ലണ്ടൻനഗരവീഥിച്ചത്വരോന്നതിയിൽ
വേഷപ്രഭപൂണ്ടൊരു രൂപം ഗമിക്കുന്നതെങ്ങോ!
കൈയിൽ മുറുകുന്ന ദണ്ഡിൽ പാറിടുംകൊടിയതു
കാട്ടുന്ന വഴികൾ ലക്ഷ്യമോ, ലക്ഷ്യമില്ലായ്മയോ!
​അഹന്ത തുന്നിയെടുത്ത കനത്ത പട്ടുതുണി
മൂടുപടംപോൽ കാഴ്ചയെ മറയ്ക്കവേ,
ദേശപ്പെരുമതൻ വർണ്ണങ്ങളൊളിപ്പിച്ച ശീലയോ
മറയ്ക്കുന്നു ലോകത്തിൻസത്യങ്ങളെ!
​കാണേണ്ട ലോകം കാണാതിരിക്കുവാനായ്
കൂട്ടുപിടിക്കുന്നു നാം കൊടിയടയാളങ്ങളെ.
അതിരുകൾ വരച്ച വെറുമൊരു ശീലയിൽ,
സ്വത്വബോധത്തെ പണയം വയ്ക്കുന്നു മാനുഷർ!
​പ്രത്യയശാസ്ത്രങ്ങൾ തീർത്തൊരു തിമിരമോ
നമ്മുടെയുൾക്കാഴ്ചയെക്കവരുന്ന വൈകല്യം!
ചിന്തയെ ശവമഞ്ചത്തിലേറ്റുമീ യാത്രയിൽ
മനുഷ്യത്വം കാണാതെ ഭ്രമിച്ചുപോകുന്നു നാം!
​അറിയുക, കൊടിയും കൊടിമരവും വീഴുന്നിടത്ത്
തുടങ്ങുന്നതതിരുകളറ്റൊരാ നീലാകാശം!
വർണ്ണവർഗ്ഗഭേദമില്ലാതെയെങ്ങാത്മാവുണരുന്നുവോ,
അവിടെ ചിറകു വിരിപ്പൂ മാനവികതതൻ വെൺപിറാവുകൾ!
മനീഷി

By ivayana

Leave a Reply

Your email address will not be published. Required fields are marked *