അകന്നകന്നുപോകുന്ന
ഭൂതകാലം
അകലെയങ്ങു കേൾക്കുന്ന
സമുദ്രാരവം
മോഹിപ്പിച്ചീടുന്ന
ഭാവികാലം
ഉയരെ വിണ്ണിൽ കാണും
ചന്ദ്രതാരകൾ
കടന്നുപോകും കാലമാം
വർത്തമാനം
ഇന്നു പാദമൂന്നിടും
നമ്മുടെ ഭൂമി
നിദ്ര വിട്ടിവിടുണർന്നി-
രിക്ക നമ്മൾ
നിർന്നിമേഷരായ് നില്ക്ക
കർമ്മപഥത്തിൽ .
ഇതൾ വിടർത്തീടുന്ന
യിരുളിമയും
നറുമണം തൂകുന്ന
പുലർവെട്ടവും
ഇവിടെ നമുക്കൊപ്പം
വിളങ്ങീടുന്നു
ഇടവിട്ടവ മിന്നി
തെളിഞ്ഞീടുന്നു
ഇടറാതെ വെട്ടത്തെ
പിൻതുടരുവാൻ
,കഴിയട്ടീയുലക
നാൾവഴിയിൽ .
വെളിച്ചം തെളിയുമ്പോ
ളിരുളകലും
വെളിച്ചമകന്നെന്നാ-
ലിരുൾ പരക്കും
അന്യമല്ലവ രണ്ടും
മാറിവരുന്നു
അവസരം പോലവ
വേദിയേറുന്നു
അന്യമല്ലവ രണ്ടും
കൂടെയുണ്ട്
ഒന്നു വാഴും നേരത്തു
താഴുമൊന്ന്
ദീപം പകർന്നവർ
മറഞ്ഞെന്നാലും
പുതു ദീപങ്ങൾ നേരെ
ജ്വലിച്ചുയരും
അണയില്ല നേരുള്ള
കാര്യമെല്ലാം
അലകളുയരുന്ന
ചലനമാകും
അണയില്ല നേരുള്ള
കർമ്മമെല്ലാം
അതിരറ്റ കാലത്തിൽ
മുളച്ചുപൊന്തും.

രചന : എം പി ശ്രീകുമാർ

By ivayana