രചന : നുസൈബ ✍️
ഈയിടെ ഒരു വിവാഹപാർട്ടിയിൽ വെച്ച് വർഷങ്ങൾക്കിപ്പുറമാണ് ഞങ്ങൾ പരസ്പരം കാണുന്നത്…
ഒന്നിച്ചു ഒരേസ്കൂളിൽ ചെറിയ ക്ലാസ്സുകളിൽ പഠിച്ചവരായിരുന്നു ഞങ്ങൾ…
എന്നെ കണ്ടപാടെ സംശയത്തോടെ അടുത്തു വരികയും, തിരിച്ചറിഞ്ഞതും അവളാണ്…
ശേഷം ഞാനും….
കുടുംബവിശേഷങ്ങളൊക്കെ തമ്മിൽ പറഞ്ഞു….
സംസാരത്തിനിടയിൽ ഞാൻ അവളെ ശ്രദ്ധിക്കുകയായിരുന്നു…
കണ്ണുകൾ വരണ്ട പോലെ ഒട്ടും തിളക്കമില്ല…
ഉറക്കക്കുറവുള്ള പോലെ കൺപോളകൾ വീർത്തു കനം തൂങ്ങിയിരുന്നു..മുടി വല്ലാതെ പാറി കിടക്കുന്നു…
ശരീരം തടിച്ചു വീർത്തു വന്നപോലെ….
ഞാൻ അവളോട് ചോദിച്ചു……
” സലീനാ ഞാൻ ഒന്ന് ചോദിച്ചോട്ടെ നിനക്ക് വിഷമം ആവില്ല എങ്കിൽ ”.?
അവൾ അകലേക്ക് കണ്ണുകൾ പായിച്ചു ”ഉം”….
എന്ന് സമ്മതം പോലെ മൂളി….
”നീ നിന്നെ ഒട്ടും ശ്രദ്ധിക്കാറില്ലേ”..?
അവൾ എന്റെ കൈകൾ അവളുടെ മടിയിലേക്ക് ചേർത്തു വെച്ചു….
” നീയത് മനസ്സിലാക്കി അല്ലെ..!
ഞാനുറങ്ങിയിട്ടു മാസങ്ങളോളമായി, ഞാൻ എന്നെ കണ്ണാടിയിൽ നോക്കാറേ ഇല്ല ”
നിറഞ്ഞു വന്ന കണ്ണുകൾ അമർത്തിത്തുടച്ചു…
അവൾ നെടുവീർപ്പിട്ടു..
എന്നിട്ടു എന്നോട് ചോദിച്ചു…
” എനിക്ക് വേണ്ടി കുറച്ചു സമയം തരാമോ നിനക്ക് ഞായറാഴ്ച ഞാൻ ബീച്ചിൽ വരാം…
എനിക്ക് കുറേ പറയാനുണ്ട് നിന്നോട് ”
❤️🌿…………… ❤️🌿
ഞങ്ങളുടെ കൂടെ തന്നെ പഠിച്ച ജമീല എന്ന ”ജമി ” എന്ന് അവൾ ഏറെ സ്നേഹത്തോടെ വിളിച്ചിരുന്ന കൂട്ടുകാരി അവൾക്ക് വെറുമൊരു കൂട്ടുകാരി മാത്രമായിരുന്നില്ല….
സ്കൂൾ ബെഞ്ചിൽ തുടങ്ങി
ജീവിതത്തിന്റെ പല വഴികളിലും ഒപ്പം നടന്ന സൗഹൃദം,പരീക്ഷാ പേടികൾ, പ്രണയ രഹസ്യങ്ങൾ, വീട്ടിലെ വിഷമങ്ങൾ, വിവാഹ സ്വപ്നങ്ങൾ എല്ലാം, എല്ലാം പങ്കിട്ട ബന്ധം….
സലീനയുടെ വിവാഹശേഷം അവളെ കുറച്ചു നാൾ പിരിഞ്ഞപ്പോൾ വലിയ വേദനയായി രണ്ടുപേർക്കും.. നിയോഗം പോലെ സലീനയുടെ ഭർതൃവീടിന്റെ അയൽവീട്ടിലേക്ക് അവളും വിവാഹിതയായി കടന്നു വന്നു…
പിന്നീട് സന്തോഷത്തിന്റെ നാളുകൾ…..
താനും ഭർത്താവും എവിടെ പോകുമ്പോഴും ജമിയെയും അവൾ കൂടെകൂട്ടി …
രണ്ടുവീടുകളും ഒരു വീടുപോലെ കഴിഞ്ഞു വന്നു…
ചില സൗഹൃദങ്ങൾ അങ്ങനെയാണ്…
അവിടെ വാതിലുകൾ അടയ്ക്കാറില്ല…
സംശയങ്ങൾക്കും ഇടമുണ്ടാവില്ല….
പക്ഷെ….
മനുഷ്യബന്ധങ്ങളുടെ ഏറ്റവും വലിയ തകർച്ചകൾ സംഭവിക്കുന്നത് പലപ്പോഴും
പുറത്ത് നിന്നല്ല , അത് വിശ്വാസത്തിന്റെ അകത്തു നിന്നു തന്നെയാണ്…
ഒരുപാട് നാൾ കഴിഞ്ഞാണ് പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ ചില വാക്കുകളിൽ നിന്നും അവൾ ആ സത്യം വായിച്ചെടുത്തത്…
ജമിയോട് തന്റെ ഭർത്താവ് ലൈംഗികമായി സമീപിച്ചു എന്ന കാര്യം….
