രചന : തങ്കം കല്ലങ്ങാട്ട് ✍
ദേവമാതായദിതിതൻ കുണ്ഡലം
ഭൂദേവിനന്ദനൻ മോഷണം ചെയ്തപ്പോൾ
ദേവേന്ദ്രാവരജനാകും കടൽവർണ്ണൻ
ദേവാരിയോടങ്ങാഹം ചെയ്താൻ
ആയിരം പതിനാറ് ഗോപികമാരെ
കാരുണ്യമെന്യേ തടങ്കലിൽ വച്ച്
ദാരുണമായി ദണ്ഡനം ചെയ്ത്
ദേവാരി നരകനഹന്തയാൽ വാണാൻ
ഗോപികൾ തന്നുടെ പരിദേവനത്തിൽ
കാരുണ്യം തോന്നിയ കാറൊളിവർണ്ണൻ
ദേവാരിയെ നിബർഹണം ചെയ്ത്
ഗോപികൾക്കെല്ലാം മോചനം നൽകി
ദേവമാതാവിന് കുണ്ഡലം നൽകി
ദേവകീ നന്ദനൻ മോദത്താൽ നിന്നു
ദേവാരി നരകന് നാകം ലഭിച്ചപ്പോൾ
ഭൂമിയിടരെന്യേ ഹ്ളാദത്താൽ നിന്നു
സ്വർണ്ണവർണ്ണഫലങ്ങൾ നിരത്തി – സു
വർണ്ണകപ്പുഷ്പത്തിൻ മാലകൾ ചാർത്തി
പൊൻ വിഷുവായിട്ടങ്ങാചരിച്ച്
കണ്ണനെയേവരും ആദരിച്ചു
