രചന : രാ ഗേ ഷ് ✍️
വല്ലാതെ വെളുത്ത ഒരു നേരത്തെ
ഒട്ടും തിരിച്ചറിയാത്തത്പോലെ
ഞാൻ തിരിഞ്ഞു കിടക്കുന്നു.
അടുക്കളയിലെ ദോശ ‘ശ് ശ്”ന്ന് വിളിക്കുന്നുണ്ട്
ആമാശയമോ കുടലോ
മത്സരിച്ചു വിളി കേൾക്കുന്നുമുണ്ട്
എങ്കിലും,
ദിവ്യനായ തലച്ചോർ
‘സുഷുപ്തി സുഷുപ്തി’ എന്ന മന്ത്രം ജപിച്ചു
ഒരു വലിയ കടലിന്റെ സ്വപ്നം കാണിച്ചു മയക്കുന്നു.
ലോകം മുഴുവൻ നിറയുന്ന ആ ഒരൊറ്റ കടലിൽ
നിന്റെ പ്രിയപ്പെട്ട തിരയെ തിരിച്ചറിയാനായി
ഒരൊറ്റത്തിരയുടെ ഉപ്പുതരികൾക്ക് മാത്രം
മഴവില്ലിന്റെ നിറം പകരാമെന്നു
കയ്യിൽ
ടെസ്റ്റ് ട്യൂബും പി എച് മീറ്ററും ചുമന്നുനിന്ന്
വാക്ക് തരുന്ന ആകാശം
സ്വപ്നത്തിൽ ലാബ്‌ടെക്‌നിഷ്യന്റെ
ഗസ്റ്റപ്പിയറൻസ് നടത്തുന്നു.
ഉറക്കത്തിൽ പുഞ്ചിരിക്കുമ്പോൾ മാത്രം
നീ ക്യൂട്ട് ആണെന്ന്
എന്റെ ഏതോ ഒരു കാമുകി
പണ്ടെന്നോ പറഞ്ഞിരുന്നു!
എന്റെ ഓരോ കാമുകിമാരും
ഏതെല്ലാമോ തിരയിൽപ്പെട്ടു മറഞ്ഞു
തിരകളായിത്തീർന്നവരായിരുന്നു.
ഞാൻ സ്വപ്നംകാണുന്ന ആ നീലക്കടൽ
പൂർവകാമുകിമാരെ
തിരിച്ചറിയാനാവാത്ത വണ്ണം
സ്കൈബ്ലൂ യൂണിഫോമിൽ
നിരത്തി നിർത്തിയിരിക്കുന്ന
ഒരു അസംബ്ലി പരേഡ് പോലെ!
അറ്റൻഷൻ എന്ന് ഞാൻ പറയുമ്പോൾ
അടങ്ങി നിൽക്കുന്ന കാമുകിത്തിരകൾ
സ്റ്റാൻഡ് അറ്റ് ഈസ് പറയുമ്പോൾ
ആകെ അഴിഞ്ഞുലഞ്ഞു നുര തുപ്പും.
അവർ പൊരിയുന്ന വെയിലിലും
ആവിയാകിപ്പോകുന്ന
ആ പ്രാകൃത നാടകം ഒരിക്കൽപ്പോലും
ആടുകയേ ഇല്ല
‘നിനക്ക് വിശക്കുന്നില്ലേ?
നിന്നെ ദോശ വിളിക്കുന്നത്
കേൾക്കുന്നില്ലേ?’ എന്ന് മാത്രം ചോദിക്കും,
അപ്പോൾ മാത്രം ഞാൻ
ഏതോ തിര നനച്ച കിടക്കയുപേക്ഷിക്കും.
ദോശച്ചൂടിനെ
തേങ്ങാചമ്മന്തിയിൽ മുക്കിപ്പിടിച്ചാ-റ്റുമ്പോൾ
ഇരുട്ടില്ലാത്ത പകലുകൾ
എത്രമാത്രം വെറുക്കപ്പെടേണ്ടതാണെന്ന്
എന്റെ ചുണ്ടുകൾ
മഴവില്ല്പോലെ വളഞ്ഞുനിന്ന് പ്രാകും.