സലീനയുടെ ഞെട്ടൽ തന്റെ ഭർത്താവിന്റെ തെറ്റിൽ മാത്രം ഒതുങ്ങിയില്ല…
കാരണം ഭർത്താവിനെക്കാൾ എത്രയോ കാലം മുൻപേ കൂടെയുള്ള തന്റെ ആത്മമിത്രം, താൻ തന്നെക്കാൾ കൂടുതൽ വിശ്വസിച്ചവൾ…
തന്നോട് ഈ കാര്യം പറയാതെ മിക്കവാറും അവരുടെ രണ്ടുപേരുടെയും എല്ലാ സുഹൃത്തുക്കളുമായും ഇക്കാര്യം പങ്കു വെച്ചിരുന്നു… 😞
അത് അവളെ ആഴത്തിൽ തകർത്തു കളഞ്ഞു….
ആദ്യത്തെ മുറിവ് ഭർത്താവിനോടുള്ള വിശ്വാസത തകരുന്നു…
രണ്ടാമത്തെ മുറിവ് ആത്മ സുഹൃത്ത് തന്നോട് മറച്ചു വെച്ചത്…
മൂന്നാമത്തെ മുറിവ്… ”താൻ അറിയാതെ മറ്റുള്ളവരുടെ സംഭാഷണങ്ങളിൽ പരിഹാസമായി” ജീവിക്കാൻ കാരണമായത്….
അവൾ എന്നോട് ചോദിച്ചു…
” എല്ലാവരെക്കാളും അവസാനം മറ്റുള്ളവരിൽ നിന്നും അറിയേണ്ട ആളായിരുന്നോ അവൾക്കു ഞാൻ..”?
ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ആയിരം കൂർത്ത ചില്ലുകളായി കുത്തിക്കയറി, ഹൃദയ പാളികളിൽ നിന്നും രക്തം എന്റെ കണ്ണുകളിലൂടെ ചാലിട്ടൊഴുകി…. 😞
❤️🌿…………… ❤️🌿
ഒരു സ്ത്രീയുടെ വിവാഹജീവിതം, ആത്മാഭിമാനം, മാനസിക സമാധാനം ഇതൊന്നും ചായക്കട ചർച്ചകൾ ആവരുത്/ അതായി മാറ്റരുത്…!
പലപ്പോഴും ആളുകൾ സത്യത്തിന്റെ കൂടെ കുറേ നുണകൾ കൂടി വാരിത്തേച്ചു സോഷ്യൽ എന്റർടൈൻമെന്റ് ആക്കി മാറ്റും…
യഥാർത്ഥ സൗഹൃദം എന്നത് ഗോസിപ്പ് കൈമാറൽ അല്ല..!
ആവശ്യമുള്ള സമയത്തു ഒന്നും ഒളിക്കാതെ പറയാൻ
കഴിയുന്നതും വിധിക്കാതെ കേൾക്കാൻ കാതുകൾ കൊടുക്കുന്നതുമാണ് സുഹൃത്ത് ബന്ധം..
മിണ്ടാതിരിക്കുക എല്ലായ്പ്പോഴും നന്മയല്ല..!
തെളിവുകൾ ഇല്ലാതെ ആരുടെ പേരിലും ആരോപണം ഉന്നയിക്കരുത്.ചില സത്യങ്ങൾ ആളുകൾക്കിടയിൽ കേൾക്കുമ്പോൾ അപമാനമാണ്..
നേരിൽ പറഞ്ഞാൽ അതേ സത്യം തന്നെ സംരക്ഷണമായിത്തീരുന്നു…
ചില കാര്യങ്ങൾ കണ്ണിൽ തന്നെ നോക്കിപറയണം…
പിന്നിൽ നിന്നു സംസാരിക്കുന്നവരെക്കാൾ മുന്നിൽ നിന്നു സത്യം പറയാൻ കഴിയുന്നവരാണ് ജീവിതത്തിൽ വിശ്വസിക്കാവുന്നവർ..
അവരാണ് യഥാർത്ഥ സുഹൃത്തുക്കൾ….
❤️🌿…………
അവൾക്കാരെയും വിശ്വാസമുണ്ടായിരുന്നില്ല…അവൾക്കു സമാധാനം കണ്ടെത്തി കൊടുക്കാനുള്ളവാക്കുകൾക്ക് വേണ്ടി ഞാൻ പരതി, കുറഞ്ഞ വാക്കുകളിൽ ഞാൻ അവൾക്കു ചില നിർദ്ദേശങ്ങൾ നൽകി…
ചില ദുഃഖങ്ങൾക്ക് മരുന്ന് വാക്കുകളിലല്ല…
അപ്പോൾ ചേർത്തു പിടിക്കാനെ കഴിയൂ…🫂
ഞാൻ അവളോട് യാത്ര പറഞ്ഞു…..
അകലെ ആകാശതീരത്തു അരിച്ചെത്തുന്ന രാത്രിയുടെ ഇരുട്ട്….
യാത്ര പറയാൻ വയ്യാതെ വിതുമ്പി നിൽക്കുന്ന പകലിന്റെ തേങ്ങൽ…
മഴ പെയ്യുകയായിരുന്നു അപ്പോഴും..
ഇലത്തുമ്പുകളിൽ ഊറി നിൽക്കുന്ന മഴത്തുള്ളികളുടെ കണ്ണുകളിൽ തിളങ്ങുന്ന വിഷാദം മാത്രം… 😞
