കേരളത്തിലെ നിരത്തുകളിൽ മദ്യപിച്ചും ലഹരി ഉപയോഗിച്ചും അശ്രദ്ധമായും വാഹനം ഓടിച്ച് നിരപരാധികളുടെ ജീവനെടുക്കുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ്. ജനങ്ങളിൽ വലിയ അമർഷവും ആശങ്കയുമാണ് ഇത് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി റോഡിലുണ്ടായ ദാരുണമായ അപകടം ഇതിൽ ഒടുവിലത്തേതാണ്. അമിതവേഗതയും ലഹരിയുടെ സ്വാധീനവും ചേരുമ്പോൾ ഒരു നിമിഷം കൊണ്ട് എങ്ങനെയാണ് മനുഷ്യജീവനുകൾ പൊലിയുന്നതെന്നും പൊതുസുരക്ഷ അപകടത്തിലാകുന്നതെന്നും ഈ സംഭവങ്ങൾ വീണ്ടും ഓർമ്മിപ്പിക്കുന്നു.

അടുത്തിടെയുണ്ടായ നെടുമ്പാശ്ശേരി അപകടത്തെ മുൻകാലങ്ങളിൽ കേരളത്തെ നടുക്കിയ പ്രമുഖ സംഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ചില ഗുരുതരമായ പ്രവണതകൾ വ്യക്തമായി കാണാം.
നെടുമ്പാശ്ശേരി അപകടം:
അമിതവേഗതയും മദ്യപിച്ച് ഓടിച്ചതുമാണ് അപകടത്തിലേക്ക് നയിച്ചത്. പൊതുനിരത്തിൽ മറ്റ് യാത്രക്കാരുടെയും വഴിയാത്രക്കാരുടെയും ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത സമീപനമാണ് ഇവിടെ കണ്ടത്. ജീവിതം തുടങ്ങുന്ന മൂന്നു പേരെയാണ് മനഃസാക്ഷിയില്ലാത്ത ഒരുത്തൻ മദ്യ ലഹരിയിൽ, മാതാപിതാക്കൾ വാങ്ങിക്കൊടുത്ത വിലപിടിപ്പുള്ള കാറുകൊണ്ട് റോഡിൽ കൊലപ്പെടുത്തിയത്. വലിയ ആളപായത്തിനും സ്വത്ത് നാശത്തിനും വഴിവെച്ച ഈ സംഭവം പ്രാദേശികമായി വൻ ജനരോഷത്തിന് കാരണമായി.

കുട്ടികൾക്ക് ആവശ്യത്തിലധികം സൗകര്യങ്ങൾ നൽകി അവരെ സന്തോഷിപ്പിക്കാൻ മാതാപിതാക്കൾ കാണിക്കുന്ന അമിതാവേശം കാര്യങ്ങളെ തികച്ചും വിപരീതദിശയിലേക്ക് നയിക്കും എന്നതിന് തെളിവാണ് നെടുമ്പാശ്ശേരിയിൽ നടന്ന ദാരുണ സംഭവം. മക്കൾ സഞ്ചരിക്കുന്ന വഴികളിലേക്ക് ഇടയ്‌ക്കൊക്കെ ഒന്ന് എത്തിനോക്കേണ്ടതിൻ്റെ പ്രാധാന്യമാണ് ഈ ദുരന്തം നമ്മെ ഓർമ്മിപ്പിക്കുന്നത്. “എല്ലാ കാര്യങ്ങളും പിതാവ് നോക്കിക്കൊള്ളും” എന്ന് അഹങ്കാരത്തോടെ പറയുന്ന വാചകം ലളിതമായി തള്ളിക്കളയാനാവില്ല. എന്ത് നെറികേട് കാണിച്ചാലും പണവും സ്വാധീനവും ഉപയോഗിച്ച് എല്ലാം ഒതുക്കിത്തീർക്കാം എന്ന അഹങ്കാരമാണ് ഇതിലൂടെ പ്രകടമാകുന്നത്. മുൻപും ഇതുപോലെ വഴിവിട്ട രീതിയിൽ ഇവർ കാര്യങ്ങൾ നേടിയെടുത്തിട്ടുണ്ടോ എന്ന് സുതാര്യമായി അന്വേഷിക്കേണ്ടതുണ്ട്.

തിരുവനന്തപുരം അപകടം:
മദ്യപിച്ച് അമിതവേഗതയിൽ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകനായ കെ.എം. ബഷീർ കൊല്ലപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട ഉന്നത സ്ഥാനത്തിരിക്കുന്നവർ പോലും നിയമം കൈയിലെടുക്കുകയും ലഹരിയിൽ വാഹനമോടിക്കുകയും ചെയ്യുന്നതിൻ്റെ തെളിവായിരുന്നു ഇത്. അപകടത്തിന് ശേഷം രക്തപരിശോധന വൈകിപ്പിക്കാനും തെളിവുകൾ നശിപ്പിക്കാനും നടന്ന നീക്കങ്ങൾ നിയമസംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്തു.

തൃശ്ശൂർ അപകടം:
വ്യവസായിയായ മുഹമ്മദ് നിഷാം തൻ്റെ ആഡംബര കാറായ ഹമ്മർ ഉപയോഗിച്ച് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ മനഃപൂർവ്വം ഇടിച്ചു പരിക്കേൽപ്പിക്കുകയും തുടർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
നെടുമ്പാശ്ശേരിയിലെയോ തിരുവനന്തപുരത്തെയോ സംഭവങ്ങൾ ലഹരി മൂലമുള്ള അശ്രദ്ധയും നിയന്ത്രണനഷ്ടവുമാണെങ്കിൽ, നിഷാമിൻ്റെ കേസ് അഹങ്കാരവും ക്രൂരതയും നിറഞ്ഞ ബോധപൂർവ്വമായ ആക്രമണമായിരുന്നു. വാഹനങ്ങളെ ആയുധമാക്കുന്ന രീതിയും പണത്തിൻ്റെ ശക്തി ഉപയോഗിച്ച് നിയമത്തെ വെല്ലുവിളിക്കാനുള്ള പ്രവണതയുമാണ് ഇവിടെ കണ്ടത്.

