രചന : ബാബുരാജ് ✍

(ഒന്ന്)
നിനക്കുള്ള അപ്പം ഞാനാണ്
കരുതി വച്ചിരിക്കുന്നത്!
നീയപ്പത്തിനു കൈ നീട്ടി നിൽക്കുക!
അപ്പോൾ എൻ്റെ സൂര്യനെയെടുത്ത്
ഞാൻ നിൻ്റെ ഉള്ളംങ്കയ്യിൽ വക്കും!
ഗുരുവിനെ പ്രതിഷ്ഠിച്ചതിന്
പെരുവിരൽ ചോദിച്ചവനോട്
ഇതിൽ കൂടുതലെന്തു ചെയ്യാൻ?
നിനക്കെൻ്റെ വെളുത്ത
ചിരിയെ വേണം എന്നാണെങ്കിൽ……..
നിൻ്റെ വരണ്ട ഹൃദയം തുറന്നു
വയ്ക്കുക!
അപ്പോൾ ഞാൻ വെറുപ്പിൻ്റെ
അഗ്നിപർവ്വതംകൊണ്ട്
ഞാൻ നിന്നെ മൂടിയേക്കും!
(രണ്ട്)
എൻ്റെ ചരിത്രത്തിൻ്റെ ഇന്നലേകൾ
നീ തുപ്പല് തൊട്ട് മറിച്ചു
നോക്കരുത്!
അതിനകത്ത് തിളച്ച കടലിൻ്റെ
ദ്രവിക്കാത്ത ഉപ്പുണ്ട്!
അത് നിൻ്റെ എല്ലുകളേയും
പല്ലുകളേയും കാർന്നുതിന്നട്ടെ!
നിൻ്റെ ചിന്നലു വീണ
ചിന്തകളേയും………..
വേടൻ്റെ അമ്പു കൊണ്ടാണ്
എൻ്റെ ക്വാറികൾക്ക് ഞാൻ
തുളയിടുന്നത്!
കല്ലുകൾക്കകത്തുള്ള വെടിമരു-
ന്നിൻ്റെ ഗന്ധം എൻ്റെ ചിന്തയിൽ
മുക്കിയെടുത്തതാണ്.
ഞാൻ മലകൾ പിളർത്തും.
നടുങ്ങുന്ന ഭൂമിയേയും പിളർത്തും!
ഗുരുവിൻ്റെ പ്രതിമയേയും
പിളർത്തും!
കുത്തൊഴുക്കിൽ ഒലിച്ചുപോകുന്ന
നിലവിളികളാണ് എനിക്ക് എഴുത്ത്.
(മൂന്ന്)
പൂമാലയണിഞ്ഞവനെ അമ്പെയ്തു
കൊല്ലുന്ന കാടത്തമാണെൻ്റെ
കവിത……….
അത് – കറുപ്പിൻ്റെ വിഷമുനകൾകൊണ്ട് വെളുപ്പിൻ്റെ
ശവമെടുക്കും!
അതാണെനിക്ക് രാവു പകലു-
കളുടെ കവിതകൾ……….
എൻ്റെ രാത്രികൾ വിവസ്ത്രകൾ!
അവരുടെ വിയർപ്പെനിക്ക്
വീഞ്ഞു കുടിച്ചു വീർത്ത
വൈകൃതം !
ഇത് – ചാപിള്ളകളുടെ മാത്രം
പകലുകൾ !
ചാപിള്ളകളുടെ മാത്രം കടലുകൾ !
ചാപിള്ളകളുടെ മാത്രം എഴുത്ത്!


ബാബുരാജ്

By ivayana