രചന : അഫ്സൽ ബഷീർ തൃക്കോമല ✍️
താരതമ്യേന ചെറുപ്പക്കാരായ സ്ത്രീകൾ നേടിടുന്ന വെല്ലുവിളികൾ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ 1995-ൽ ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന ലോക വനിതാ സമ്മേളനത്തിൽ കനേഡിയൻ മന്ത്രിയായിരുന്ന റോൺ അംബ്രോസ് ആണ് ബാലികാദിനമെന്ന ആശയം മുൻപോട്ടു വെച്ചത്. പിന്നീട് നടന്ന തുടർ ചർച്ചകൾക്ക് ഒടുവിൽ 2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്.
പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ലിംഗ വിവേചനത്തിനെതിരെയുമുള്ള ശക്തമായ ബോധവൽക്കരണം ലക്ഷ്യമാക്കിയാണ് 2012 ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം (International Day of the Girl Child) ആദ്യമായി ആചരിക്കുന്നത്.
2008 മുതൽ ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 “ദേശീയ പെൺകുട്ടി” ദിനമായി ഇന്ത്യയിൽ ആചരിക്കുന്നുണ്ട്. പ്ലാൻ ഇന്റർനാഷണൽ എന്ന സന്നദ്ധ സംഘടനയാണ് അന്തർദേശീയ ബാലികാദിനമെന്ന ആശയം മുന്നോട്ടുവെച്ചത്. ലോകത്തു ചുരുക്കം ചില സ്ഥലങ്ങളിൽ ഒഴിച്ച് വിദ്യാഭ്യാസമടക്കമുള്ള അവകാശങ്ങൾ പെൺകുട്ടികൾക്ക് പൂർണ്ണമായോ ഭാഗികമായോ നിഷേധിക്കപ്പെടുന്നു. ഒപ്പം ലിംഗവിവേചനവും ശാരീരികപീഡനങ്ങളും ബാലവേലയും അവരുടെ ബാല്യത്തെ അർഥരഹിതവും ദുരിതപൂർണ്ണവുമാക്കുന്നു.
“ഒരാൾക്ക് രണ്ടു പെൺമക്കളുണ്ടാവുകയും അവരെ അയാൾ നന്നായി പരിപാലിക്കുകയും”
അയാൾ നന്നായി പരിപാലിക്കുകയും ചെയ്താൽ അവർ മൂലം അയാൾ സ്വർഗപ്രവേശനത്തിന് അർഹനായിത്തീരും” എന്ന മുഹമ്മദ് നബിയുടെ വചനവും “ശാരീരികവും മാനസികവുമായ വിഷമങ്ങളിൽ പുരുഷനും സ്ത്രീയും വ്യത്യസ്തത പുലർത്തുന്നുണ്ടെങ്കിലും ദൈവിക സന്നിധിയിൽ സ്ത്രീയും പുരുഷനും സമന്മാരാണെന്ന് ഖുർആനും പറയുന്നു.
സ്ത്രീ ജനങ്ങൾ അമ്മയായും സഹോദരിയായും ഭാര്യയായും മകളായും അമ്മൂമ്മയായും ആൺ വർഗത്തിന് മുൻപിൽ സഹവർത്തിത്വത്തിന്റെയും ത്യാഗത്തിന്റെയും സ്നേഹ വാത്സല്യങ്ങളുടെയും പര്യായമായി നിൽക്കുമ്പോൾ ഭ്രൂണാവസ്ഥ മുതൽ പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നതിന്റെ ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങൾ ലോകത്തിനു മുൻപിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ലജ്ജിപ്പിക്കുന്നു എന്ന് പറയാത്ത വയ്യ. അതിനു കക്ഷി രാഷ്ട്രീയക്കാരും മത സാമുദായിക സംഘടനാ പ്രവർത്തകരും കൂട്ടുനിൽക്കുകയോ നേരിട്ട് ഒത്താശ ചെയ്യുകയോ ഒക്കെ ചെയ്യുന്നത് ഭയപ്പെടുത്തുന്നു. ലോകത്ത് പെൺ ഭ്രൂണഹത്യയും ശൈശവവിവാഹങ്ങളും, ബാലികാ അതിക്രമങ്ങളും സ്ത്രീധന ചൂഷണവും, സൈബർ ആക്രമണങ്ങളും എന്ന് വേണ്ട അരക്ഷിതമായ സ്ത്രീ ജീവിതം നമ്മുടെ വർത്തമാന കാലത്തെ കലുഷിതമാക്കി കൊണ്ടിരിക്കുന്നു. മാത്രമല്ല കുറ്റവാളികൾ നിയമത്തിന്റെ സൂചി കുഴലിലൂടെ വഴുതി പോകുന്നതും സ്ത്രീ വിരുദ്ധതയ്ക്ക് ആക്കം കൂട്ടുന്നു.
