളുമായി ബന്ധപ്പെട്ട ന്യൂറോ എൻഡോക്രൈൻ ആരോഗ്യത്തിൽ പ്രത്യേകമായ സ്വാധീനം കണ്ടെത്തിയതുമില്ല .
സ്നേഹമുള്ള പങ്കാളിയുടെ സ്ഥിരമായ
ശാരീരിക സാമീപ്യം ഒരാൾക്ക് സുരക്ഷിതത്വവും വൈകാരിക പിന്തുണയും നൽകാമെന്നതിൻ്റെ സൂചനയായി ഇതെടുക്കാം.
എന്നാൽ തെളിവായി എടുക്കാൻ കഴിയില്ല.
മറ്റു പല കാരണങ്ങളും ഒപ്പം ഉണ്ടാകാം.
അതുകൊണ്ട് പ്രായം നോക്കാതെ
ആലിംഗന ബദ്ധരാകുക ,
ചുംബിക്കുക, തലോടുക,
ചേർന്നു കിടക്കുക …..
സ്പർശം പ്രധാനമാണ്.
🩵💜💙💛സ്നേഹം
നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും💛💙💜🩵
