രചന : സിന്ധു എം ജി ✍️
ജനാലയിലൂടെ കാണുന്ന
അരണ്ട വിജനതയിലേക്ക്കണ്ണുംനട്ട്
കാത്തു നിന്ന ഉറക്കമില്ലാത്ത
എത്രയോ രാത്രികൾ ……
എന്റെ ഹൃദയമിടിപ്പിന്റെ ഒരു പിടച്ചിലിന്
കാരണമാവാനെങ്കിലും
നിന്നെ മാത്രം തേടിയ
ആ രാത്രികൾ കടന്നു പോയിരിക്കുന്നു….
നിറങ്ങളടർന്നു വീണ ചുമരുകൾ പോലെ
പ്രതീക്ഷകൾ അസ്തമിച്ച പകലുകൾ..
നമ്മുടെ പുനർസമാഗമത്തിന്റെ
താളം പിടിക്കാൻ എത്തിയ
രാപ്പടികളെ ഞാൻ യാത്രയാക്കിയിരിക്കുന്നു….
നിന്നോടൊപ്പം ആഘോഷമായൊരു
രാത്രികാലത്തിന്റെ ഓർമ്മകൾ
മാത്രം എന്നെ ഇടയ്ക്കിടെ ഓർമ്മ പ്പെടുത്തുന്നു
ഉന്മാദികളുടെഇരവുകൾക്ക്
വ്യാകരണം ഇല്ലാതാവുമെന്നു …..
എന്തിനോ വേണ്ടി കറുപ്പുടുത്ത
ആ രാത്രിയുടെ ക്രൂരതയിൽ
നീ വിട പറഞ്ഞതെല്ലാം വിസ്മരിച്ചു
ഞാൻ എന്നെ പുനസൃഷ്ടിക്കുന്നുണ്ട്