അന്താരാഷ്ട്ര ബാലികാ ദിനത്തിന്റെ ആദ്യ പ്രമേയം“ബാലവിവാഹം അവസാനിപ്പിക്കുക”
എന്നതായിരുന്നു.2026- ൽ വീണ്ടും അതേ പ്രമേയം കൂടുതൽ വ്യക്തതയോടെ “ബാലവിവാഹം അവസാനിപ്പിക്കുക, പെൺകുട്ടികളുടെ അവകാശങ്ങളിൽ നിക്ഷേപിക്കുക”എന്ന പ്രഖ്യാപനത്തിൽ അവതരിപ്പിച്ചിരിക്കുന്നു. “ഉജ്ജ്വലമായ ഭാവിക്കായി പെൺകുട്ടികളുടെ ശാക്തീകരണം” (Empowering Girls for a Bright Future) എന്നതായിരുന്നു 2025-ലെ അന്താരാഷ്ട്ര ബാലികാ ദിനത്തിന്റെ പ്രമേയം
എന്നത് ശ്രദ്ധേയമാണ്.
കേരളത്തിൽ അട്ടപ്പാടി മലനിരകളിൽ ജീവിക്കുന്ന ഗോത്രമനുഷ്യരും നമുക്കിടയിലുള്ള സാധാരണക്കാരും ഈ ദിനാചരണത്തിന്റെ പ്രാധാന്യമോ ഈ ദിനാചരണമോ പോലും അറിഞ്ഞു കാണാൻ ഇടയുണ്ടാവില്ല. ചെറുപ്പകാലം മുതൽ സ്വന്തം വീടുകളിൽ നിന്നും ലിംഗസമത്വം നൽകി സമൂഹത്തിന്റെ ഭാഗമായ ഓരോ ബാലികയെയും വളർത്തി കൊണ്ടുവരാൻ രക്ഷകർത്താക്കൾ മുൻപോട്ടു വരികയും, നല്ല വിദ്യാഭ്യാസവും ആരോഗ്യവും സംസ്കാരവും ഒപ്പം നൽകുകയും അറേബ്യൻ രാജ്യങ്ങളിലെ സ്ത്രീ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കാൻ ഭരണകൂടം തയ്യാറാകുകയും ചെയ്താൽ ഇന്നത്തെ അവസ്ഥയ്ക്ക് വലിയ മാറ്റമുണ്ടാകും.ആർഷ ഭാരത സംസ്കാരത്തിൽ “യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ” (എവിടെയാണോ നാരികൾ പൂജിക്കപ്പെടുന്നത് അവിടെ ദേവകൾ പ്രസാദിക്കും) എന്ന മനുസ്മൃതി വചനത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കി പ്രവർത്തിക്കുകയും കൂടി ചെയ്യാൻ കഴിയണം. ഇതൊക്കെ പറയുമ്പോഴും “പിതാ രക്ഷതി കൗമാരേ
ഭർത്താ രക്ഷതി യൗവനേ
പുത്രോ രക്ഷതി വാർധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമർഹതി”
അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ ഈ കാലഘട്ടത്തിൽ കാണണം. ബാല്യത്തിൽ അച്ഛനും യൗവനത്തിൽ ഭർത്താവും വാർധക്യത്തിൽ മകനും സ്ത്രീയെ സംരക്ഷിക്കണം എന്നു നിഷ്കർഷിക്കുന്ന നിയമമാണിത്. പുരുഷന്മാർ ഇങ്ങനെ ചെയ്താൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തിന്റെ ആവശ്യമില്ല അവൾ സംരക്ഷണവലയത്തിലായിരിക്കും എന്നു മാത്രമാണ് വിശദീകരണം.
ആധുനിക കാലത്തു മനുസ്മൃതിയിലെ ഈ ശ്ലോകത്തയും അടുത്ത് ദിവസങ്ങളിൽ കേരളത്തിലെ ഒരു മത പുരോഹിതൻ തങ്ങളുടെ മത നിയമത്തിൽ പെൺ കുട്ടികൾക്കും സ്ത്രീകൾക്കും മാർഗ്ഗ നിർദേശങ്ങൾ ഉണ്ട് എന്ന് പറഞ്ഞതും
അത് വളച്ചൊടിചു സ്ത്രീകൾക്കെതിരെയുള്ള ആയുധമാക്കാൻ ശ്രമിക്കുന്നവരും, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അതിർ വരമ്പുകൾ സൃഷ്ടിക്കുന്നവരും,ഓരോ പെൺകുട്ടിക്കും അവരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കഴിയുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ പുലർത്തട്ടെ എന്നതാണ് ഈ ബാലിക ദിനത്തിൽ പറഞ്ഞു വെക്കാനുള്ളത്.

