നിത്യസുന്ദരിയാകും പ്രപഞ്ചത്തിൻ മടിത്തട്ടിൽ
നിദ്രയെപ്പുൽകാൻ ഭൂമിയങ്ങനെ ശയിക്കുമ്പോൾ
നിത്യയൗവനമാർന്ന മന്ദമാരുതൻ ചെന്ന്
നിഷ്ക്കാമമെന്നാകിലും
ചെവിയിൽ രാഗം മൂളീ
നിദ്രയ്ക്കു ഭംഗം വന്ന ഭൂമിയൊന്നെഴുന്നേറ്റു
നില്ക്കനീയെന്നു ചൊല്ലി, എന്തിനായ് തഴുകി നീ
നിശ്ശബ്ദനായിപ്പോയ പവനൻ്റെയുൾക്കാമ്പിലായ്
നല്കുവാൻ പാകമൊരു മറുപടി ലഭിച്ചില്ലാ…
നീ വെറും വാതം മാത്രം ഭൂദേവി വീണ്ടും ചൊല്ലി
നീയതു മനസ്സിലങ്ങുൾക്കൊൾകയും വേണം
നീ തന്നെ പ്രാണൻ തൻ്റെ ആഗമനിഗമങ്ങൾ
നീ വരുന്നേരം, നിന്നെ പുത്രനായ് കാണുന്നൂ ഞാൻ
നീ രാഗം, ഉല്ലാസത്തിൻ ശ്വാസവും നിശ്വാസവും
നിയെന്നാൽ മരുത്തു താനെന്നുടെ ഭ്രമണത്താൽ
നിത്യത പുൽകീടുവാൻ, നിദ്രയെ കാംക്ഷിച്ചു ഞാൻ
നിന്നെയും മറന്നങ്ങു തല്പത്തെ പ്രാപിക്കുമ്പോൾ
നില്ലുനില്ലവിടെയെന്നുര ചെയ്തീടാതെ വീണ്ടും
നിത്യവും വസന്തത്തിൻ ഗന്ധങ്ങൾ പേറൂ,കാറ്റേ
നില്ക്കാനായിടമില്ല, ചുറ്റുവാനിടമുണ്ട്
നില്‌പൊന്നുറപ്പിക്കാൻ
നിത്യത തേടീടൂ നീ…🌏

കൃഷ്ണമോഹൻ കെ പി

By ivayana