കോട്ടയം മണിമല അപകടം:
കോട്ടയം മണിമലയിൽ വെച്ച് പ്രമുഖ രാഷ്ട്രീയ നേതാവിൻ്റെ ബന്ധു ഓടിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മണിമല സ്വദേശികളായ രണ്ടു സഹോദരങ്ങളായ ചെറുപ്പകാരയിരുന്നു കൊല്ലപ്പെട്ടത്.
അപകടസമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നും കാറിലുണ്ടായിരുന്ന മറ്റൊരാളാണ് വാഹനമോടിച്ചതെന്ന് വരുത്തിതീർക്കാൻ ശ്രമം നടന്നു എന്നും ആരോപണങ്ങൾ ഉയർന്നു. എന്നാൽ പോലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ആദ്യഘട്ട രക്തപരിശോധനയിൽ മദ്യത്തിൻ്റെ അംശം കണ്ടെത്തിയില്ല (Negative). അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിനിടയാക്കിയതിന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും കേസ് അട്ടിമറിക്കാൻ സ്വാധീനം ഉപയോഗിച്ചു എന്ന ആരോപണം ജനങ്ങൾക്കിടയിൽ സജീവമായിരുന്നു.

ഈ സംഭവങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് കേരളത്തിലെ റോഡ് സുരക്ഷ നേരിടുന്ന ചില പ്രധാന വെല്ലുവിളികളിലേക്കാണ്:
നിയമത്തോടുള്ള ഭയമില്ലായ്മ: മോട്ടോർ വാഹന നിയമങ്ങൾ കർശനമാണെങ്കിലും ലഹരിയുടെ ലഹരിയിലോ പണത്തിൻ്റെയും അധികാരത്തിൻ്റെയും അഹങ്കാരത്തിലോ വാഹനം എടുക്കുന്നവർ നിയമത്തെ ഭയപ്പെടുന്നില്ല.
സ്വാധീനവും തെളിവ് നശിപ്പിക്കലും: ഉന്നതരോ പ്രമുഖരോ ഉൾപ്പെടുന്ന കേസുകളിൽ ഇൻഫ്ലുവൻസ് ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാനും, വൈദ്യപരിശോധനകൾ വൈകിപ്പിക്കാനും, കേസ് ദുർബലമാക്കാനും ശ്രമിക്കുന്നത് സ്ഥിരം കാഴ്ചയാകുന്നു.
ഇരയാക്കപ്പെടുന്ന നിരപരാധികൾ: കൃത്യനിർവ്വഹണം നടത്തുന്ന ജീവനക്കാരോ, വഴിയിലൂടെ നടന്നുപോകുന്ന സാധാരണക്കാരോ, ജോലി കഴിഞ്ഞ് മടങ്ങുന്ന യാത്രക്കാരോ ആണ് ഇത്തരം അശ്രദ്ധകളുടെയും അഹങ്കാരങ്ങളുടെയും ഇരകളാകുന്നത്.

പണവും രാഷ്ട്രീയ-ഭരണ സ്വാധീനവുമുണ്ടെങ്കിൽ എന്ത് നെറികേട് ചെയ്താലും രക്ഷപ്പെടാം എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിനൊരു തടയിടാൻ സിവിൽ സൊസൈറ്റി സജീവമായി പ്രതികരിക്കേണ്ടതുണ്ട്. നിഷാമിന് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ പൊതുജനങ്ങളുടെ കൂട്ടായ പ്രതികരണത്തിന് സാധിച്ചു എന്നത് ഇതിനൊരു തെളിവാണ്. ആടിനെ പട്ടിയാക്കുന്ന രീതിശാസ്ത്രത്തെ ആവോളം ആവാഹിക്കുന്നവർ സമൂഹത്തിൽ സജീവമായി നിലനിൽക്കുന്നുണ്ടെന്ന് മനസ്സിലാക്കി, നമ്മുടെ സിവിൽ സമൂഹം ഇത്തരം വിഷയങ്ങളിൽ ജാഗരൂകരാകേണ്ടതുണ്ട്.” തിരുവനന്തപുരത്തെ അപകടവും പ്രതികളുടെ സമീപനവും കേരള സമൂഹത്തിനു ഒട്ടും സഹിക്കാനാകാത്ത പൊള്ളൽ തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്.

കേരളത്തിലെ റോഡുകൾ മരണക്കെണിയാകാതിരിക്കാൻ അധികാരികളുടെ ഭാഗത്തുനിന്നും സമൂഹത്തിൻ്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടൽ അനിവാര്യമാണ്. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനമോടിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയും, വിചാരണ വേഗത്തിലാക്കി കടുത്ത ശിക്ഷ ഉറപ്പാക്കുകയും വേണം. സ്വാധീനങ്ങൾക്കതീതമായി നിയമം എല്ലാവർക്കും ഒരുപോലെ നടപ്പിലാക്കിയാൽ മാത്രമേ നമ്മുടെ നിരത്തുകളിൽ നിരപരാധികളുടെ ജീവൻ സുരക്ഷിതമാകൂ.

ബഷീർ ഐകപാടത്തു

By ivayana

Leave a Reply

Your email address will not be published. Required fields are marked *