രചന : എം പി ശ്രീകുമാർ ✍️
മേലോട്ടു നോക്കി നീ
മഴമേഘത്തോട്
പറയുന്നതെന്തെ
മേക്കാച്ചിത്തവളെ ?
മാനം കറുത്തു
മഴ പുളകമോടെ
മണ്ണിതിൽ വന്നിട്ടു
തുള്ളിക്കളിപ്പാനായ്
കോൾമയിർ കൊള്ളുന്ന
മനം തുടികൊട്ടി
കൊതിയോടെ പാടി
വിളിക്കും തവളെ
ഇമ്പത്തിലീണത്തിൽ
പാടി രസിക്കുന്ന
ഈ മഴ നാളുകൾ
നിന്നുത്സവ കാലം
ചങ്ങാതിമാരൊത്തു
ചെളിവെള്ളം തട്ടി
ചമ്പാവരിപ്പാടം
കളിനിലമാക്കി
ചന്തത്തിലാനന്ദ
മോടെ വെള്ളത്തിൽ
ചാടി നടക്കുന്ന
പെരുമഴക്കാലം !
ഇന്നീ മഴക്കാല
മൊന്നതു പോലെ
ആടിയും പാടിയും
കൂടുവാൻ മോഹം !
