രചന : എം പി ശ്രീകുമാർ ✍️
തിരയടിച്ചു തിരയടിച്ചു
പതഞ്ഞുയർന്നു മോഹം
മനമുണർന്നു മതിയുണർന്നു
നിരത്തിലൂടെ നമ്മൾ .
ചിറകടിച്ചു ചിറകടിച്ചു
പറന്നുയർന്നു കിളികൾ
പലവഴിയ്ക്കു കതിരു തേടി
കനകശോഭയോടെ
തരളഗീതതരംഗമോടെ
പറന്നിടുന്നു വിണ്ണിൽ
തരുശിഖര നിറവല്ലരീ
കുളിർ തടിനീതടങ്ങൾ
നിറമലരുകൾ നൃത്തമാടും
നറുപരിമളതോട്ടം
നിറഞ്ഞ ഹർഷം വിടർന്ന പോലെ
തെളിഞ്ഞു നില്ക്കും വാനം
പലയിടവുമങ്ങനെ
നിത്യവൃത്തി തിരഞ്ഞു
പകലകന്നു തിരയടങ്ങെ
ചിറകൊതുക്കിവരും
കൂടണഞ്ഞവർ വീടണഞ്ഞവർ
ക്ഷീണമാറ്റിയുറങ്ങി
പുതുമയോടെ പുളകമോടെ
പുലരിയിലുണർന്നു
പുതിയ കർമ്മപഥത്തിലൂടെ
രഥമുരുളും വീണ്ടും
പുതിയദിന കിരണമെങ്ങും
പ്രഭ വിതറും നേരം
അരികു ചേർന്നു ഒതുങ്ങിനിന്നീ
ചെറിയപാട്ടു മൂളെ
തരിവളകൾ കിലുക്കി മെല്ലെ
താളമിടുന്നു തെന്നൽ .

